ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ സൗദി അറേബ്യയിലേക്ക് നടത്തിയ രണ്ട് ദിവസത്തെ വ്യാപാര സന്ദർശനം വൻ വിജയമായെന്നാണ് റിപ്പോർട്ട്. സൗദിയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൾഅസീസുമായി നടത്തിയ ചർച്ചകളിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കോടികളുടെ ബിസിനസ് ബ്രിട്ടന് വേണ്ടി നേടിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 1.6 ബില്യൺ പൗണ്ടിന്റെ ഷെയറുകളാണ് ലണ്ടൻ നഗരത്തിലേക്കെത്താനുള്ള സാധ്യത തെളിയുന്നത്. ഇതിന്റെ ഭാഗമായി സൗദി ആരാംകോ ലണ്ടൻ ഷെയർമാർക്കറ്റിലേക്കെത്തുകയും ചെയ്യും. ബ്രിട്ടനും സൗദി അറേബ്യയും തമ്മിൽ 13 വർഷത്തേക്കുള്ള വ്യാപാരക്കരാറിലാണ് ധാരണയായിരിക്കുന്നത്.

കടുത്ത മുസ്ലിം നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന സൗദി സന്ദർശിക്കുമ്പോൾ തെരേസ തട്ടമിടാൻ തയ്യാറാവാതിരുന്നത് വിവാദങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും വ്യാപാരക്കരാറുകൾ നേടിയെടുക്കുന്നതിനെ അത് ബാധിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ലണ്ടന് വേണ്ടിയുള്ള 1.6 ട്രില്യൺ പൗണ്ടിന്റെ കരാറിനെ പിന്തുണയ്ക്കാനായി തെരേസ സൗദി ഒഫീഷ്യലുകൾക്ക് മേൽ പ്രേരണ ചെലുത്തിയിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ എന്നിവർക്ക് നൽകിയത് പോലുള്ള ഊഷ്മളമായ സ്വീകരണമാണ് തെരേസയ്ക്ക് അബ്ദുള്ള രാജാവ് നൽകിയിരിക്കുന്നത്.

സൗദി രാജകൊട്ടാരത്തിൽ വച്ചാണ് തെരേസ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കടുത്ത സമ്മർദമുണ്ടായിരുന്നുവെങ്കിലും രാജാവിനെ കാണാൻ പോകുമ്പോൾ തെരേസ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. മറിച്ച് തന്റെ രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലുടനീളം അവർ പാശ്ചാത്യ രീതിയിലുള്ള വസ്ത്രമായയിരുന്നു ധരിച്ചത്. രാജാവുമായുള്ള ചർച്ചയെ തുടർന്ന് സൗദിയിലെ ജീവിതം ആധുനികവൽക്കരിക്കുന്നതിനും വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതുമായ ഡീലിൽ തെരേസ ഒപ്പ് വച്ചിട്ടുണ്ട്. വരാനിരിക്കുന്ന 13 വർഷങ്ങളിൽ എണ്ണ കയറ്റുമതിയെ അധികമായി ആശ്രയിക്കാതെ മുന്നോട്ട് പോകാനാണ് സൗദിയുടെ തീരുമാനം. ഇതിന് പുറമെ സ്ത്രീകളെ കൂടുതലായി തൊഴിൽ മേഖലയിലേക്ക് പ്രവേശിപ്പിക്കാൻ പ്രേരിപ്പിക്കാനും പദ്ധതിയുണ്ട്.

യെമനിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് തെരേസ രാജാവുമായി ചർച്ച നടത്തിയിരുന്നുവെന്നാണ് നമ്പർ 10 വെളിപ്പെടുത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാത്തതിന്റെ പേരിലും യെമനിലെ ക്രൂരമായ സൈനിക നടപടിയുടെ പേരിലും സൗദി അടുത്ത കാലത്ത് രൂക്ഷ വിമർശനത്തിന് വിധേയമായിരുന്നു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ എനർജി സ്ഥാപനമായ ആരാംകോ ലണ്ടനിൽ പ്രവർത്തനം ആരംഭിക്കാനുള്ള സാധ്യതയും തെരേസയുടെ സന്ദർശനത്തോടെ ഉയർന്ന് വന്നിരിക്കുകയാണ്. തന്റെ സന്ദർശനത്തിനിടെ റിയാദിലെ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുമായും തെരേസ സംവദിച്ചിരുന്നു. തുടർന്ന് സൗദി ജനറൽ സ്പോർട്സ് അഥോറിറ്റിയുടെ വൈസ് പ്രസിഡന്റായ പ്രിൻസസ് റീമയെയും തെരേസ സന്ദർശിച്ചിരുന്നു.