ചെങ്ങന്നൂർ: മാതാവിനോടൊപ്പം കിടപ്പുമുറിയിലെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി രണ്ടര പവൻ തൂക്കം വരുന്ന മാലയും ,അരഞ്ഞാണവും അപഹരിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ചെറിയനാട് കൊല്ലകടവ് തടത്തിൽ വീട്ടിൽ അനീഷിന്റെ ഒന്നര വയസ്സുള്ള, മകൻ അമാനെയാണ് ഉറക്കത്തിൽ നിന്നും കട്ടിലിൽ നിന്നും എടുത്തു കൊണ്ടുപോയത്.

തോരാതെ പെയ്തിരുന്ന ശക്തമായ മഴയുള്ള ചൊവ്വാഴ്ച പുലർച്ചെ3 നും 3.30 നും ഇടയിലാണ് സംഭവം നടന്നതായി കരുതുന്നത്. പിതാവ് അനീഷ് സൗദി അറേബ്യയിലാണ് ജോലി. മാതാവ് അൻസീനയോടൊപ്പം കിടപ്പുമുറിയിൽ കട്ടിലിൽ കിടത്തിയുറക്കിയിരിക്കുകയായിരുന്നു. സാധാരണ പോലെ മുറിയിൽ ലെറ്റ് തെളിച്ചാണ് കിടന്നിരുന്നത്. വെളുപ്പിനു തന്റെ കഴുത്തിൽ ആരോ കുത്തിപ്പിടിക്കുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് അൻസീന എഴുന്നേറ്റപ്പോൾ തന്റെ കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണ മാല പൊട്ടിച്ചെടുക്കുന്ന കൈകളിലാണ് പിടി കിട്ടിയത്.

ഉച്ചത്തിൽ ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് മാലയുടെ ഭാഗങ്ങൾ. കട്ടിലിൽ ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. എന്നാൽ ലൈറ്റ് ഓഫ് ചെയ്തിരുന്നതിനാൽ ഇരുട്ടിൽ ആളെ കാണുവാൻ കഴിഞ്ഞില്ല. പിന്നീട് എഴുനേറ്റ്‌ലൈറ്റിട്ടു നോക്കുമ്പോളാണ് കുഞ്ഞിനെ കാണാനില്ല എന്നറിയുന്നത്. ബഹളം കൂട്ടിയതിനെ തുടർന്ന് വീട്ടുകാരെല്ലാം ഉണർന്നു.ഭർതൃമാതാവ് നിസീമയും, ഭർതൃസഹോദരൻ അൻസാരിയും നിലവിളിച്ചുകൊണ്ട് റോഡിലേക്കോടി. വിവരമറിഞ്ഞ അയൽവാസികളും നാട്ടുകാരും കുട്ടിയെ തിരയാൻ തുടങ്ങി.

ഇതിനിടയിൽ 500 മീറ്റർ ദൂരെ മാറി കൊല്ലകടവ് ഗവ.മുഹമ്മദൻസ് ഹൈസ്‌ക്കൂളിന്റെ മുൻവശത്തെ റോഡിന്റെ വശത്ത് തറയോടു പാകിയ ഭാഗത്ത് നിന്നും ഒരു കുട്ടിയുടെ കരച്ചിൽ കേട്ട് പുഴയ്ക്കൽ കിഴക്കേതിൽ വീട്ടിൽ ഷൈനി എടുത്തു കൊണ്ടുവരുകയായിരുന്നു. കട്ടിലിൽ നിന്നും എടുക്കുന്ന സമയത്ത്, പുതപ്പും ഷാളും, ഉണ്ടായിരുന്നു. ഇതിൽ പുതപ്പ് കുട്ടി നിന്നിരുന്ന സ്ഥലത്തിനു സമീപത്തു നിന്നും, ഷാൾ മണ്ണെണ്ണ പുരട്ടിയ നിലയിൽ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. വീടിനോടു ചേർന്നാണ് ഇവരുടെ കിണർ സ്ഥിതി ചെയ്യുന്നത്. കിണറ്റിന്റെ മുകളിൽ കയറി നിന്നാൽ പുരയുടെ മുകളിൽ കയറിപ്പറ്റാവുന്ന നിലയിലാണ്.

മുകളിലത്തെ നിലയിൽ മുറികൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇഷ്ടിക യുപയോഗിച്ച് ഭിത്തികൾ കെട്ടിയിട്ടുണ്ട്. ഒന്നാം നിലയുടെ മുകളിൽ റൂഫിങ് ഇട്ടിട്ടുണ്ട്. കെട്ടിയ ഭിത്തിയും, റൂഫിംഗുമായി ചേർത്തിട്ടില്ല. ഇതിനാൽ ഇവ തമ്മിൽ നല്ല അകലമുണ്ട്. ഇതിലുടെ ഒരാൾക്ക് മുറിക്കുള്ളിൽ കയറിപ്പറ്റുവാൻ കഴിയും.ഇങ്ങനെയാകാം ഉള്ളിൽ എത്തപ്പെട്ടതെന്ന് കരുതുന്നു. വാതിൽ തുറന്നിട്ടിരുന്നതിനാൽ, മുകളിലത്തെ വഴിയാണ് മോഷ്ടാവ് ഉപയോഗിച്ചതായി അനുമാനിക്കുവാൻ കാരണം. അടുക്കള വാതിലും തുറന്നു കിടന്നിരുന്നു. തെളിവ് നശിപ്പിക്കാനായി മുറിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അടുക്കളയിൽ ആകമാനം തളിക്കുകയും, ബാക്കിയുള്ളവ മുറ്റത്ത് ഉപേക്ഷിച്ചിരുന്നതായും കാണപ്പെട്ടു.
കുട്ടിയുടെ കയ്യിലെ വളകളും, കാൽത്തളയും സ്വർണ്ണമായിരുന്നെങ്കിലും അവ നഷ്ടപ്പെട്ടില്ല.

ആലപ്പുഴയിൽ നിന്നും, ഫിംഗർപ്രിന്റ്, സയന്റിഫിക് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായ വിനോദ്കുമാർ, രാമചന്ദ്രൻ ,സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ടെറസ്സിലെ കമ്പികളിൽ നിന്നും വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. അൻസീനയുടെ മാല അപഹരിക്കുവാൻ ശ്രമിക്കുന്നതിനു മുമ്പായി തന്നെ കുട്ടിയെ അവിടെ നിന്നും കടത്തിയിരുന്നു. ഇതിനാൽ സംഘത്തിൽ ഒന്നിലധികം പേരുണ്ടാകുവാനുള്ള സാധ്യതകളാണ് പൊലീസ് കണക്കാക്കുന്നത്, കഴിഞ്ഞ ദിവസം ആലക്കോട്ടുള്ള ഒരു വീട്ടിൽ മോഷണശ്രമം നടത്തിയിരുന്നു. ചെങ്ങന്നൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ, എം.ദിലീപ് ഖാൻ ,വെൺമണി എസ്.ഐ.കെ.കെ.ജോസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ മാരംഭിച്ചു.