ബ്രെക്സിറ്റ് പശ്ചാത്തലത്തിൽ പുതിയ വ്യാപാര ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനായി സൗദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ സന്ദർശം അവരുടെ വസ്ത്രം കൊണ്ട് ഏറെ ശ്രദ്ധേയമായി. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ നയെഫ് ബിൻ അബ്ദുൾഅസീസ് അൽ സൗദിനെ കാണാൻ പോയ തെരേസയോട് തട്ടമിടാൻ നിർബന്ധിച്ചെങ്കിലും അവർ അതിന് വഴങ്ങാതിരുന്നത് ലോക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ കഴുത്തും കൈകാലുകളും വരെ മറച്ചായിരുന്നു തെരേസ രാജകുമാരനുമായുള്ള ചർച്ചക്കെത്തിയത്. ഇത്തരത്തിൽ കടുത്ത മതനിയമങ്ങളുള്ള ഇസ്ലാമിക രാജ്യത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ ശ്രദ്ധ നേടുന്നത് വേഷവിതാനത്തിന്റെ പേരിലാണ്.

മിഷെൽ ഒബാമ, ഹില്ലാരി ക്ലിന്റൺ എന്നിവർ സൗദി സന്ദർശനത്തിനെത്തിയപ്പോൾ പാശ്ചാത്യ ശൈലിയിലുള്ള ഡാർക്ക് ട്രൗസർ സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. ഇപ്പോൾ തെരേസയും ആ പാത പിന്തുടർന്നാണ് സൗദി സന്ദർശനത്തിനെത്തിയത്. സാധാരണ ഫാഷനബിളായ മോഡേൻ വസ്ത്രങ്ങൾ ധരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന തെരേസ യാഥാസ്ഥിതിക മുസ്ലിം രാജ്യത്തെത്തുമ്പോൾ എന്തായിരിക്കും അണിയുകയെന്നതിനെ കുറിച്ച് അവരുടെ സന്ദർശനത്തിന് മുമ്പ് തന്നെ ചർച്ചകൾ കൊഴുത്തിരുന്നു. തന്റെ സന്ദർശനം ഇവിടുത്തെ സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയും തെരേസ പ്രകടിപ്പിച്ചിട്ടുണ്ട്.

സൗദി സന്ദർശിക്കുന്ന ബ്രിട്ടീഷ് സ്ത്രീകളോട് ശിരോവസ്ത്രവും പരമ്പരാഗതമായ അയവുള്ള വസ്ത്രം ധരിക്കാനാണ് ഫോറിൻ ഓഫീസ് ഉപദേശിക്കാറുള്ളത്.എന്നാൽ സൗദി സന്ദർശനത്തിനിടെ തെരേസ എന്താണ് ധരിക്കുകയെന്ന് സ്ഥിരീകരിക്കാൻ നമ്പർ 10 നേരത്തെ വിസമ്മതിക്കുകയായിരുന്നു. തന്നെ സൗദിയിലെ ആളുകൾ ഒരു വനിതാനേതാവായി കാണുമെന്നും ഒരു സ്ത്രീക്ക് ഈ തരത്തിലുള്ള ഉന്നത സ്ഥാനങ്ങളിലെത്താമെന്നത് അവിടുത്തെ സ്ത്രീകൾക്ക് പ്രചോദനമായി വർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദിയിലേക്കുള്ള വിമാനത്തിൽ വച്ച് തെരേസ പ്രതികരിച്ചിരുന്നു.

വ്യാപാരം ആയുധ വിൽപന തുടങ്ങിയ നിർണായക വിഷയങ്ങളെ പറ്റി ചർച്ച ചെയ്യാനായിരുന്നു അൽ സൗദ് രാജകുമാരനെ കാണാൻ തെരേസ റിയാദിലെ റോയൽ പാലസിലെത്തിയിരുന്നത്. സൗദിയിൽ വർധിച്ച് വരുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ സൗദി അധികാരികൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാനുള്ള സമ്മർദം തെരേസയ്ക്ക് മേൽ രൂക്ഷമായിരുന്നു. എന്നാൽ തെരേസയുടെ സന്ദർശനം വ്യാപാരത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറിച്ച ്മനുഷ്യാവകാശങ്ങളിലല്ലെന്നുമായിരുന്നു നമ്പർ 10 കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. യൂണിയനിൽ നിന്നും പുറത്ത് പോകുന്നുവെന്ന് വച്ച് ലാഭം മാത്രം ലാക്കാക്കിയുള്ള കച്ചവടമല്ല യുകെ നടത്തുകയെന്നും മറിച്ച് അത് മനുഷ്യാവകാശങ്ങൾക്കുള്ള സഹായം തുടർന്ന് കൊണ്ടായിരിക്കുമെന്നും തെരേസ സൗദിക്ക് പോകും മുമ്പ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ നാളിതുവരെ തുടർന്ന് വരുന്ന മൂല്യങ്ങളെ മറന്ന് കൊണ്ടുള്ള കച്ചവടം യൂണിയന് പുറത്തും നടത്തില്ലെന്നും അവർ ഉറപ്പേകുന്നു.