തൃശ്ശൂർ: പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് 96 ലക്ഷം കവർന്ന കേസിൽ കൊടുവള്ളി പൊലീസ് ഗ്യാങിലെ പ്രധാനി അറസ്റ്റിലായി. കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ പേരുകളിൽ അറിയപ്പെടുന്ന റിതേഷ് (32) ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് 22ന് പുലർച്ചെ കുട്ടനെല്ലൂരിൽ വെച്ചുണ്ടായ കവർച്ചാ കേസിലാണ് ഇയാൾ അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറി, പൊലീസെന്ന് പറഞ്ഞ് തടഞ്ഞ് പണം കവരുകയായിരുന്നു. ഇലക്ഷൻ അർജന്റ് എന്ന ബോർഡ് വച്ച് ഇന്നോവ കാറിൽ വന്ന സംഘം ലോറി തടഞ്ഞു.

ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇരുവരേയും ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. കുറച്ചു ദൂരം പോയശേഷം തിരികെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിട്ടു. ഇതിനിടെ കവർച്ചാ സംഘത്തിലെ മറ്റുള്ളവർ ലോറിയിൽനിന്ന് പണം കവരുകയായിരുന്നു. പിന്നീട് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർച്ച ചെയ്തതൈന്ന് അറിഞ്ഞത്. തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ റിതേഷ് പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി കുഴൽപ്പണ കവർച്ച കേസുകളിൽ പ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വയനാട് ജില്ലയിലെ ഒളിത്താവളത്തിൽനിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. കവര്‌ഴച്ച സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും, ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറും പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു.

കവർച്ച ചെയ്ത പണംകണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ ഇതുവരെയായി അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസിപി എം കെ ഗോപാലകൃഷ്ണൻ, ഒല്ലൂർ എസിപി സേതു, ഒല്ലൂർ എസ്ഐ അനുദാസ്, ഷാഡോ പൊലീസ് എസ്ഐ ടി ആർ ഗ്ലാഡ്സ്റ്റൺ, എഎസ്‌ഐ പി രാഗേഷ്, സിസിപിഒ ടി വി ജീവൻ, സിപിഒ എം എസ് ലിഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.