നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണത്തെപ്പറ്റി കൂടുതൽ വ്യക്തത ലഭിക്കുവെന്നും പൊലീസ്
വ്യക്തമാക്കി.

അതേസമയം മോഷ്ടാവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന സിസിടിവി ദൃശ്യം സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫി (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ 4നും 5നും ഇടയിലാണു സംഭവം.ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം മകൾക്കു നൽകാനായി കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചതറിഞ്ഞാണു ജോസഫ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിൽ സൂക്ഷിച്ചിരുന്ന 6,000 രൂപയും ഫ്രിജിൽ സൂക്ഷിച്ചിരുന്ന മാംസവുമാണു മോഷണം പോയത്.ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട ശേഷമാണ് സമീപത്ത് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കവർച്ചയ്ക്കിടെ ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. പിന്തുടരുന്നതിനിടെ രാജേന്ദ്രനും ജോസഫും തമ്മിൽ മൽപിടിത്തമുണ്ടായി. രാജേന്ദ്രന്റെ കവിളിൽ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് രക്ഷപ്പെടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ ജോസഫിനൊപ്പം മറ്റൊരു യുവാവുമുണ്ടായിരുന്നെന്നും ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പരിസരവാസികൾ പറയുന്നു.

ജോസഫിനെ 200 മീറ്റർ മാറി മറ്റൊരു വീടിന്റെ പരിസരത്താണു പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികളായ 7 പേരുടെ മൊഴി പൊലീസ് ശേഖരിച്ചു. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി അറിയിച്ചു. എസ്എച്ച്ഒമാരായ ഫിലിപ് സാം, ബി.എസ്.ബിനു എന്നിവർ സ്ഥലത്തെത്തി.