- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിച്ച് സംഘടനാ നേതാക്കൾ; കടുത്ത വി എസ് അനുകൂലികൾക്ക് ഇപ്പോഴും പിണറായിയോട് താൽപ്പര്യമില്ലെന്ന് ആക്ഷേപം; സീറ്റിട്ടും ഇരിക്കാൻ എത്താത്ത നേതാക്കളെ എകെജി സെന്ററിൽ വരുത്തി ശാസിച്ച് നേതൃത്വം; തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സംഘടനയെ നേർവഴിക്ക് നയിക്കാൻ സിപിഎം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് അനുകൂല സംഘടനയായ തിടമ്പിൽ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ കലാപം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുവിതാംകൂർ എംപ്ലോയിസ് കോൺഫഡറേഷന്റെ സാംസ്‌കാരിക സംഘടനയാണ് തിടമ്പ്. തിടമ്പിന്റെ പരിപാടിക്കാണ് മുഖ്യമന്ത്രി എത്തിയത്. എന്നാൽ നേതാക്കൾ എത്തിയതുമില്ല. ഈ വിഷയത്തിൽ സിപിഎം അന്വേഷണം തുടങ്ങി. നേതാക്കളെ എകെജി സെന്ററിൽ വിളിച്ചു വരുത്തി ശാസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയും വിഷയത്തിൽ ഇടെപടൽ നടത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പനാണ് സംഘടനാ നേതാക്കളെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചത്. കോൺഫഡറേഷൻ പ്രസിഡന്റ് സിഎൻ രാമനും ജനറൽ സെക്രട്ടറി വാസുദേവൻ നമ്പൂതിരിയുമാണ് മുഖ്യമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇതോടെ ഇവരെ മാറ്റാൻ ദേവസ്വം ബോർഡിലെ സിപിഎം അനുകൂലികൾ നീക്കം തുടങ്ങി. കുറേ കാലമായി ഇവർ സംഘടനാ തെരഞ്ഞെടുപ്പ് പോലും നടത്തിയില്ലെന്നതാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് സിപിഎം നേരിട്ട് ഇടപെടുന്നത്. സിപിഎം താൽപ്പര്യങ്ങൾ മാത്രമേ കോൺഫഡറേഷനിൽ നടപ്പാക്കാവൂ എന്നും നേതാക്കളോട് ആനാവൂർ നിർദ്ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രസിഡന്റിന് സീറ്റുണ്ടായിരുന്നു. നോട്ടീസിൽ പേരും വച്ചു. എന്നിട്ടും വരാത്തത് ഗൗരവമുള്ള കാര്യമായാണ് സിപിഎം കാണുന്നത്. എന്നാൽ സംഘടനയിലെ മറ്റ് പ്രവർത്തകർ എല്ലാം തിടമ്പിന്റെ പരിപാടിക്ക് എത്തുകയും ചെയ്തു. കോൺഫഡറേഷന് കീഴിലെ തിടമ്പിനെ ചിലർ കൈയടക്കി വച്ചിരിക്കുകയാണെന്നും തങ്ങളെ പരിപാടി അറിയിച്ചില്ലെന്നുമാണ് ആനാവൂർ നാഗപ്പനോട് സംഘടനാ നേതാക്കൾ പറഞ്ഞത്. ഇത് ഒട്ടും സ്വീകാര്യമല്ലെന്ന് ആനാവൂരും അറിയിച്ചു. മുഖ്യമന്ത്രി എത്തുമെന്ന് അറിഞ്ഞ സാഹചര്യത്തിൽ ഇടതു പക്ഷത്തെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കണമെന്നായിരുന്നു ആനാവൂരിന്റെ നിലപാട്.
അതിവേഗം സംസ്ഥാന സമ്മേളനം വിളിക്കാനും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും നിർദ്ദേശിക്കുകയും ചെയ്തു. തിരുവിതാംകൂർ എംപ്ലോയിസ് കോൺഫഡറേഷന്റെ സാംസ്‌കാരിക സംഘടനയായ തിടമ്പിൽ ജീവനക്കാർക്കൊപ്പം വിരമിച്ചവരും അംഗങ്ങളാണ്. അങ്ങനെയാണ് തിടമ്പിന്റെ നിയമാവലി. ഈ സംഘടനയാണ് മുഖ്യമന്ത്രിയെ കൊണ്ടു വന്ന് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ നിന്നാണ് കോൺഫഡറേഷൻ പ്രസിഡന്റ് സിഎൻ രാമനും ജനറൽ സെക്രട്ടറി വാസുദേവൻ നമ്പൂതിരിയും വിട്ടു നിന്നത്.
ഇരുവരും മുമ്പ് വി എസ് അച്യുതാനന്ദന്റെ അടുത്ത അനുയായികളായിരുന്നു. വിഎസിനോടുള്ള പഴയ താൽപ്പര്യമാണ് പിണറായിയെ ബഹിഷ്‌കരിക്കാൻ കാരണമെന്നാണ് മറുവിഭാഗം ഉയർത്തുന്നത്. അതുകൊണ്ട് കൂടിയാണ് അതിവേഗം സിപിഎം നേതൃത്വം ഇടപെടുന്നത്. സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തിയ സിപിഎം ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവരെ സംഘടനാ ചുമതലകൾ ഏൽപ്പിക്കാനാണ് നീക്കം. ഈ പ്രക്രിയയ്ക്ക് സിപിഎം തന്നെ മേൽനോട്ടം കൊടുക്കുകയും ചെയ്യും.
തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടന തിടമ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ വിതരണം ചെയ്യാനാണ് മുഖ്യമന്ത്രി ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തുന്നത്. മലയാളത്തിലെ ഏറ്റവും ജനകീയ കവികളിൽ ഒരാളായ ഒ എൻ വിയുടെ പേരിലുള്ള പുരസ്‌കാരം ഈ തലമുറയിലെ ജനകീയ കവി വി മധുസൂദനൻനായർക്ക് പിണറായി സമ്മാനിച്ചു. രോഗാതുരമായ സമൂഹത്തെ നവീകരിക്കുന്നതിൽ പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ പേരിലുള്ള പുരസ്‌കാരം രോഗാതുരരായ നിരവധി ആളുകളെ ജീവിതത്തിലേക്ക് നയിച്ച എം എസ് വല്യത്താനാണ് നൽകിയത്.
സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക് ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ പറഞ്ഞിരുന്നു. എല്ലാ സംസ്‌കാരങ്ങളും നിലനിന്നത് അതിന്റെ ബഹുമുഖ സ്വഭാവംകൊണ്ടാണ്. ഇത് മനസ്സിൽവച്ചാകണം സാംസ്‌കാരികരംഗത്തെ കർത്തവ്യങ്ങൾ ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൈതൃകങ്ങളെ ഉപാസിക്കുന്ന കവിയായാണ് മധുസൂദനൻനായരെ കേരള സമൂഹം വിലയിരുത്തുക. എന്നാൽ, അത് കേവലം ഏകതാനമായ ഒന്നിലേക്ക് ചുരുങ്ങുന്നില്ല. പൈതൃകങ്ങളെ ആദർശവൽക്കരിക്കാതെ ചരിത്രവൽക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. മന്നത്തിന്റെ നിലപാടുകളോട് യോജിപ്പും വിയോജിപ്പുമുണ്ട്. വിമോചന സമരകാലത്ത് അദ്ദേഹം സ്വീകരിച്ച നിലപാടിനോട് യോജിപ്പില്ല. എന്നാൽ, ആധുനിക കേരളത്തിന്റെ നിർമ്മിതിയിൽ അദ്ദേഹം വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ആരോഗ്യരംഗത്തുണ്ടായ മുന്നേറ്റങ്ങൾക്ക് വല്യത്താൻ നൽകിയ പങ്ക് വളരെ വലുതാണ്. തദ്ദേശീയമായി ഹൃദയവാൽവുകൾ വികസിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയതായും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഒ എൻ വി പുരസ്‌കാരം കവി വി മധുസൂദനൻനായരും മന്നത്ത് പത്മനാഭൻ സ്മാരക കീർത്തിമുദ്ര പുരസ്‌കാരം ഡോ. എം എസ് വല്യത്താനുവേണ്ടി നൂറനാട് രാമചന്ദ്രനും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ഷാജി എൻ കരുൺ, ജി സുന്ദരേശൻ, ജി ബസന്ത് കുമാർ, ജി ഉണ്ണിക്കൃഷ്ണൻനായർ, സുമേഷ് കൃഷ്ണൻ, ആർ ഷാജി ശർമ, അനു നാരായണൻ എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ