- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി വീടുകളിലെത്തി ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷ്ടിക്കും; പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിച്ച് മോഷണം; ഇടക്കിടെ മൊബൈൽ നമ്പർമാറ്റി പൊലീസിനെ വെട്ടിക്കും; നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾ റഷീദ് പിടിയിൽ
മലപ്പുറം: അർധരാത്രി വീടുകളിലെത്തി ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷ്ടിച്ച് തുടക്കം കുറിച്ചു. പിന്നീട് പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിക്കുകയും രാത്രി കാലങ്ങളിൽ അവിടെ എത്തി മോഷണം നടത്തുന്നത് വ്യാപകമായി. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിട്ട് അടിക്കടി മൊബൈൽ നമ്പർ മാറ്റു. നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾ റഷീദ് പിടിയിൽ
മലപ്പുറം അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുൾ റഷീദ് (47) നെയാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് പുലർച്ചെ മഞ്ചേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളുവമ്പ്രത്തെ പെട്രോൾ പമ്പിൽ നിന്നും കഴിഞ്ഞ ഒന്നാം തിയ്യതി രാത്രി അഞ്ച് ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിന്റെ അന്വേഷണവേളയിലാണ് പ്രതി പിടിയിലാകുന്നത്.
കഴിഞ്ഞ ജൂൺ അഞ്ചിന് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു സ്കൂട്ടർ മോഷ്ടിച്ച് അതിൽ കറങ്ങി നടന്ന് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിക്കുകയും രാത്രി കാലങ്ങളിൽ അവിടെ എത്തി മോഷണം നടത്തുകയും ചെയ്യുകയാണ് പ്രതിയുടെ രീതി.
വള്ളുവമ്പ്രത്ത് കഴിഞ്ഞ ജൂലൈ ഒന്നാം തിയ്യതി രാത്രിയോടെ എത്തിയ പ്രതി സമീപത്ത് റൂമിൽ ഉറങ്ങുകയായിരുന്ന ജീവനക്കാർ അഥവാ ശബ്ദം കേട്ടാലും പുറത്തിറങ്ങാതിരിക്കാൻ വാതിൽ പുറത്തുനിന്നും പൂട്ടിയ ശേഷം പെട്രോൾ പമ്പ് ഓഫീസിന്റെ ഗ്ലാസ് വാതിൽ തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ഈ കേസിന്റെ അന്വേഷണ വേളയിൽ വെള്ളാട്ടുചോല അബ്ദുൾ റഷീദാണ് കേസിലെ പ്രതിയെന്നും മുക്കത്ത് നിന്നും മോഷ്ടിച്ച സ്കൂട്ടറിലാണ് ഇയാളുടെ സഞ്ചാരമെന്നതും സംബന്ധിച്ച സൂചനകൾ ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെ മഞ്ചേരിയിൽ നിന്നും സംശയാസ്പദമായ നിലയിൽ കാണപ്പെട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഊട്ടിയിലാണ് ഇയാളുടെ ഭാര്യ വീട്. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈൽ നമ്പർ മാറ്റുക പതിവായിരുന്നു. ജില്ലക്കകത്തും പുറത്തുമായി നൂറിലധികം കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷണം നടത്തിവരികയായിരുന്നു ഇയാളുടെ പതിവ് രീതി. പെട്രോൾ പമ്പ് കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്ക് പിന്നീട് ചുവട് മാറ്റുകയായിരുന്നു. കഴിഞ്ഞ മുപ്പതിലേറെ വർഷമായി ഇയാൾ മോഷണ രംഗത്തുണ്ട്.
മഞ്ചേരി, കരുവാരക്കുണ്ട്, മുക്കം പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകൾക്ക് പിന്നിലും ഇയാളാണെന്ന് അറിവായിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്ഐ-മാരായ ആർ. രാജേന്ദ്രൻ നായർ, എം. സുരേഷ് കുമാർ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ അനീഷ് ചാക്കോ, മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, ദിനേശ് ഇരുപ്പക്കണ്ടൻ, തൗഫീഖുള്ള മുബാറക്ക്, മുനീർ ബാബു, പി. ഹരിലാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടെ കേസന്വേഷണം നടത്തുന്നത്.