പെരുമ്പാവൂർ: കേരളത്തിൽ അങ്ങോളമിങ്ങോളം വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾക്ക് വേണ്ടി പൊലീസ് തലങ്ങും വിലങ്ങും പായകുയാണ്. തൃപ്പൂണിത്തുറയിലെ മോഷണത്തിൽ പിടിയിലായ ബംഗ്ലാദേശ് സ്വദേശികളായ മോഷ്ടാക്കൾ കേരളാ പൊലീസിനെ ശരിക്കും ഞെട്ടിച്ചിരുന്നു. ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും പ്രതികളെ പിടിച്ച് നാട്ടിലെത്തിച്ചതിന് പിന്നാലെ പെരുമ്പാവൂരിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേർ അവിചാരിതമായി പിടിയിലായി.

രണ്ട് പേർ ബൈക്കിൽ യാത്ര ചെയ്യവേ ഒരുകൂട്ടം ചില്ലറപ്പൊതികൾ താഴെ വീണതോടയാണ് മോഷ്ടാക്കൾ വലയിലാകുന്നത്. എടുത്തുനൽകാനെത്തിയ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് ആയുധങ്ങളും പൂട്ട് പൊളിക്കുന്നതിനുള്ള ഇരുമ്പ് ദണ്ഡുകളുമായിരുന്നു. ചോദ്യം ചെയ്തപ്പോൾ തമിഴ്‌നാട്ടുകാരാണെന്നും ഇവർക്ക് മോഷണവുമായി ബന്ധമുണ്ടെന്ന സംശയവും തോന്നി. പിന്നെ നടന്നത് ഇടിയുടെയും അടിയുടെയും പെരുന്നാൾ. നാട്ടുകാർ ശരിക്കും കൈകാര്യം ചെയ്ത ശേഷം ഒടുവിൽ പൊലീസിനെ വിളിച്ചുവരുത്തി ഇരുവരെയും കൈമാറി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലാവർ മോഷ്ടാക്കളെന്നും മനസിലായി ഇതോടെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഓടയ്ക്കാലി കുന്നത്താൻ പ്ലൈവുഡ് കമ്പിനിക്ക് സമീപത്തായിരുന്നു സംഭവം. അപ്പാച്ചേ ബൈക്കിൽ ഇതുവഴിയെത്തിയ തമിഴ്‌നാട് സ്വദേശികളായ ശ്യം,യേശുദാസ് എന്നിവരാണ് നാട്ടുകാരുടെ പിടിയിലായത്. ഇവർ മോഷ്ടാക്കളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ തെളിവെടുപ്പുകൾ നടത്തി വരികയാണെന്നും കുറുപ്പംപടി സി ഐ അറിയിച്ചു.

മുറിവുകളും ചതവുകളും മൂലം അവശരായ നിലയിലാണ് നാട്ടുകാർ ഇരുവരെയും പൊലീസിന് കൈമാറിയതെന്നാണ് ലഭ്യമായ വിവരം.കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് കൂട്ടം കൂടിയവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തായ വിവരം.ബൈക്കും ആയുധങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ഇരുവരെയും സംഭവസ്ഥത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി വരികയാണ്. വൈകുന്നേരത്തോടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഇരുവരും പൊലീസ് പിടിയിലായതോടെ ഓടയ്ക്കാലിക്ക് സമീപം നൂലേലി ഭാഗത്ത് താമസിച്ചിരുന്ന ഏതാനും തമിഴരെ കാണാനില്ലെന്നുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്.