മലപ്പുറം: ബൈക്കിൽ കറങ്ങി നടന്ന് പ്രായമായ സ്ത്രീകളുടെ മാല കവരുന്നയാൾ പൊലീസ് പിടിയിലായതോടെ തുമ്പുണ്ടായത് 65 കേസുകൾക്ക്. മഞ്ചേരി പാപ്പിനിപ്പാറ തോട്ടുങ്ങൽ മൊടത്തീരി ഫിറോസി(37)നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ വിലാസം ചോദിച്ചോ നിലത്ത് വീണ സാധനം എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പിന്നീട് ഈ സ്ത്രീകളുടെ മാലപൊട്ടിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. ആളൊഴിഞ്ഞ വീട്ടിൽ കയറിയും സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളും പ്രതി ചെയ്തതായി പൊലീസ് പറഞ്ഞു.

ബൈക്കിനെ കുറിച്ചുള്ള വിവരങ്ങളോ മോഷ്ടാവിന്റെ രൂപമോ തിരിച്ചറിയും മുമ്പ് മുങ്ങുന്നതാണ് പ്രതിയുടെ രീതി. പ്രായമായ ആളുകളെയാണ് മോഷ്ടാവ് ലക്ഷ്യം വച്ചിരുന്നത്. പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് പ്രായമായവരെ പിന്തുടർന്ന് മോഷണം നടത്തിയിരുന്നത്. വിദേശത്തായിരുന്ന പ്രതി ഒന്നര വർഷം മുമ്പ് നാട്ടിലെത്തിയാണ് കവർച്ച തുടങ്ങിയത്. കവർച്ച ആസൂത്രണം ചെയ്തിരുന്നതും നടപ്പാക്കിയതുമെല്ലാം ഫിറോസ് ഒറ്റയ്ക്ക് തന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2011ൽ ബൈക്കിൽ കറങ്ങി മാലപൊട്ടിച്ചതിന് പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റു ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജില്ലാ പൊലീസ് മേധാവി പെരിന്തൽമണ്ണ ഡി.വൈ.എസ്‌പിയുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. തുടർന്ന് ഇത്തരത്തിൽ കവർച്ച നടത്തുന്ന നിരവധി പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫിറോസ് പൊലീസിന്റെ നിരീക്ഷണത്തിലായതും പിന്നീട്
പിടിയിലാകുന്നതും. ഫിറോസ് പിടിയിലായതോടെ വിവിധ സ്റ്റേഷനുകളിലെ 65ഓളം കേസുകൾക്കാണ് തുമ്പുണ്ടായത്.

ഒറ്റയ്ക്ക് വീടിനു പുറത്ത് നിൽക്കുന്നവരെയോ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ നടന്നു പോകുന്നവരെയോ ആണ് ലക്ഷ്യമിട്ടിരുന്നത്. ബൈക്കിലെത്തുന്ന മോഷണങ്ങളെല്ലാം നടത്തിയത് ഹെൽമെറ്റ് വച്ചായിരുന്നു. ഏതെങ്കിലും വിലാസം ചോദിക്കുകയോ വെള്ളം ചോദിക്കുകയോ ചെയ്യും അടുത്തെത്തിയോ വെള്ളമെടുക്കാൻ വീട്ടിൽ കയറുമ്പോഴോ പിന്നാലെയെത്തി മാലപൊട്ടിക്കും. വിദേശത്ത് നിന്നും ബന്ധുക്കൾ കൊടുത്തയച്ച പണമോ സാധനങ്ങളോ ആണെന്നു പറഞ്ഞ് കൈയിൽ ഒരു പൊതിയെടുക്കും. സ്ത്രീകൾ അടുത്തെത്തുമ്പോൾ ഇവരുടെ മാല കവർച്ച നടത്തുന്ന രീതിയും സ്ഥിരമായി പ്രതി പരീക്ഷിച്ചിരുന്നു.

വഴിയിൽ വെച്ച് താക്കോൽ കളഞ്ഞു പോയിയെന്നു പറഞ്ഞ് സഹായം ചോദിച്ച് അടുത്തെത്തും. ചിലപ്പോൾ എന്തെങ്കിലും രേഖകളെന്ന് തോന്നിപ്പിക്കുന്ന കടലാസുകളോ ബിസ്‌കറ്റ് കവറോ, ഹെൽമെറ്റോ മനഃപൂർവം റോഡിലേക്കിടും. അത് എടുക്കാനെന്ന വ്യാജേന ഒരു കാലിൽ ബൈക്ക് താങ്ങി നിൽക്കും. ഈ സമയം സഹായിക്കാൻ അടുത്തെത്തുന്ന സ്ത്രീകളുടെ മാല കവർന്ന സംഭവങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡി..വൈ.എസ്‌പി എംപി മോഹനചന്ദ്രൻ, സി.ഐ ടി.എസ് ബിനു, പെരിന്തൽമണ്ണ ടൗൺ ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്ക് സഹിതം പ്രതിയെ പിടിച്ചത്.