കണ്ണൂർ: സഹ്യപർവതനിരകളുടെ നേർക്കാഴ്ച ഒരുക്കുന്ന മണ്ഡലമാണ് പേരാവൂർ. എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും എന്നും മോഹിപ്പിക്കുന്ന മണ്ഡലം. ഇത്തവണ ഇവിടത്തെ തിരഞ്ഞെടുപ്പ് പോരിനുമുണ്ട് പ്രത്യേകത. മുഖ്യസ്ഥാനാർത്ഥികളെല്ലാം കുടിയേറ്റക്കാർ. സിറ്റിങ് എംഎ‍ൽഎ. യായ യു.ഡി.എഫിലെ സണ്ണി ജോസഫിനെതിരെ കൊമ്പു കോർക്കുന്നത് എൽ.ഡി.എഫിലെ ബിനോയ് കുര്യനാണ്. എൻ.ഡി.എ യിലെ പൈലി വാത്യാട്ട് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായും അങ്കത്തിനിറങ്ങിയിട്ടുണ്ട്.

മദ്ധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവർ മൂന്ന് പേരും. പുറവയൽ വടക്കേക്കുന്നേൽ കുടുംബാംഗമാണ് മുൻ ഡി.സി.സി. പ്രസിഡണ്ടു കൂടിയായ സണ്ണി ജോസഫ്. മണിക്കടവിലെ കുന്നുമ്മൽ കുടുംബാഗമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനോയ് കുര്യൻ. എൻ.ഡി.എ. സ്ഥാനാർത്ഥി പൈലി വാത്യാട്ട് പേരിനൊപ്പം കുടുംബപ്പേരും ചേർത്തിരിക്കുന്നു. കുടുംബപ്പേരിൽ ചില്ലറയൊന്നുമല്ല കാര്യം. കുടിയേറ്റക്കാരിൽ സ്വാധീനമുറപ്പിക്കാനും വോട്ടു തേടാനും കുടുംബപ്പേര് മൂന്ന് പേരും രഹസ്യമായി ഉപയോഗിക്കുന്നു. കുടുംബപ്പേരിന്റെ ഉപയോഗം വടക്കേ മലബാറുകാർക്ക് അറിയില്ലെങ്കിലും കുടിയേറ്റ വോട്ട് നേടുന്നതിന് ഇത് കാര്യമായ സ്വാധീനമുണ്ട്. അത് അറിഞ്ഞുകൊണ്ടു തന്നെ മൂവരും പ്രയോജനപ്പെടുത്തുന്നുമുണ്ട്.

2011-ൽ ഇന്നത്തെ രീതിയിൽ മണ്ഡലം പുനർനിർണ്ണയം നടത്തിയപ്പോൾ പേരാവൂർ സണ്ണി ജോസഫിന് വഴങ്ങുകയായിരുന്നു. ഒട്ടനവധി പദ്ധതികളിലൂടെ ദേശീയശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമാണ് പേരാവൂർ. ദക്ഷിണേന്ത്യയിൽ അണക്കെട്ടില്ലാതെ ജലവൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ആദ്യ പദ്ധതിയായ ബാരാപ്പോൾ പ്രാവർത്തികമായത് ഈ മണ്ഡലത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഇവിടെയാണ്. ലോകത്തെ ഏറ്റവും മികച്ച കശുവണ്ടി വിളയുന്നതും ഈ മണ്ഡലത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്.

യു.ഡി.എഫ് സർക്കാറിന്റെ വികസനങ്ങളിൽ ഏറിയ പങ്കും മണ്ഡലത്തിലെത്തിക്കാനായത് സണ്ണി ജോസഫിന് തുണയാകുമെന്ന് യു.ഡി.എഫ് കരുതുന്നു. എന്നാൽ ഈ മലയോര മേഖലയിൽ ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് യാതൊരു ഊന്നലും നൽകിയിട്ടില്ലെന്ന്്് എൽ.ഡി.എഫ്്് ആരോപിക്കുന്നു. പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ തീർത്തും അവഗണനയാണ് ഉണ്ടായതെന്നാണ് ആരോപണം. എന്നാൽ ഇതിന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ മണ്ഡലത്തെ വികസനം കാണണമെങ്കിൽ കണ്ണ് തുറന്നുനോക്കണം. അതിനുള്ള മനസ്സുമുണ്ടാവണം. യു.ഡി.എഫ് തിരിച്ചടിക്കുന്നു.

പഴയ പേരാവൂരിന്റെ ജയാപജയങ്ങൾ പുതുതായി രൂപീകരിക്കപ്പെട്ട പേരാവൂരിന് താരതമ്യം ചെയ്യാനാവില്ല. ഇന്നത്തെ പേരാവൂരിൽ ഇരിട്ടി നഗരസഭയും പായം, മുഴക്കുന്ന്, തില്ലങ്കേരി, ആറളം, കൊട്ടിയൂർ, അയ്യങ്കുന്ന്്, കണിച്ചിയാർ, കീഴല്ലൂർ, കൂടാളി എന്നിവിടങ്ങളിലെ ഭരണത്തിൽ ഏതാണ്ട് സമാനത പുലർത്തുന്നുണ്ടെങ്കിലും യു.ഡി.എഫിനാണ് അല്പം മേൽക്കൈ. തദ്ദേശ തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ച് യു.ഡി.എഫ്്് നഷ്ടപ്പെടുത്തിയത് ഒട്ടേറെ സീറ്റുകളാണ്. പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിച്ചത്് സണ്ണി ജോസഫിന്റെ വിജയം ഉറപ്പാക്കുമെന്ന്് യു.ഡി.എഫ് പ്രത്യാശിക്കുന്നു. യു.ഡി.എഫ് കോട്ടകളിൽ ലീഡു വർദ്ധിപ്പിക്കാൻ ഇറങ്ങിയിരിക്കയാണ് സിപിഐ.(എം) ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുവ നേതാവ് ബിനോയ് കുര്യൻ. മണ്ഡലത്തിലെ യുവാക്കളെ ആകർഷിച്ച്്് വോട്ടു പിടിക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്. ഐ. ജില്ലാ സംസ്ഥാന നേതൃത്വം അലങ്കരിച്ച ബിനോയ് ശ്രമിക്കുന്നത്.

എൻ.ഡി.എ. സ്ഥാനാർത്ഥിയായി രംഗത്തുള്ള പൈലീ വാത്യാട്ട്  മുൻ കേളകം പഞ്ചായത്ത് പ്രസിഡണ്ടാണ്. കോൺഗ്രസ്സിൽ നിന്നും അച്ചടക്ക നടപടിക്ക് പുറത്താക്കപ്പെട്ടതോടെ ബി.ഡി.ജെ.എസിൽ ചേരുകയായിരുന്നു. എൻ.ഡി.എ. മുന്നണിയിലെ ബി.ഡി.ജെ.എസിന് ജില്ലയിൽ ലഭിച്ച ഏക സീറ്റിലാണ് പൈലീ വാത്യാട്ട്്് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എ. ക്കു ലഭിച്ച വോട്ടുകൾകൂടി ചേർത്ത കണക്കിലാണ് പൈലിയുടെ പ്രതീക്ഷ. എസ്.ഡി.പി.ഐ.ക്കു വേണ്ടി പി.കെ. ഫാറൂക്കും വെൽഫെയർ പാർട്ടിക്കു വേണ്ടി പള്ളിപ്രം പ്രസന്നനും ഇവിടെ മത്സരരംഗത്തുണ്ട്.