കാസർഗോഡ്: ചരിത്രകാരനുമായുള്ള സൗഹൃദവും ചരിത്രത്തോടുള്ള താത്പര്യവുമാണ് തിമിരിയിലെ കർഷകനായ ആർ.രാധാകൃഷ്ണനെ മഹാശിലായുഗ കാലത്തേതെന്നു കരുതുന്ന വെൺമഴു കണ്ടെത്താനും ചരിത്രകാരന്മാർക്ക് കൈമാറാനും പ്രേരിപ്പിച്ചത്.

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ തിമിരിയിലെ നാലില്ലംകണ്ടത്ത് കിണർ കുഴിക്കുന്നതിനിടെ വൻ മരത്തിന്റെ മുകളിലായി കണ്ടെത്തിയ വെൺമഴു രാധാകൃഷ്ണനും പൂമാല ഭഗവതി ക്ഷേത്രത്തിലെ കൂട്ടായ്മക്കാരനായ നാരായണനുമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന്റെ
ചരിത്ര വിഭാഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പരേതനായ പ്രമുഖ ചരിത്രകാരൻ കുട്ടമത്ത് എം. ശ്രീധരൻ മാസ്റ്ററുമായുള്ള ബന്ധമാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒട്ടേറെ ചരിത്ര ശേഷിപ്പുകൾ അറിവില്ലായ്മ മൂലം തകർക്കപ്പെട്ടതിൽ രാധാകൃഷ്ണൻ ഇപ്പോൾ ദു;ഖിതനാണ്. വെൺമഴു ലഭിച്ചതോടെ തിമിരിയിലേക്ക് ചരിത്രകാരന്മാരും ചരിത്ര വിദ്യാർത്ഥികളും പ്രവഹിക്കുകയാണ്. കിണർ കുഴിക്കവേ 5 മീറ്റർ താഴ്ചയിലാണ് വെൺമഴു കണ്ടെത്തിയത്. മനുഷ്യർ മഹാശിലായുഗ സ്മാരകങ്ങളും ഗുഹകളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന മഴുവാണ് ഇതെന്ന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ചരിത്രാധ്യാപകനായ നന്ദകുമാർ കോറോത്ത് , സി.പി.രാജീവൻ എന്നിവർ പറയുന്നു.

മഴു കണ്ടെത്തിയതിനെ തുടർന്ന് നെഹ്‌റു കോളേജ് ചരിത്രാദ്ധ്യാപകർ പരിസര പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുകയുണ്ടായി. തിമിരിക്ക് സമീപത്തെ മാവുള്ളം ചാൽ, നാലില്ലം കണ്ടം ,
പുലിക്കുണ്ട്, പൂവെള്ളച്ചാൽ, എന്നിവിടങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ ചരിത്ര സ്മാരകങ്ങൾ കണ്ടെത്തിയിരുന്നു. മഹാ ശിലാ സ്മാരകങ്ങളായ മുനിയറ, കൊടക്കല്ല്, ഗുഹ, എന്നിവയും ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്.

മികച്ച രീതിയിൽ മിനുസപ്പെടുത്തിയതും കഠിനമായ കല്ലിൽ രൂപപ്പെടുത്തിയതുമായ വെൺമഴു കണ്ടെത്തിയത് ഇത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ചരിത്രാന്വേഷികളെ ഈ കണ്ടെത്തൽ വിസ്മയിപ്പിച്ചിരിക്കയാണ്. വെൺമഴു കണ്ടെത്തിയതിലൂടെ തിമിരിയെ പ്രാചീന ചരിത്ര നിർമ്മിതിയിലെ സുപ്രധാന കേന്ദ്രമായി ചരിത്രാദ്ധ്യാപകർ വിശേഷിപ്പിക്കുകയാണ്. വെള്ള കരിങ്കല്ലും വെൺകല്ലുമല്ലാത്ത 20 സെ.മീ നീളത്തിൽ മൂർച്ച കൂട്ടി മിനുസപ്പെടുത്തിയതാണ് കണ്ടെത്തിയ മഴു. ബി.സി. ആയിരത്തിനു മുമ്പുള്ള പണിയായുധമാണിതെന്ന് ചരിത്രാദ്ധ്യാപകർ പറയുന്നു. പഴയ കാലത്ത് നാലു ബ്രാഹ്മണ ഇല്ലങ്ങൾ ഇവിടെ നിലകൊണ്ടിരുന്നുവെന്നും അതിനാൽ നിലം കണ്ടം എന്ന് ഈ സ്ഥലത്തിന് പേര് ഉണ്ടായതെന്നും പറയുന്നു.

മുനിയറകളും ഗുഹകളും നിർമ്മിക്കാൻ വേണ്ടിമാത്രമാണ് ഇത്രയും ശക്തിയേറിയ കല്ലിൽ മഴു നിർമ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. സൂക്ഷമായി ശിലകൾ രൂപമാറ്റം വരുത്താൻ വേണ്ടിയുള്ളതാണ് ഈ മഴു. ചരിത്രാതീത കാലത്തെ മനുഷ്യർ സ്മാരകങ്ങളും ഗുഹകളും
നിർമ്മിക്കാനുപയോഗിക്കുന്ന വിധത്തിലുള്ള മഴുവാണിതെന്ന ഏകാഭിപ്രായത്തിലാണ് ചരിത്രാദ്ധ്യാപകർ. ദക്ഷിണേന്ത്യൻ പൗരാണികതയുടെ പ്രധാന മേഖലയായി ചെറുവത്തൂരും പരിസരപ്രദേശങ്ങളും മാറുകയാണ്.

ഇവിടെ ഇതുവരെ കണ്ടെത്തിയ ചരിത്ര സ്മാരകങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കണമെന്ന ആവശ്യവും ചരിത്രകാരന്മാർ ഉയർത്തിയിരിക്കയാണ്. തിമിരിയിലെ കർഷകനായ രാധാകൃഷ്ണനും കൂട്ടുകാരനായ നാരായണനും കേരള ചരിത്രത്തിനും പൗരാണികതക്കും മഹത്തായ സംഭാവനയാണ് നൽകിയത്.