ചങ്ങനാശേരി: മാല മോഷണത്തിനിടെ എഴുപത്തേഴുകാരിയായ വീട്ടമ്മയുടെ കറിക്കത്തി കൊണ്ടുള്ള വെട്ടേറ്റ മോഷ്ടാവിനെ പൊലീസ് പിടികൂടി. തെങ്ങണ സ്വദേശി ജോഷി (46) ആണ് പിടിയിലായത്. നഗരത്തിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞതാണ് പികൂടൽ എളുപ്പമാക്കിയത്.

വീടിനുള്ളിൽ കടന്നു മാല പൊട്ടിച്ച് ബൈക്കിൽ കയറിയ മോഷ്ടാവിനെ വീട്ടമ്മ പിന്തുടർന്നെത്തി കൈക്ക് വെട്ടുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം. കുറുമ്പനാടം ചൂരനോലിൽ തിനപ്പറമ്പിൽ അന്നാമ്മയുടെ അഞ്ചരപ്പവന്റെ സ്വർണമാലയാണ് അപഹരിച്ചത്.

വാതിൽ അടച്ചിട്ടു വീടിനുള്ളിലിരുന്നു കപ്പ പൊളിക്കുകയായിരുന്നു അന്നാമ്മ. വീട്ടുമുറ്റത്തു ബൈക്ക് നിർത്തുന്ന ശബ്ദം കേട്ട് ആരാണെന്നറിയാനായി വാതിൽ തുറന്നു. ഹെൽമറ്റ് ധരിച്ച കള്ളൻ പെട്ടെന്നു വീടിനുള്ളിലേക്കു കയറി അന്നാമ്മയെ സോഫയിലേക്കു തള്ളിയിട്ടശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു. തുടർന്നു മുറ്റത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകാൻ ശ്രമിച്ചു. എന്നാൽ പിന്നാലെ ഓടിയെത്തിയ അന്നാമ്മ അന്നാമ്മ ഇയാളുടെ ഇടതുകയ്യിൽ കറിക്കത്തികൊണ്ടു രണ്ടുതവണ വെട്ടി.

മൽസ്യവിൽപനയ്‌ക്കെത്തിയ മറ്റൊരു സ്ത്രീ ബഹളം കേട്ട് ഓടിയെത്തിയെങ്കിലും മോഷ്ടാവ് ബൈക്ക് ഓടിച്ചു രക്ഷപ്പെട്ടിരുന്നു. നിലവിളി കേട്ടു കൂടുതൽ ആളുകൾ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

കയ്യിലെ മുറിവ് ആഴത്തിലുള്ളതായതിനാൽ മോഷ്ടാവിനു മറ്റാരുടെയെങ്കിലും സഹായമില്ലാതെ അധികം ദൂരേക്കു പോകാൻ കഴിയില്ലെന്ന നിഗമനത്തിൽ സമീപത്തുള്ള ആശുപത്രികളിലും വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.