കൊട്ടും കുരവയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ നടത്തിയ ഇന്ത്യൻ സന്ദർശനം വേണ്ടത്ര വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. അധികാരമേറ്റെടുത്തതിന് ശേഷം നിർണായകമായ വ്യാപാരക്കരാറുകളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യൂറോപ്യൻ യൂണിയന് പുറത്തേക്കുള്ള ആദ്യ സന്ദർശനത്തിനായി തെരേസ ഇന്ത്യയെ തെരഞ്ഞെടുത്തിരുന്നത്.

എന്നാൽ അത് പ്രതീക്ഷിച്ചത്ര ലക്ഷ്യം കാണാത്തതിനെ തുടർന്ന് തെരേസ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രയാരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ തെരേസയ്ക്ക് രാജകീയ സ്വീകരമാണ് ലഭിച്ചിരിക്കുന്നത്. ഈ സന്ദർശനത്തിനിടെ ഗൾഫുമായി 30 ബില്യൺ പൗണ്ടിന്റെ വ്യാപാരക്കരാറിലേർപ്പെടുകയാണ് തെരേസയുടെ ലക്ഷ്യം.

ബഹ്റൈനിൽ വച്ച് നടക്കുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ സമ്മിറ്റിൽ പങ്കെടുക്കുന്ന തെരേസ യുകെയും മിഡിൽ ഈസ്റ്റും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഇടപാടുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പ് വയ്ക്കുകയും ചെയ്യും. ഈ സമ്മിറ്റിലേക്ക് പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്ന പാശ്ചാത്യരാജ്യങ്ങളിലെ മൂന്ന് നേതാക്കളിലൊരാളും ഏക സ്ത്രീയുമാണ് തെരേസ.

ഗൾഫ് യുകെയുടെ ഏറ്റവും വലിയ നിക്ഷേപനും രണ്ടാമത്തെ നോൺ യൂറോപ്യൻ കയറ്റുമതി വിപണിയുമാണെന്ന് ഗൾഫിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തെരേസ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സന്ദർശനത്തിലൂടെ വരും വർഷങ്ങളിൽ ഗൾഫുമായുള്ള വ്യാപാരം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും തെരേസ പറയുന്നു.

സമ്മിറ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി തനിക്ക് ആറ് ഗൾഫ് രാജ്യങ്ങളുടെ നേതാക്കന്മാരുമായി ചർച്ചകൾ നടത്താൻ അവസരം ലഭിക്കുമെന്നും ഇതിലൂടെ വ്യാപാരബന്ധം, സുരക്ഷ, പ്രതിരോധം എന്നിവയിൽ സഹകരണം തുടങ്ങിയവ എങ്ങിനെ വർധിപ്പിക്കാമെന്ന് കൂടിയാലോചനകൾ നടത്താൻ സാധിക്കുമെന്നും തെരേസ വ്യക്തമാക്കിയിരുന്നു. ഈ ആറ് രാജ്യങ്ങളിലായി ബ്രിട്ടനിലെ ബിസിനസുകൾക്ക് ഊർജം മുതൽ വിദ്യാഭ്യാസം വരെയും ഇൻഫ്രാസ്ട്രക്ചർ മുതൽ ഹെൽത്ത് കെയർ വരെയുമുള്ള വൈവിധ്യമാർന്ന മേഖലകളിൽ വൻ അവസരങ്ങളാണുള്ളതെന്നാണ് തെരേസ പറയുന്നത്. യൂറോപ്യൻ യൂണിയൻ വിടുന്നതിനെ തുടർന്ന് യുകെയ്ക്ക് ഗൾഫുമായി പുതിയ വ്യാപാര കരാറുകളിൽ ഏർപ്പെടാൻ അവസരം ലഭിക്കുമെന്നും തെരേസ പറയുന്നു. ഇതിലൂടെ രാജ്യത്തിന് പുതിയ വ്യാപാര സമൃദ്ധിയുണ്ടാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു.

ഇന്നലെ തെരേസ ആരംഭിച്ച രണ്ട് ദിവസത്തെ ഗൾഫ് പര്യടനത്തിനിടെ ഡൗണിങ് സ്ട്രീറ്റ് പുതിയ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ബ്രിട്ടീഷ് ബിസിനസുകാർക്ക് സൗദി സന്ദർശിക്കാനാവും. ഇതിന് പുറമെ ദുബായിൽ നടക്കുന്ന എക്സ്പോ 2020 ൽ പങ്കെടുക്കാനും ബ്രെക്സിറ്റിനെ തുടർന്നുണ്ടാക്കുന്ന വ്യാപാരക്കരാറുകളെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനും സാധിക്കും. പുതിയ വ്യാപാര ദൗത്യത്തിലൂടെ അടുത്ത അഞ്ച് വർഷങ്ങൾക്കിടെ ബ്രിട്ടീഷ് ബിസിനസുകൾക്ക് 15 മേഖലകളിൽ 30 ബില്യൺ പൗണ്ടിന്റെ വ്യാപാര അവസരം ലഭിക്കുന്നതാണ്. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളുടെ നേതാക്കന്മാരുമായി തെരേസ ഇന്ന് ഡിന്നറിൽ പങ്കെടുക്കുന്നതാണ്. തുടർന്ന് നാളെ നടക്കുന്ന സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്യും.