വാഷിങ്ടൺ ഡി.സി.: ഇന്ത്യൻ വംശജർ സംസ്‌ക്കാരത്തിന്റേയും, ആചാരത്തിന്റേയും ഭാഗമായി ധരിക്കുന്ന വിലകൂടിയ ആഭരണങ്ങൾ മോഷ്ടാക്കൾ നോട്ടമിടുന്നതായി വാഷിങ്ടൺ പൊലീസ് മുന്നറിയിപ്പു നൽകി.മോഷണം നടത്തുന്നതിന് പരിശീലനം സിദ്ധിച്ച ഒരു വിദഗ്ദ സംഘം ഇതിന്റെ പുറകിൽ പ്രവർത്തിച്ചു വരുന്നതായി സാർജന്റ് ഫ്രൈ പറഞ്ഞു.

കണക്റ്റിക്കട്ട് നോർവാക്ക് സിറ്റിയിൽ ഇന്ത്യൻ അമേരിക്കൻ ഫാമിലി നടത്തിവരുന്ന മോട്ടലിൽ ഉടമസ്ഥർ താമസിച്ചിരുന്ന ക്വാട്ടേഴ്സിൽ നിന്നും 20000 ഡോളറിലധികം വിലവരുന്ന സ്വർണം മോഷ്ടിച്ചു കടന്നു കളഞ്ഞ ഒരു സംഘത്തിന്റെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ തരത്തിലുള്ള മോഷ്ണങ്ങൾ യു.എസിൽ പല സിറ്റികളിലും ഈ സംഘം നടത്തുന്നതായാണ് അന്വേഷണത്തിൽ നിന്നും ബോധ്യമായതെന്നും പൊലീസ് പറയുന്നു.ഓൺലൈനിലൂടെ ഇന്ത്യൻ വംശജർ നടത്തുന്ന ആഭരണ കടകളും, അവിടെ നിന്നും സ്വർണം വാങ്ങുന്നവരുടെ വിവരങ്ങളും ചോർത്തിയെടുത്ത് കവർച്ച നടത്തുന്നതിന് ഇവർക്ക് വിദഗ്ദ പരിശീലനം ലഭിക്കുന്നുണ്ടെന്നും സർജന്റ് പറഞ്ഞു.

ഇന്ത്യൻ വംശജർ പ്രത്യേകിച്ച് ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഓഫീസർ മുന്നറിയിപ്പ് നൽകി.