- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം അയർക്കുന്നത്തെ വീട്ടിൽ വീട്ടമ്മയെ കെട്ടിയിട്ടു തോക്കു ചൂണ്ടി കവർന്നത് അഞ്ചു ലക്ഷത്തിന്റെ സ്വർണം; ജീവൻ രക്ഷപെട്ടത് ഭാഗ്യമെന്നു നാട്ടുകാർ; ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ അക്രമി എത്തിയത് കോവിഡ് പരിശോധനക്കെന്ന പേരിലെത്തി; മോഷ്ടാവിനെ തേടിയുള്ള പൊലീസ് അന്വേഷണം തീർത്തും നിഷ്ക്രിയമെന്ന് ആരോപണം
കോട്ടയം: കുടിക്കാൻ വെള്ളം ചോദിച്ചെത്തിയവൻ 15 പവൻ സ്വർണവുമായി കടന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ കോട്ടയം അയർക്കുന്നം ചേന്നമറ്റം പുത്തൻപുരക്കൽ വീട്ടിലാണ് സംഭവം. വീട്ടമ്മയായ ലിസമ്മ ജോസാണ് അക്രമിയുടെ തോക്കു ചൂണ്ടിയുള്ള ഭീക്ഷണിക്കും കവർച്ചക്കും ഇരയായത്. മൂന്നു മക്കളും വിദേശത്തുള്ള കുടുംബത്തിൽ കാര്യമായ തോതിൽ പണവും സ്വർണവും കാണുമെന്ന അക്രമിയുടെ നിഗമനമാണ് കവർച്ചക്ക് കാരണമെന്നു പൊലീസ് സംശയിക്കുന്നു. ലോക്കറിൽ നിന്നെടുത്തു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ട്ടാവ് സ്വന്തമാക്കിയത് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. നിലവിലെ വിപണി വിലയിൽ 5 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണിത്. സ്വർണം വീട്ടിൽ ഉള്ള കാര്യം അറിയുന്ന വീടുമായി ബന്ധം ഉള്ള ആരോ ആണ് കവർച്ചക്ക് പിന്നിലെന്നും സംശയിക്കുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഡോഗ് സ്ക്വഡ് ഉൾപ്പെടയുള്ള സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തു എത്തിയെങ്കിലും അക്രമിയെ സംബന്ധിച്ച് പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പ്രദേശത്തു കാര്യമായ വിധം സിസി ടിവികൾ ഇല്ലെന്നതും പൊലീസിനെ പ്രയാസപ്പെടുത്തുന്നു. റിട്ട അദ്ധ്യാപകൻ കൂടിയായ ജോസ് സ്വകാര്യ ആവശ്യത്തിന് ചങ്ങനാശേരിയിൽ പോയ സമയത്താണ് സംഭവം നടക്കുന്നത് .
വീട്ടിൽ മറ്റാരും ഇല്ലെന്നു മനസിലാക്കിയാണ് അക്രമി എത്തിയതെന്നും സംശയിക്കപ്പെടുന്നു. ഒറ്റപ്പെട്ട പ്രദേശം ആയതിനാൽ ആരുടേയും ശ്രദ്ധ ഉണ്ടാകില്ലെന്ന ആനുകൂല്യവും അക്രമി മുതലാക്കിയിരിക്കാം. വീട്ടിൽ എത്തിയ ആൾ കോവിഡ് സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞതോടെ വീട്ടിൽ ഭർത്താവ് ഇല്ലെന്നു ലിസമ്മ പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും മടങ്ങിയ അക്രമി അൽപ സമയം മതിലിനു സമീപം മറഞ്ഞു നിന്ന ശേഷം വീട്ടിൽ വീണ്ടും എത്തുക ആയിരുന്നു എന്നാണ് പൊലീസ് നിഗമനം. മടങ്ങി വന്ന അക്രമി അടുത്തുള്ള കടയൊന്നും തുറന്നിട്ടില്ലെന്നും കുടിക്കാൻ വെള്ളം വേണമെന്നും പറയുക ആയിരുന്നു. വെള്ളമെടുക്കാൻ ലിസമ്മ അകത്തു കടന്നപ്പോൾ പിന്നാലെ എത്തിയ അക്രമി ബലപ്രയോഗം നടത്തി ലിസമ്മയുടെ വായിൽ തുണി തിരുകുകയും കൈകൾ കൂട്ടിക്കെട്ടി അലമാരയുടെയും വീടിന്റെ താക്കോലുകൾ കൈവശപ്പെടുത്തുക ആയിരുന്നു. വീട്ടിലെ പല അലമാരകൾ തുറന്നു പരിശോധിച്ച അക്രമി സ്വർണം കണ്ടെത്തുന്നതിൽ വിജയിക്കുകയും ചെയ്തു. തുടർന്ന് ലിസാമ്മയെ അകത്തിട്ടു വീട് പുറത്തു നിന്നും പൂട്ടിയാണ് അക്രമി സ്ഥലം വിട്ടത് . സംഭവത്തെ തുടർന്ന് ലിസാമ്മയെ ചെർപ്പുങ്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വൈദ്യ സഹായം നൽകിയിരുന്നു .
അരമണിക്കൂറിനു ശേഷം ജനൽ വഴി ബഹളം വച്ചാണ് ലിസമ്മ വിവരം മറ്റുള്ളവരെ അറിയിച്ചതെന്നും പൊലീസ് പറയുന്നു . ഇവരുടെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ബന്ധുക്കളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയാണ് പ്രാഥമിക സഹായം നൽകിയതെന്നും പറയപ്പെടുന്നു . ബന്ധുകൂടിയായ അന്നമ്മയാണ് പുറത്തു നിന്നും വാതിൽ കുറ്റി തുറന്നു അകത്തു കടന്നത്. മാസ്ക് ധരിച്ചു എത്തിയ അക്രമിയുടെ മുഖം കണ്ടാൽ തിരിച്ചറിയില്ല എന്നതും പൊലീസ് അംനൗഷണത്തിൽ തടസമായി മാറിയേക്കും . കഴുത്തിൽ കിടന്ന ആറുപവൻ തൂക്കമുള്ള മാലയും അലമാരയിൽ ഉണ്ടായിരുന്ന ഒൻപതു പവൻ സ്വർണവുമാണ് നഷ്ടമായത് . തോക്കു ചൂണ്ടിയാണ് അക്രമി ഭീക്ഷണിപ്പെടുത്തിയത് എന്ന് ലിസമ്മ പറയുമ്പോൾ കളിത്തോക്കാകാനാണ് സാധ്യതയെന്നു പറഞ്ഞു നിസാരവൽക്കരിക്കാനാണ് പൊലീസിന്റെ ശ്രമം . മുറ്റത്തു കിടന്ന കാറിന്റെ താക്കോലും അക്രമി ആവശ്യപ്പെട്ടെങ്കിലും താക്കോൽ എവിടെയെന്നു അറിയില്ലെന്നു പറഞ്ഞതോടെ അത് കണ്ടുപിടിക്കാനുള്ള ശ്രമം അക്രമി നടത്തിയില്ലെന്നാണ് കരുതപ്പെടുന്നത് . അലമാരയിൽ ലോക്കറിൽ സൂക്ഷിച്ച നിലയിൽ ഉള്ള ആഭരണങ്ങൾ അതേപടി അക്രമി കൈക്കലാക്കുക ആയിരുന്നു .
അതിനിടെ കഴിഞ്ഞ 16 മാസത്തിനിടെ സമാനമായ തരത്തിൽ യുകെ മലയാളികളുടെ മാതാപിതാക്കൾ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത് . ആദ്യ രണ്ടു സംഭവങ്ങളിൽ മാതാപിതാക്കളെ നഷ്ടമായ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ കോട്ടയത്തെ അക്രമത്തിൽ ഭാഗ്യത്തിനാണ് ലിസമ്മയുടെ ജീവൻ രക്ഷപ്പെട്ടത് . മുൻപ് നടന്ന രണ്ടു സംഭവങ്ങളും തൃശൂർ ജില്ലയിലാണ് അരങ്ങേറിയത് . ലണ്ടൻ മലയാളികളുടെ പിതാവ് മനോഹരൻ 2019 ഒക്ടോബർ 14 നു പെട്രോൾ പമ്പു അടച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് കൊല്ലപ്പെട്ടത് . ധാരാളം പണം കയ്യിൽ കാണുമെന്നു കരുതി യുവാക്കളായ മൂന്നു പേർ ചേർന്നാണ് മനോഹരനെ കൊലപ്പെടുത്തിയത് . ഈ കേസിൽ അതിവേഗം പൊലീസ് കൊലയാളികളെ കണ്ടെത്തിയിരുന്നു .
എന്നാൽ തൊട്ടു പിന്നാലെ കൃത്യം ഒരു മാസം തികയുമ്പോഴേക്കും നവമ്ബറിൽ ഇരിഞ്ഞാലക്കുടക്ക് അടുത്ത് കോമ്പാറയിൽ കൂനൻ വീട്ടിൽ ആലീസാണു കൊല്ലപ്പെട്ടത് . കേംബ്രിജ്ഷറിൽ താമസിക്കുന്ന അന്തോനീസിന്റെ അമ്മയാണ് ആലീസ് . ഈ കേസിൽ പൊലീസ് ഒരു വര്ഷം അംനൗഷണം നടത്തിയെങ്കിലും ഒരെത്തും പിടിയും കിട്ടാതെ കഴിഞ്ഞ മാസമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് . അതും കുടുംബം നിരവധി തവണ പരാതിയുമായി അലഞ്ഞതിനു ശേഷം മാത്രം . അഞ്ചു ജില്ലകൾ കേന്ദ്രീകരിച്ചു 40 പേരടങ്ങുന്ന പൊലീസ് സംഘം നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തും പത്തു ലക്ഷം ഫോൺ കോളുകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധന നടത്തി ക്രിയാത്മക ഇടപെടൽ നടത്തിയിട്ടും കൊലപാതകി ഇരുളിൽ തന്നെയാണ് .
വിദേശ മലയാളികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ചുള്ള അക്രമവും കൊലപാതകവും അടിക്കടി അരങ്ങേറുമ്പോഴും പൊലീസ് നിഷ്ക്രിയമാകുന്നത് അസ്വസ്ത്ഥമാക്കുന്നത് ലോകമെങ്ങുമുള്ള പ്രവാസികളെയാണ് . ഇക്കാര്യം ലോക് കേരള സഭയുടെ വേദികളിൽ അടക്കം ചർച്ച ചെയ്യപ്പെട്ടിട്ടും എങ്ങനെ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധ ദമ്പതികൾക്ക് സംരക്ഷണം ഒരുക്കാം എന്ന കാര്യത്തിൽ കേരള പൊലീസിന് കാര്യമായി ഒന്നും പറയാനില്ല എന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ