- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി മുട്ടിവിളിക്കും, വാതിൽ തുറക്കുമ്പോൾ തലയ്ക്കടിച്ചു വീഴ്ത്തും; കവർച്ചയ്ക്കു ശേഷം മലമൂത്രവിസർജനം; 15 പേരെ ആക്രമിച്ച് കവർച്ച നടത്തിയത് തിരുട്ടുഗ്രാമക്കാരെന്ന് പൊലീസ്; മോഷ്ടാക്കളിലൊരാൾ കിണറ്റിൽ വീണു പിടിയിലായി
കോതമംഗലം: കോട്ടപ്പടിയിൽ അഞ്ചു വീടുകളിൽ ഒറ്റ രാത്രി നടന്ന കവർച്ചയ്ക്ക് പിന്നിൽ ആളെക്കൊല്ലാനും മടിയില്ലാത്ത തമിഴ്‌നാട് തിരുട്ടുഗ്രാമവാസികളെന്ന് സൂചന. ഇതോടെ നാട്ടുകാർ ഭീതിയിലായി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോട്ടപ്പടിയിൽ അഞ്ചുവീടുകളിൽ നടന്ന കവർച്ചകളിൽ തമിഴ്‌നാട് സംഘത്തിന്റെ ഇടപെടൽ പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ക
കോതമംഗലം: കോട്ടപ്പടിയിൽ അഞ്ചു വീടുകളിൽ ഒറ്റ രാത്രി നടന്ന കവർച്ചയ്ക്ക് പിന്നിൽ ആളെക്കൊല്ലാനും മടിയില്ലാത്ത തമിഴ്‌നാട് തിരുട്ടുഗ്രാമവാസികളെന്ന് സൂചന. ഇതോടെ നാട്ടുകാർ ഭീതിയിലായി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോട്ടപ്പടിയിൽ അഞ്ചുവീടുകളിൽ നടന്ന കവർച്ചകളിൽ തമിഴ്‌നാട് സംഘത്തിന്റെ ഇടപെടൽ പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. കാൽകോടിയിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഏല്ലാവീടുകളുടെയും മുൻ വാതിൽ കുത്തിത്തുറന്നായിരുന്നു കവർച്ച.
ഏതാനും വർഷം മുമ്പ് സമീപപ്രദേശങ്ങളായ പൈങ്ങോട്ടൂർ, ചാത്തമറ്റം മേഖലകളിലെ വീടുകളിൽ തമിഴ്‌സംഘങ്ങൾ വ്യാപകമായി കവർച്ചനടത്തിയിരുന്നു. മുൻവശത്തെ വാതിലുകളിൽ മുട്ടിവിളിക്കുകയും വാതിൽ തുറന്ന് പുറത്തുവരുന്ന വീട്ടുകാരെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തുകയുമായിരുന്നു ഇവരുടെ രീതി. കവർച്ച നടത്താനെത്തുന്ന വീടുകളുടെ സമീപത്തുനിന്നും ലഭിക്കുന്ന ആയുധങ്ങളും മരക്കമ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു അന്ന് തമിഴ്‌നാട് സ്വദേശികൾ വീട്ടുകാരെ ആക്രമിച്ചിരുന്നത്. സ്വകാര്യവ്യക്തിയുടെ കിണറ്റിൽ അകപ്പെട്ട നിലയിൽ കവർച്ചാസംഘത്തിലെ യുവാവ്് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായതോടെയാണ് ഒരുമാസത്തോളം നീണ്ടുനിന്ന കവർച്ചാപരമ്പരക്ക് വിരാമമായത്.
ഇതിനകം വയോധികരും സ്ത്രീകളും ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ദേഹമാസകലം എണ്ണ തേച്ച് മുഖംമൂടിയണിഞ്ഞ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയിരുന്ന കവർച്ചക്കാരെക്കുറിച്ച് ഓർക്കുമ്പോൾ ഇവിടത്തുകാർക്ക് ഇപ്പോഴും നെഞ്ചിടിപ്പ് വിട്ടുമാറിയിട്ടില്ല. കോട്ടപ്പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ കവർച്ചകൾ നടത്തിയിട്ടുള്ളത് തിരുട്ടുസംഘത്തിൽപ്പെട്ടവരാണെന്നുള്ള പൊലീസ് വെളിപ്പെടുത്തൽ മലയോരമേഖലയിലാകെ ഭീതിപരത്തിയിട്ടുണ്ട്. വലിയപാരപോലെയുള്ള ആയുധം ഉപയോഗിച്ചാണ് വീടുകളുടെ വാതിൽ പൂട്ടുകൾ തകർത്തിട്ടുള്ളതെന്നാണ് പൊലീസ് അനുമാനം. നാലുവീടുകളുടെ മുൻവാതിലുകളും ഒരുവീടിന്റെ പിൻവാതിലുമാണ് തകർത്തിട്ടുള്ളത്.
കോട്ടപ്പടി, കൊള്ളിപ്പറമ്പ് പാറ, പാറശാലിപ്പാറ ഭാഗങ്ങളിലെ വീടുകളിലാണ് കവർച്ച നടന്നത്. ആനക്കര ഏൽദോസിന്റെ വീട്ടിൽനിന്നും 16000 രൂപയും കാഞ്ഞിരത്തുങ്കൽ തമ്പിയുടെ വീട്ടിൽ നിന്നും 10000 രൂപയും കവർച്ചചെയ്തിട്ടുണ്ട്. ആളില്ലാത്ത വീടുകളിലായിരുന്നു ഇക്കുറി തമിഴ്‌സംഘങ്ങൾ അഴിഞ്ഞാടിയത്. കവർച്ചക്കെത്തുന്ന വീടുകളിലെ ഭക്ഷണം അകത്താക്കിയശേഷം ഇവിടെത്തന്നെ മല-മൂത്ര വിസർജ്ജനം ചെയ്യുന്ന തിരുട്ടുഗ്രാമവാസികളുടെ രീതി ഇവിടെയും ആവർത്തിച്ചിട്ടുണ്ട്. സംഭവത്തേത്തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ആക്രി സാധനങ്ങൾ പെറുക്കാൻ നടക്കുന്നവരിലൊരു വിഭാഗം തമിഴ്‌നാട്ടുകാരാണ് കവർച്ചക്ക് പറ്റിയ വീടുകളെക്കുറിച്ച് കവർച്ചാസംഘങ്ങൾക്ക് വിവരം നൽകുന്നത്. രാത്രി ഏഴുമണി മുതൽ 9 മണിവരെ ഗ്രാമീണമേഖലകളിൽ ചുറ്റിക്കറങ്ങി അനുയോജ്യസാഹചര്യമുള്ള വീടുകൾ കണ്ടെത്തുന്ന ആക്രിക്കാർ, ഇവിടേക്കെത്തുന്നതിനും മടങ്ങുന്നതിനുമുള്ള രഹസ്യമാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കവർച്ചാ സംഘങ്ങൾക്ക് കൈമാറും. ഗേറ്റ് പുറമേ നിന്നു പൂട്ടിയ നിലയിലുള്ള വീടുകളിലെ കവർച്ചക്കാണ്് ഇക്കൂട്ടർ മുൻഗണന നൽകുന്നത്. ഫാൻ കറങ്ങുന്നുണ്ടോ എന്നും ലൈറ്റുകൾ കത്തുന്നുണ്ടോ എന്നും പല സമയങ്ങളിൽ നിരീക്ഷിച്ച് ആളനക്കമില്ലന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് ഗേറ്റുകളില്ലാത്ത,വാതിലുകൾ പൂട്ടിയ നിലയിലുള്ള വീടുകളിൽ ഈ സംഘം കവർച്ചക്കെത്തുന്നത്. മദ്യവും കഞ്ചാവും പണവും നൽകിയാണ് ആക്രിപെറുക്കാനെത്തുന്ന തമിഴ് നാട്ടുകാരെ കവർച്ച സംഘങ്ങൾ കൂടെ കൂട്ടുന്നത്.
മികച്ച പരിശീലനത്തിനു ശേഷമാണ് തിരുട്ടുഗ്രാമവാസികൾ കവർച്ചക്കിറങ്ങുന്നത്. കവർച്ചക്കിടെ അബദ്ധവശാൽ പിടിക്കപ്പെട്ടാൽ രക്ഷപ്പെടുന്നതിനായി കൊലപാതകം നടത്താൻപോലും ഇക്കൂട്ടർ മടിക്കില്ല. കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ ജീവൻ പോയാൽപ്പോലും വെളിപ്പെടുത്താനും ഇവർ ഒരുക്കമല്ല. വർഷങ്ങൾക്ക് മുമ്പ് പോത്താനിക്കാട് പിടിയിലായ കവർച്ചാസംഘത്തിലെ യുവാവിനെ പൊലീസ് ഇഞ്ചപരുവത്തിൽ ചതച്ചിട്ടും കൂട്ടാളികളെ കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല.
പട്ടിണിക്കിട്ട ശേഷം നടത്തിയ കാന്താരി മുളക് പ്രയോഗത്തിലാണ് പൊലീസിന് ഇയാളിൽ നിന്നും അല്പമെങ്കിലും വിവരങ്ങൾ ചോർത്താനായത്. ഇയാളിൽ നിന്നും ലഭിച്ച നാമമാത്രമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുട്ടുഗ്രാമം വരെ നീണ്ട പൊലീസ് അന്വേഷണത്തിൽ പിടിയിലായ യുവാവിന്റെ കൂട്ടാളികളായ മൂന്നുപേരെ കണ്ടെത്തുകയും കവർച്ച ചെയ്യപ്പെട്ട സ്വർണ്ണാഭരണങ്ങൾ ഒട്ടുമുക്കാലും കണ്ടെത്തുകയും ചെയ്തിരുന്നു.