ശുന്യാകാശ ശാസ്ത്രത്തിലെ വനിതാ സാന്നിധ്യത്തെ കുറിച്ച് ചോദിച്ചാൽ ശരാശരി ഇന്ത്യാക്കാരൻ എന്തുത്തരം പറയും? ഉത്തരം താഴെ പറയുന്നതാകുമെന്ന് നൂറുതരം ഉറപ്പ്

നാസ് സ്‌പേസ് ഷട്ടിൽ 'കൊളംബിയ' ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ ഭൗമോപരിതലത്തിൽവച്ച് തകർന്ന് ഇന്ത്യൻ വംശജയടക്കം കൽപ്പനാ ചൗള ഉൾപ്പെടെ ഏഴ് ബഹിരാകാശയാത്രികർ കൊല്ലപ്പെട്ടു. ഒപ്പം സുനിതാ വില്ല്യംസിന്റെ ബഹിരാകാശ യാത്രയും.

ബഹിരാകാശ ദൗത്യമെന്നത് ആണുങ്ങളുടെ കുത്തകയാണെന്ന വിശ്വാസവും തെറ്റിച്ചാണ് കൽപ്പനാ ചൗള യാത്ര തുടങ്ങിയത്. മടക്കയാത്ര ദുരന്തമായത് വിങ്ങലോടെയാണ് ഇന്ത്യ ഏറ്റെടുത്തത്. പിന്നീട് സുനിതാ വില്ല്യംസിന്റെ യാത്രയും വരവും നമ്മൾ ആഘോഷമാക്കി. അമേരിക്കൻ ഏജൻസിയായ നാസയുടെ പദ്ധതികളിലായിരുന്നു ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സാന്നിധ്യമുണ്ടായത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ ആൺ പെരുമയാണ് എന്നും. അതിന് മംഗൾയാനോടെ മാറ്റം വരുന്നു എന്നാണ് സൂചന.

മംഗൾയാൻ വിജയ ദിവസം ഐഎസ്ആർഒയുടെ ബാഗ്ലൂരിലെ ആസ്ഥാനത്ത് പ്രധാനമന്ത്രി മോദിയെത്തി. ചരിത്ര മുഹൂർത്തം ദൂരദർശനിലൂടെ രാജ്യം തൽസമയവും വീക്ഷിച്ചു. അപ്പോഴെല്ലാം പതിവില്ലാത്ത ഒന്ന് ഇസ്രോയിൽ കണ്ടു. വനിതകളുടെ സാന്നിധ്യം. ആകാംഷയോടെ മംഗൾയാന്റെ വിജയത്തിനായി പ്രാർത്ഥിച്ച് ക്ഷമയോടെ കാത്തിരുന്നവരിൽ സ്ത്രീകളും ഏറെ. ബഹിരാകാശ പരീക്ഷണങ്ങളിൽ സ്ത്രീകളും സജീവമാണെന്ന് തെളിയിക്കുന്ന കൺട്രോൾ റൂമായിരുന്നു ഇസ്രോയിലേത്. മംഗൾയാന്റെ വിജയ ശേഷം വനിതാ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വിജയം അവരും ആഘോഷിച്ചു. കാലത്തിനൊപ്പം കോലം മാറാൻ ഇസ്രോയും തയ്യാർ.

വനിതാ സംവരണമൊന്നും ശാസ്ത്ര ലോകത്ത് സാധ്യമല്ല. എന്നാൽ മിടുക്കുള്ള യുവതികളെ ശാസ്ത്ര ഗവേഷണത്തിന്റെ ഭാഗമാക്കാൻ തന്നെയാണ് ഇസ്രോയുടെ തീരുമാനം. ഇസ്രോയുടെ തലപ്പത്ത് സ്ത്രീ സാന്നിധ്യമുണ്ടാകണമെന്ന ലക്ഷ്യത്തോടെ തന്നെ നീങ്ങും. പ്രധാനപ്പെട്ട ദൗത്യങ്ങളുടെ ചുമതല സ്ത്രീകളെ ഏൽപ്പിച്ച് അവർക്ക് വിശ്വാസം പകർന്ന് നൽകാനാണ് ഇസ്രോ ആഗ്രഹിക്കുന്നത്. പതുക്കെ പതുക്കെയുള്ള നീക്കം ഫലം കാണുന്നുവെന്ന് തന്നെ പറയാം.

ഇസ്രോയുടെ ജീവനക്കാരുടെ കണക്കിലും മാറ്രം ക്രടമാണ്. ആകെ 14,246 പേരാണ് ഇന്ത്യയുടെ ബഹിരാകാശ പഠന ഏജൻസിയുടെ ജീവനക്കാർ. ഇതിൽ ഇരുപത് ശതമാനം സ്ത്രീ ജീവനക്കാരാണ്. ഇതിൽ പത്ത് ശതമാനം, അതാതയത് 1654 പേർ എഞ്ചിനിയറിങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ 525 വനിതകളുണ്ട്. വരും വർഷങ്ങളിൽ ഈ തോത് ഉയർത്താനാണ് തീരുമാനം അമേരിക്കൻ ഏജൻസിയായ നാസയിലെ എഞ്ചിനിയർമാരിൽ 20 ശതമാനവും സ്ത്രീകളാണ്.

ഇസ്രോയിലെ പെൺ പെരുമ തുടങ്ങുന്നത് 2011ലാണ്. ജിസാറ്റ് 12 എന്ന കമ്മ്യൂണിക്കേഷൻ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചുമത വനിതകൾക്ക് നൽകി. ടി.കെ. അനുരാധയായിരുന്നു പ്രോജക്ട് ഡയറക്ടർ. മിഷൻ ഡയറക്ടർ പ്രമോദ ഹെഗ്‌ഡെ, ഓപ്പറേഷൻസ് ഡയറക്ടർ അനുരാധാ പ്രകാശം. സുഖപ്രസവം പോലൊരു അനുഭവമെന്നായിരുന്നു ജി-സാറ്റ് വിക്ഷേപണമെന്നായിരുന്നു ദൗത്യ വിജയത്തിന് ശേഷം അനുരാധയുടെ പ്രതികരണം. തുടർന്ന് എൻ. വളർമതിയുടെ നേതൃത്വത്തിൽ റിസാറ്റ് 1 ഇന്ത്യ വിക്ഷേപിച്ചു.

അഗ്നി 5 ന്റെ പ്രോജക്ട് ഡയറക്ടർ മലയാളിയുടെ സ്വന്തം ടെസി തോമസ്. ഇന്ത്യൻ മിസൈൽ വുമൺ എന്ന വിളിപ്പേരും ടെസിക്ക് കിട്ടിക്കഴിഞ്ഞു. ഐഎസ്ആർഒയ്ക്ക് കീഴിലല്ല ടെസി ജോലിയെടുക്കുന്നത്. പ്രതിരോധ ഗവേഷണ വകുപ്പിനൊപ്പമുള്ള ടെസിയുടെ നേട്ടങ്ങൾ ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന് സ്ത്രീകളിലുള്ള വിശ്വാസം കൂട്ടുന്നു. ഇതു തന്നെയാണ് മംഗൾയാന്റെ കൺട്രോൾ റൂമിലെ സജീവ സ്ത്രീ സാന്നിധ്യത്തിനും വഴിയൊരുക്കുന്നത്.

ഇസ്രോയിലെ ഗവേഷണ ജോലിക്കിടയിൽ പുരുഷനാര് സ്ത്രീയാരെന്ന് ചന്തിക്കാൻ പോലുമാകില്ലെന്നാണ് മംഗൾയാൻ ദൗത്യത്തിലെ പ്രധാന സ്ത്രീ സാന്നിധ്യമായ മിനാൽ സമ്പത്തിന്റെ അഭിപ്രായം. ചന്ദ്ര-ചൊവ്വാ-സൂര്യ ദൗത്യങ്ങൾക്കാണ് ഇസ്രോ തയ്യാറെടുക്കുന്നത്. കൂടുതൽ വനിതാ പ്രാതിനിധ്യം ഈ പദ്ധതികളിലുറപ്പാക്കി ലിംഗ വ്യത്യാസത്തിനപ്പുറമുള്ള ബഹിരാകാശ ശാസ്ത്ര സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം.