പ്രധാനമന്ത്രിയെന്ന നിലയിൽ ആദ്യ മാൻഷൻ ഹൗസ് പ്രഭാഷണത്തിന് തെരേസ മെയ്‌ തയ്യാറെടുക്കുമ്പോൾ എന്തൊക്കെയാവും അവരുടെ മനസ്സിലുണ്ടാവുക? യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രെക്‌സിറ്റ് തീരുമാനവും രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടുകൂടി അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് ഡൊണാൾഡ് ട്രംപിന്റെ ഉയർച്ചയും തെരേസയുടെ വാക്കുകളെ സ്വാധീനിക്കുമെന്ന് ഉറപ്പ്. ലോകത്തെ സാധാരണക്കാർ മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ് ഈ രണ്ടുസംഭവങ്ങളുമെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും.

കുടിയേറ്റത്തിനെതിരെ പരസ്യനിലപാടുകളെടുത്ത ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനെ അപ്രതീക്ഷിതമെന്ന് കാണാനാവില്ല തെരേസ ഇഷ്ടപ്പെടുക. കുടിയേറ്റത്തെ ഓരോ ജനതയും എങ്ങനെ കാണുന്നുവെന്ന് ട്രംപിന്റെ വിജയത്തിൽനിന്ന് രാഷ്ട്രീയക്കാർ പഠിക്കണമെന്ന് തെരേസ ആഹ്വാനം ചെയ്യുമെന്നാണ് സൂചന. ജനങ്ങളുടെ മാറുന്ന ചിന്താഗതി കാണാതെ രാഷ്ട്രീയക്കാർക്ക് മുന്നോട്ടുപോകാനാവില്ലെന്ന യാഥാർഥ്യവും അവർ മാൻഷൻ ഹൗസ് പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയേക്കും.

ജനങ്ങൾ മാറ്റമാഗ്രഹിക്കുന്നു. മാറ്റം നമുക്ക് മുന്നിലുണ്ട്. ഇനി പ്രതികരിക്കേണ്ടതും പ്രവർത്തിക്കേണ്ടതും രാഷ്ട്രീയക്കാരാണെന്ന് തെരേസ മാൻഷൻ ഹൗസിലെ വി.വി.ഐ.പി ശ്രോതാക്കളോട് പറയുമെന്നാണ് സൂചന. കുടിയേറ്റം നിയന്ത്രിക്കപ്പെടേണ്ട കാര്യമാണെന്ന് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നാണ് ബ്രെക്‌സിറ്റും ട്രംപിന്റെ വിജയവും തെളിയിക്കുന്നതെന്ന് അവർ പ്രഖ്യാപിക്കും. തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതും വേതനം വെട്ടിക്കുറയ്ക്കുന്നതും എത്രനാൾ അവർ സഹിക്കുമെന്നും തെരേസ ചോദിച്ചേക്കും.

കുടിയേറ്റമുയർത്തുന്ന പ്രശ്‌നങ്ങൾ യാഥാർഥ്യമാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും സമ്മതിക്കുന്നു. എന്നാൽ, അസഹിഷ്ണുതയല്ല അതിന് പരിഹാരമെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. യൂറോപ്പിലാകമാനം കുടിയേറ്റം ഇത്രത്തോളം വലുതായതിന് പിന്നിൽ കോർപറേറ്റുകളുടെ താത്പര്യങ്ങളുണ്ട്. വേതനം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുരിച്ച് ഗൗരവത്തോടെ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.