റേഷൻ കാർഡ് പുതുക്കാൻ ഉള്ള ഫോം റേഷൻ കടകളിൽ നിന്നും വിതരണം ചെയ്തു തുടങ്ങി. അതാതു റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുന്നത്. ഫോം കിട്ടുമ്പോൾ തന്നെ അത് പൂരിപ്പിച്ച് തിരികെ ഏല്പിക്കേണ്ട ദിവസവും ഫോട്ടോ എടുക്കേണ്ട സ്ഥലവും റേഷൻ കടക്കാരനോട് തന്നെ ചോദിച്ചറിയണം.

ഫോമിനോടൊപ്പം ഉള്ള മാർഗ നിരദേശങ്ങൾ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി വേണം ഓരോ കോളവും എഴുതാൻ. തെറ്റുകളും വെട്ടി തിരുത്തലുകളും ഒന്നും ഫോമിനുള്ളിൽ പാടുള്ളതല്ല. ഓരോ കാർഡ് ഉടമക്കും വിതരണം ചെയ്യാൻ ഉള്ള ഫോം തയ്യാറാക്കിയിരിക്കുന്നത് സി ഡിറ്റ് ആകയാലും അവരവർക്ക് വിതരണം ചെയ്തിട്ടുള്ള ഫോം അവരവരുടെ പേരിൽ പതിച്ചിരിക്കുന്നതുകൊണ്ടും ഒരു ഫോം വികൃതമാകുകയോ ഉപയോഗയോഗ്യമല്ലാതായി പോകുകയോ ചെയ്താൽ പുതിയ ഫോം ലഭ്യമാകാൻ നാം നന്നേ വിയർക്കേണ്ടി വരും. ആകയാൽ നിങ്ങൾ മാർഗ നിർദ്ദേശങ്ങൾ വായിച്ചു നോക്കി ഫോം സ്വയം എഴുതാൻ കഴിയും എന്ന ആത്മ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ അതിനു മുതിരാവൂ.

ഫോമിന്റെ ഒരു കോപ്പി എടുത്ത ശേഷം ആദ്യം അത് പൂരിപ്പിച്ച് ബോധ്യം വന്നശേഷം ഒറിജിനൽ ഫോം എഴുതുന്നതാണ് ഉത്തമം. പിന്നെ ചെയ്യാവുന്നത് അതാതു പ്രദേശത്തെ കഴിവുള്ളവർ മുൻകൈ എടുത്തു പ്രദേശത്തെ എല്ലാവരുടെയും ഫോം അറിയാവുന്നവരെ കൊണ്ട് പൂരിപ്പിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. അങ്ങനെ ഒരാൾ തന്നെ നിരവധി ഫോം പൂരിപ്പിക്കാൻ കഴിഞ്ഞാൽ തെറ്റുകളും തിരുത്തും ഒഴിവാക്കാൻ കഴിയും.

ഫോം പൂരിപ്പിക്കുമ്പോൾ ഒപ്പം വേണ്ട രേഖകൾ.

  • നിലവിലെ റേഷൻ കാർഡ്
  • ഗ്യാസ് കൻസൃൂമർ ബുക്ക്
  • കറണ്ട് ബിൽ
  • വാട്ടർ കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ ബിൽ
  • ആധാർ കാർഡ് ഉണ്ടെങ്കിൽ അത് ഇല്ലാത്തവർക്ക് ഫോട്ടോ എടുക്കുന്ന സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കിട്ടും എന്ന് കേൾകുന്നു. (വിശ്വാസം പോര)
  • ബാങ്ക് പാസ് ബുക്ക്

എല്ലാ റേഷൻ കാർഡുകളും സർക്കാർ നയത്തിന്റെ ഭാഗമായി അതാതു കുടുംബത്തെ മുതിർന്ന സ്ത്രീയുടെ പേരിൽ ആണ് അച്ചടിച്ച് വന്നിരിക്കുന്നത്. ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്. എന്നിവ സഹിതം വേണം ഫോം പൂരിപ്പിച്ചു തുടങ്ങാൻ.

ഫോമിൽ പറഞ്ഞിരിക്കുന്ന മാർഗ നിരദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഫോം ബാർ കോഡ് സംവിധാനം കൂടി ഉള്ളതാകയാൽ തോന്നിയ പോലെ മടക്കാൻ പാടില്ല.

ഇംഗ്ലീഷ് എഴുതേണ്ട ഭാഗത്ത് ഇംഗ്ലീഷ് തന്നെ എഴുതുകയും മലയാളം എഴുതേണ്ടിടത്ത് മലയാളം തന്നെ എഴുതേണ്ടതും ആകുന്നു.

കൂടുതൽ അറിയാൻ ഈ ലിങ്ക് ഉപകരിക്കും

സംശയ നിവാരണത്തിന് 

ഫോൺ - 0471-2320379
Toll Free Number - 1800-425-1550, 1967