കോഴിക്കോട്: അൽ ഖമർ നേഴ്‌സിങ് കോളേജിനെ വെള്ളപൂശി സർവകലാശാല സമിതിയുടെ റിപ്പോർട്ട്. കോളേജിനെ സംരക്ഷിച്ചുകൊണ്ടാണ് സംഭവം അന്വേഷിച്ച സർവകലാശാല സമിതി റിപ്പോർട്ട് നൽകിയത്. അശ്വതിയുടേത് ആത്മഹത്യ ശ്രമമാണെന്നും റാഗിങ് അല്ലെന്നും കോളേജിൽ റാഗിങ് നടന്നിട്ടില്ലെന്നുമാണു സമിതിയുടെ കണ്ടെത്തൽ. അതിനിടെ, സാക്ഷികൾക്കു മേൽ സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും കേസിൽ നിന്നു പിന്മാറാൻ നിർബന്ധിക്കുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

കർണാടക ഗുൽബർഗയിലെ അൽ ഖമർ നേഴ്‌സിങ് കോളേജിൽ ദളിത് വിദ്യാർത്ഥിനിയായ എടപ്പാൾ കളരിക്കൽ പറമ്പിൽ ജാനകിയുടെ മകൾ അശ്വതി(19)യെ സീനിയർ വിദ്യാർത്ഥിനികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിലാണ് സാക്ഷികൾക്കുമേൽ പ്രതികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും സമ്മർദം ശക്തമായിരിക്കുന്നത്.

കർണാടക മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ഖമറുൾ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള അൽ ഖമർ നേഴ്‌സിങ് കോളേജിനെ വെള്ളപൂശാനുള്ള ശ്രമമാണ് സർവകലാശാല സമിതി നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവം അന്വേഷിച്ച കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും നേഴ്‌സിങ് കൗൺസിലും കോളേജിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘവും അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലാണു റിപ്പോർട്ടു നൽകിയത്. റാഗിങ് സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവത്തിൽ ഉൾപ്പെട്ട നാലു സീനിയർ വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.

ഫാർമസി കോളേജ്, പോളിടെക്‌നിക് കോളേജ്, എൻജിനിയറിങ് കോളേജ്, വിവിധ സ്‌കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ മേധാവിയാണ് ഖമറുൾ ഇസ്ലാം. 2001ലാണ് മന്ത്രിയായിരിക്കെ അൽ ഖമർ നേഴ്‌സിങ് കോളേജ് തുടങ്ങുന്നത്. ബംഗളൂരുവിലെ രാജീവ് ഗാന്ധി സർവകലാശാലയിലാണു നേഴ്‌സിങ് കോളേജിന്റെ അഫിലിയേഷൻ. കർണാടകത്തിലെ കോൺഗ്രസ് സർക്കാരിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് നേഴ്‌സിങ് കോളേജിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഖമറുൾ ഇസ്ലാം നടത്തുന്നതെന്നാണു സൂചന. ഇതിനു പിന്നാലെയാണു കോളേജിൽ നടന്നതു റാഗിങ് അല്ലെന്നും ആത്മഹത്യാശ്രമമാണെന്നും കാട്ടി സമിതി റിപ്പോർട്ട് നൽകിയത്.

സാക്ഷികളെക്കൂടി സമ്മർദത്തിലാക്കി പിന്തള്ളുന്നതോടെ ഗുൽബർഗ റാഗിങ് കേസിന്റെ ഭാവി ആശങ്കയിലായിരിക്കുകയാണ്. സംഭവം പുറത്തായതോടെ സാക്ഷികളെ സ്വാധീനിക്കാനും സമ്മർദത്തിലാക്കാനുമുള്ള ഇടപെടൽ നടന്നു വരികയാണ്. അശ്വതിക്ക് ഏൽക്കേണ്ടി വന്ന കൊടിയ റാഗിംങ് അനുഭവങ്ങൾ പുറത്തു വന്നതിനു പിന്നാലെ കോളേജ് അധികൃതർ സംഭവം നിഷേധിക്കുകയും ഇത് ആത്മമഹത്യാ ശ്രമമാണെന്ന് വരുത്തിതീർക്കുകയും ചെയിതിരുന്നു. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നടക്കം സാക്ഷികളായ വിദ്യാർത്ഥികൾക്കു മേൽ കടുത്ത സമ്മർദവും ഭീഷണിയും ഉണ്ടെന്നാണ് അറിയുന്നത്. കേസ് കോടതിയിൽ എത്തുന്നതോടെ സാക്ഷികളില്ലാതെ കേസ് അട്ടിമറിക്കുകയാണ് ഇവരുടെ ലക്ഷ്യം.

മെയ് 9ന് സീനിയർ വിദ്യാർത്ഥിനികൾ ബലം പ്രയോഗിച്ച് അശ്വതിയുടെ വായയിലേക്ക് ടോയ്‌ലെറ്റ് ക്ലീനർ ഒഴിക്കുകയായിരുന്നു. തുടർന്ന് അന്നനാളം പൂർണമായും പൊള്ളിയ അശ്വതി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. അശ്വതി കോളേജിലെത്തിയ 2015 ഡിസംബർ ഒന്ന് മുതൽ മെയ് ഒമ്പത് വരെ നടന്ന വിവിധ റാഗിംങ് സംഭവങ്ങളെല്ലാം സഹ താമസക്കാരും ഹോസ്റ്റലിലെ മറ്റു വിദ്യാർത്ഥിനികളും ദൃക്‌സാക്ഷികളായിരുന്നു. എന്നാൽ കുറ്റോരോപിതരായ സീനിയർ വിദ്യാർത്ഥികൾ സംഭവം പുറത്തു പറയരുതെന്നു പറഞ്ഞ് ഇവരെ നേരത്തെ ഭീഷണിപ്പെടുത്തുകയും പിൻതിരിപ്പിക്കുകയും ചെയ്തിരുന്നു. റാഗിംങ് സംഭവങ്ങൾ പുറത്തറിയാതിരിക്കാൻ ഒന്നാം വർഷ വിദ്യാർത്ഥിനികളെ വീട്ടിലേക്ക് ഫോൺചെയ്യാനോ നാട്ടിൽ പോകാനോ അനുവദിച്ചിരുന്നില്ലെന്ന് അശ്വതിയുടെ പരാതിയിൽ തന്നെ പറയുന്നുണ്ട്. അശ്വതി മൃഗീയമായ പീഡനത്തിനിരയാവുകയും തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം നാട്ടിലേക്കു വരികയുമായിരുന്നു. ഈ സമയത്തും സംഭവം പുറത്തറിയാതിരിക്കാൻ സീനിയർ വിദ്യാർത്ഥിനികൾ പഴുതുകൾ അടച്ചിരുന്നു.

വീട്ടീലെത്തി എടപ്പാളിലെയും തൃശൂരിലെയും ചികിത്സക്കു ശേഷമായിരുന്നു അശ്വതിയുടെ റാഗിങ് വിവരം പുറത്തറിയുന്നത്. ഈ സമയം കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. സംഭവം പുറത്തറിഞ്ഞതു മുതൽ കുറ്റം ആരോപിക്കപ്പെട്ടവരെല്ലാം കേസിലെ പ്രധാന സാക്ഷികളെ പിന്തിരിപ്പിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയിരുന്നു. സാക്ഷി പറഞ്ഞാൽ തുടർന്ന് പഠിക്കാൻ പറ്റില്ലെന്നും ഭാവി ഇല്ലാതാകുമെന്നുമാണ് ഇവരെ ഭീഷണിപ്പെടുത്തിയിട്ടുള്ളത്. തിരൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയായിരുന്നു അശ്വതിയെ സംഭവം നടന്നയുടനെ ആശുപത്രിയിലേക്കെത്തിച്ചതും തുടർന്ന് നാട്ടിലേക്കു കൊണ്ടുവന്നതുമെല്ലാം. ഈ പെൺകുട്ടിയടക്കം ഏതാനും പേർ കൃത്യം നേരിൽ കണ്ടിരുന്നു. എന്നാൽ കേസിലെ മുഖ്യ സാക്ഷികളായ ഇവർ ഭീതിയിലാണ് കഴിയുന്നത്. ലക്ഷങ്ങൾ മുടക്കിയുള്ള പഠനം നിലയ്ക്കുമോ മറ്റു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമോ എന്നുള്ളതാണ് ഇവരുടെ ആശങ്ക. കാരണം അത്രമേൽ ഭീഷണി ഇവർക്കുണ്ടെന്നാണ് അറിയുന്നത്.

കേസിലെ ഒന്നാം പ്രതി ഇടുക്കി സ്വദേശിനിയായ ആതിര, രണ്ടാം പ്രതി കൊല്ലം സ്വദേശിനിയായ ലക്ഷ്മി, മൂന്നാം പ്രതി കൊല്ലം സ്വദേശിനി കൃഷ്ണപ്രിയ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥരായ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്. വിഷയം ദേശീയ ശ്രദ്ധ നേടുകയും കേന്ദ്ര സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ, കേന്ദ്ര-സംസ്ഥാന പൊലീസ്, പട്ടികജാതി ഗോത്രവർഗ കമ്മീഷൻ, ഇന്ത്യൻ നേഴ്‌സിങ് കൗൺസിൽ തുടങ്ങിയ അഥോറിറ്റികളെല്ലാം അശ്വതിയുടെ വിഷയം ശ്രദ്ധയിൽപ്പെട്ട് ഇടപെടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കർണാടകയിൽനിന്നും ഡിവൈഎസ്‌പി അടക്കമുള്ള ആറംഗ സംഘം ഇന്നലെ എത്തി അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ദളിത് വിദ്യാർത്ഥിനിയായ അശ്വതിയെ ക്രൂരമായി റാഗിംങിന് വിധേയമാക്കിയ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് സാക്ഷികൾ വേണമെന്നതാണ് നിയമ വിദഗ്ദർ പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അപൂർവം സംഭവങ്ങളിലാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ദൃക്‌സാക്ഷികൾ സാക്ഷി പറയാൻ തയ്യാറായില്ലെങ്കിൽ അത് കേസിന്റെ ഭാവിയെ ബാധിക്കുമെന്നും നിയമ വിദ്ഗ്ദർ ചൂണ്ടിക്കൂട്ടുന്നു.