കൊച്ചി: പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞ് സിനിമാ സ്റ്റൈലിൽ സ്വർണ്ണവും പണം കവർന്ന കേസിൽ നാല് പേർ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ്. ഇതോടെ കവർച്ചക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് പെരുമ്പാവൂർ പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദിഖിന്റെ വീട്ടിൽ മോഷണം നടന്നത്. മമ്മൂട്ടിയുടെ സിനിമയായി കളിക്കളത്തിലെ കഥാപാത്രത്തെ മാതൃകയാക്കിയായിരുന്നു കവർച്ച. ഉച്ചക്ക് ഒന്നേമുക്കാലോടെ ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം, തങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട് പരിശോധിക്കുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന 60 പവൻ സ്വർണ്ണവും 25,000 രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.

വിജിലൻസ് എന്ന വ്യാജേന കവർച്ചാ സംഘം വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ രഹനെയും, സ്‌കൂൾ വിദ്യാര്ഥിയായ മകൾ സുഹാനയുമാണ് വീട്ടിലുണ്ടായിരുന്നത്. പരാതി കിട്ടിയതിനെത്തുടർന്നാണ് പരിശോധനയ്ക്ക് വന്നത്് എന്നായിരുന്നു രഹനയോട് കവർച്ചാ സംഘക്കാർ പറഞ്ഞിരുന്നത്. വീട്ടിലെത്തിയ ഉടൻ തന്നെ മൊബൈൽഫോണുകളും, വാഹനങ്ങളുടെ താക്കോലും അവർ കൈക്കലാക്കിയിരുന്നു.

അപ്പോഴെക്കും പള്ളിയിൽ പോയിരുന്ന സിദ്ദിഖ് വീട്ടിലേക്ക് തിരിച്ചെത്തി. മറ്റുള്ളവർക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സംഘത്തിന്റെ ഇടപെടലുകൾ എന്നു സിദ്ദിഖ് പറഞ്ഞു. ഒപ്പം തന്നെ സിദ്ദിഖിന് അറിയാവുന്ന ചില പൊലീസുകാരുെട പേരുകൾ കൂടി പറഞ്ഞതോടു കൂടി കൂടുതൽ വിശ്വാസ്യതയായെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

എട്ടംഘ സംഘത്തിൽ നാല്.പേരാണ് വീടിന്റെ അകത്തു കയറിയത്. വണ്ടിയുടെ ഡ്രൈവർ വാഹനത്തിൽ തന്നെയായിരുന്നു ഇരുന്നത്. വിസിറ്റിങ് റൂമിൽ സംഘത്തിലെ ഒരാൾ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ മറ്റുള്ളവർ വീടിന്റെ ആകത്ത് പരിശോധന നടത്തുകയും ചെയ്തു. പരിശോധനക്ക് ശേഷം ഒരാൾ ഒരു ബാഗുമായി വീടിന് പുറകു വശത്തുകൂടി പുറത്തിറങ്ങി. ഒപ്പം ബാക്കി ഉള്ളവർ തങ്ങൾക്കു ലഭിച്ച വിവരം വ്യാജമാണെന്നപറഞ്ഞു പുറത്തേക്കിറങ്ങാനൊരുങ്ങി. വീട്ടിൽ നിന്നും പരിശോധനകൾ കിടയിൽ യാതൊരു വിവരവും ലഭിച്ചില്ലെന്നും ബുദ്ധിമുട്ട് ഉണ്ടാക്കിയത്തിൽ ക്ഷമിക്കമെന്നും പറഞ്ഞു സംഘത്തിലുള്ളവർ വന്ന വാഹനത്തിൽ കയറി സ്ഥലം വിട്ടു.

തുടർന്നു വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും, പണവും മോഷ്ടിച്ചു എന്നുള്ള സത്യം സിദ്ധിഖും വീട്ടുകാരും അറിയുന്നത്. സിദ്ദിഖിന്റെ പരാതിയെത്തുടർന്ന് റൂറൽ എസ് പി പിഎൻ ഉണ്ണിരാജൻ, പെരുമ്പാവൂർ ഡി വൈ എസ് പി കെ എസ് സുദർശനൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തിയിരുന്നു.

ഗൃഹനാഥൻ സിദ്ദിഖിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നാലു പേരെ പിടികൂടുകയായിരുന്നു. രണ്ടു പേരെ പെരുമ്പാവൂരിൽ നിന്നും ഒരാളെ മലപ്പുറത്തു നിന്നും നാലാമനെ പാലക്കാടു നിന്നുമാണ് പിടികൂടിയത്. ഇവരിൽ ഒരാൾ തീവ്രവാദക്കേസിൽ പ്രതിയും തടിയന്റവിട നസീറിന്റെ കൂട്ടാളിയുമാണെന്നാണ് പൊലീസിൽ നിന്നും ലഭിച്ച അനൗദ്യോഗിക വിവരം. അതിനാൽ സ്വർണ്ണക്കവർച്ചക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. പിടിയിലായ നാലു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.