യുകെയെ നിർണായകമായ ബ്രെക്‌സിറ്റ് ചർച്ചകളിലേക്ക് കഴിയുന്നതും വേഗത്തിൽ നയിക്കാനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മെയ്‌ പ്രഖ്യാപിച്ചു. ജൂൺ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ തന്റെ കോൺസർവേറ്റീവ് പാർട്ടിക്ക് ഒറ്റയ്ക്ക് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് മുഖം രക്ഷിക്കാനായി തെരേസ ഈ കടുംകൈയ്ക്ക് ഒരുങ്ങുന്നത്. നോർത്തേൺ അയർലണ്ടിലെ കത്തോലിക്കാ വിരുദ്ധ പാർട്ടിയാണ് ഡിയുപി. എന്നാൽ ഈ തീവ്ര വലതുപക്ഷ പാർട്ടിയുമായി ചേർന്ന് തെരേസയ്ക്ക് എത്ര നാൾ മുന്നോട്ട് പോകാൻ സാധിക്കുമെന്ന ചോദ്യം അതിനിടെ ശക്തമായി ഉയരുന്നുമുണ്ട്.

കേവല ഭൂരിപക്ഷത്തിന് എട്ട് സീറ്റുകളുടെ കുറവുണ്ടെങ്കിലും തന്റെ പാർട്ടിക്ക് മാത്രമാണ് ഗവൺമെന്റ് രൂപീകരിക്കാനുള്ള നിയമപരമായ അവകാശമെന്ന് ബക്കിംഹാം പാലസ് സന്ദർശത്തിന് ശേഷം തെരേസ പ്രസ്താവിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ചുരുങ്ങിയ ഭൂരിപക്ഷത്തിനായി 326 സീറ്റുകളെങ്കിലും നേടിയിരിക്കണം. എന്നാൽ ടോറികൾക്ക് ഇപ്രാവശ്യം വെറും 318 സീറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇത് നികത്താനാണ് 10 സീറ്റുകൾ നേടിയിരിക്കുന്ന ഡിയുപിയെ കൂട്ട് പിടിച്ച് സർക്കാർ രൂപീകരിക്കാൻ തെരേസ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച സ്ഥിരീകരണം ബക്കിങ്ഹാം പാലസിന് പുറത്ത് വച്ച് തെരേസ നടത്തുകയും ചെയ്തിട്ടുണ്ട്.

ഈ നിർണായക ഘട്ടത്തിൽ രാജ്യത്തിന് സ്ഥിരതയുള്ളൊരു ഭരണവും വേണ്ട രീതിയിൽ ബ്രെക്‌സിറ്റ് നടപ്പാക്കാനുമാണ് താൻ ഗവൺമെന്റ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങുന്നതെന്നും തെരേസ പറയുന്നു. ഡിയുപിയുമായി ടോറികൾക്ക് വളരെക്കാലത്തെ ശക്തമായ ബന്ധമാണുള്ളതെന്നും തെരേസ പറയുന്നു. എന്നാൽ തങ്ങളാണ് യഥാർത്ഥ ജേതാക്കളെന്ന് അവകാശപ്പെട്ട് ലേബർ പാർട്ടി മുന്നോട്ട് വന്നിട്ടുണ്ട്. ഡിയുപിയുമായി സർക്കാർ രൂപീകരിക്കുന്നതിലൂടെ തെരേസ നാണം കെട്ട പ്രവർത്തിയാണ് ചെയ്യുന്നതെന്നാണ് ലിബറൽ ഡെമോക്രാറ്റുകൾ പ്രതികരിച്ചിരിക്കുന്നത്.

ടോറികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്ന കാര്യം തെരേസ തന്നോട് ചർച്ച ചെയ്തിട്ടുണ്ടെന്ന് കാര്യം ഡിയുപി നേതാവ് ആർലെനെ ഫോസ്റ്ററും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ തങ്ങൾ ഇരുവരും ചേർന്ന് ഗവൺമെന്റ് രൂപീകരിച്ചാൽ അതിലൂടെ രാജ്യത്തിന് എത്രമാത്രം സ്ഥിരതയേകാമെന്ന് ഇനിയും ചർച്ച ചെയ്യാനിരിക്കുന്നുവെന്നും ഫോസ്റ്റർ പ്രതികരിച്ചു. തങ്ങൾ എപ്പോഴും നോർത്തേൺ അയർലണ്ടിന്റെയും അവിടുട്ടെ ജനതയുടെയും താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെങ്കിലും യുകെയുടെ താൽപര്യങ്ങളെ ഹൃദയത്തിലേറ്റിയ പാർട്ടിയാണ് ഡിയുപിയെന്നും ഫോസ്റ്റർ അവകാശപ്പെടുന്നു.

യുണൈറ്റഡ് കിങ്ഡം എന്ന സങ്കൽപത്തെ പൂർണമായും പിന്തുണയ്ക്കുന്നതും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നതും സാമൂഹികമായി കൺസർവേറ്റീവ് മനോഭാവം പുലർത്തുന്നതുമായ പാർട്ടിയാണ്. സ്വവർഗവിവാഹം, അബോർഷൻ , തുടങ്ങിയ കാര്യങ്ങളെ ശക്തമായി എതിർക്കുന്ന പാർട്ടിയുമാണ് ഡിയുപി. 1971ൽ ലാൻ പൈസ്ലെ യാണീ പാർട്ടി രൂപീകരിച്ചത്. നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ പാർട്ടിയുമാണിത്. യുകെയിലെ ഹൗസ് ഓഫ് കോമൺസിൽ പാർട്ടിക്ക് അഞ്ചാം സ്ഥാനമാണുള്ളത്. നോർത്തേൺ അയർലണ്ട് അസംബ്ലിയിൽ ഇത് ഏറ്റവും വലിയ പാർട്ടിയാണ്.

എന്നാൽ ഇത്തരത്തിൽ ഒരു ന്യൂനപക്ഷ ഗവൺമെന്റ് രൂപീകരിക്കാനുള്ള തെരേസയുടെ നീക്കത്തെ അധിക്ഷേപിച്ച് ലേബർ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ താൽപര്യത്തെ പ്രതിനിധീകരിക്കുന്ന ഒരു സർക്കാരിനായി തെരേസ വഴിമാറിക്കൊടുക്കണമെന്നാണ് കോർബിൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ സീറ്റ് നേടിയ ലേബർ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ എസ്എൻപി, ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, പ്ലെയ്ഡ് കൈമ്രു തുടങ്ങിയവയെല്ലാം ലേബറുമായി ചേർന്നാലും അവർക്ക് 314 സീറ്റുകളേയുണ്ടാവുകയുള്ളൂ. അതായത് ചുരുങ്ങിയ ഭൂരിപക്ഷമായ 316 സീറ്റുകളിലേക്ക് പിന്നെയും 12 സീറ്റ് കുറവായിരിക്കും.