''വിശ്വാസിയാണോ''?- അയയിൽ മാക്സിയും മറ്റും വിരിച്ചിട്ടിരിക്കുന്ന വീടിന് പിറകിലെ കിണറ്റിൽ കരയിൽനിന്ന്, നായികയെ പെണ്ണുകാണാൻ വരുന്ന ഗൾഫുകാരൻ ചോദിക്കയാണ്. 'അതേ' എന്ന മറുപടി പെണ്ണ് പറയുമ്പോൾ ചെക്കന് വലിയ സന്തോഷം. 'ഇന്ന് രാവിലെയും കൂടി അമ്പലത്തിൽ പോയതേയുള്ളൂ' എന്ന പെണ്ണിന്റെ മറുപടി കൾക്കുമ്പോൾ അവൻ അത്യാഹ്ലാദത്തിലാവുന്നു. അപ്പോൾ ഇതാ പെണ്ണിന്റെ അടുത്ത ഡയലോഗ് -''അടുത്ത വർഷം ശബരിമലയിൽ പോകണമെന്നാണ് ആഗ്രഹം''. അത് കേൾക്കുന്ന ചെറുക്കന്റെ മുഖഭാവം ഒന്നു കാണണം! ഇതൊരു സാമ്പിൾ മാത്രമാണ്. ചിത്രം മൊത്തത്തിൽ ഇതുപോലുള്ള കൊച്ചുകൊച്ചു കറുത്ത നർമ്മങ്ങളാണ്. ബന്ധങ്ങളും, പ്രണയവും, രാഷ്ട്രീയവുമെല്ലാം നർമ്മത്തിൽ ചാലിച്ച് കുറിക്ക് കൊള്ളത്തക്കരീതിയിൽ അവതരിപ്പിക്കുന്ന ഇതുപോലെ ഒരു സിനിമ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. അതാണ് മികച്ച കഥയ്ക്കും, മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന അവാർഡ് നേടിയ 'തിങ്കളാഴ്ച നിശ്ചയം'.

ലളിതം സുന്ദരം.. തിങ്കളാഴ്ച നിശ്ചയത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ചിരിക്കാനും ചിന്തിക്കാനും ഒരു പോലെ വകുപ്പുകൾ നൽകുന്ന ചിത്രം. സെന്ന ഹെഗ്‌ഡേയെന്ന സംവിധായകനെക്കുറിച്ച് ആദ്യം കേൾക്കുന്നത്,അദ്ദേഹത്തിന്റെ ആദ്യ കന്നഡ ചിത്രത്തെക്കുറിച്ച്, സാക്ഷാൽ അനുരാഗ് കാശ്യപ് ട്വീറ്റ് ചെയ്തപ്പോഴാണ്. ഇപ്പോഴിതാ, കോടികളുടെ ചെലവില്ലാതെ, 95ശതമാനവും പുതുമുഖങ്ങളെ ഉപയോഗിച്ച് ഒരു ഗംഭീരചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഒരു വിവാഹ നിശ്ചയത്തലേന്ന് ആ വീട്ടിലെത്തിയ അതേ ഫീലിങ്ങാണ് സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം ഉണ്ടാക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെയൊക്കെ ജോണറിൽ തീർത്തും റിയലിസ്റ്റിക്കായിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്. കോടികളല്ല, പ്രതിഭയാണ് സിനിമയെടുക്കാൻ വേണ്ടെതെന്ന് ഈ ചിത്രം തെളിയിക്കുന്നു.

കിടിലൻ മേക്കിങ്, അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസ്, ധാരാളം ചിരി ചിരി മുഹൂർത്തങ്ങൾ, വടക്കൻ ഭാഷയുടെ രസികത്വം... കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകളും വെബ് സീരിസുകളും കണ്ട് മനസ്സു മടുത്തു തുടങ്ങിയ ആസ്വാദകർക്ക് ഈ ചിത്രം നൽകുന്ന ഉണർവും പ്രസരിപ്പും ചെറുതല്ല.

ഒരു നിശ്ചയത്തലേന്ന് സംഭവിക്കുന്നത്

ഒരു ഇന്ത്യൻ പെൺകുട്ടി ജീവിച്ചിരിക്കുന്നത് തന്നെ വിവാഹം ചെയ്യപ്പെടാൻ വേണ്ടിയാണെന്ന് എഴുതിയത് ഡൊമനിക്ക് ലാപ്പിയർ ആണ്. ഏറെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും, കേരളത്തിന്റെ കുടുംബഘടനയും അധികമൊന്നും മാറിയിട്ടില്ല. ഇവിടെയും ഒരു പിതാവിന്റെ ജീവിതാഭിലാഷം തന്റെ പെൺമക്കളെ 'നല്ല രീതിയിൽ' വിവാഹം ചെയ്ത് അയക്കുക എന്നതാണ്. ഇപ്പോഴും ഇവിടെ പെൺകുട്ടിയുടെ ആഗ്രഹത്തിന് വലിയ വിലയൊന്നുമില്ല. സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നതും കാഞ്ഞങ്ങാട്ടെ ഇത്തരം ഒരു വിവാഹ നിശ്ചയ വീട്ടിലേക്കാണ്. പ്രണയവും ഒളിച്ചോട്ടവുമൊക്കെയുള്ള കഥ അത്രക്ക് പുതുമയുള്ളതാണെന്ന് പറയാൻ കഴിയില്ല. പക്ഷേ അതിന്റെ മേക്കിങ്ങ് ആണ് ഗംഭീരം. ചിത്രത്തിലെ മുഴുവൻ സമയവും ആ വീടിന്റെ അകവും പുറവും പറമ്പും ഒക്കെയാണ്. എന്നാൽപോലും അതിലൊന്നും ഒരു ആവർത്തന വിരസതയോ മുഷിപ്പോ തോന്നാത്ത തരത്തിൽ സംവിധായകൻ അത് ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

ഒരു ഇടത്തരം കുടുംബത്തിന്റെ എല്ലാ കഷ്ടതകളും ആ വീട്ടിലുണ്ട്. പഴയ ആ വീടിന്റെ പിൻഭാഗം ചെത്തിത്തേച്ചിട്ടുപോലുമില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും മണലാരണ്യത്തിൽ ചെലവിട്ട ആളാണ് കുവൈറ്റ് വിജയൻ. ഭാര്യയും രണ്ടു പെൺമക്കളും ഇളയ മകനും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പരാമർ എടുത്ത് കഴിച്ച് തന്നെ മുൾ മുനയിൽ നിർത്തി ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചതിന് മൂത്തമകളോട് അയാൾക്ക് ഇപ്പോഴും പ്രശ്നമുണ്ട്. അവളുടെ ഭർത്താവിനോട് ആയാൾക്ക് മിണ്ടാറില്ല. മൂത്തവളോ ഇങ്ങനെയായി. ഇനി ഇളയവൾ സുജയുടെ വിവാഹമെങ്കിലും 'അന്തസ്സായി' നടത്തണമെന്നാണ് വിജയന്റെ ആഗ്രഹം. പെട്ടെന്ന് സുജയുടെ വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങൾ പോവുകയാണ്. നാട്ടുകാരനായ ഒരു യുവാവുമായി പ്രണയത്തിലായ സുജക്ക് ഈ വിവാഹം ഇഷ്മില്ല. അതിന് അവൾ പറഞ്ഞ കളവാണ് സത്യത്തിൽ ശബരിമലക്ക് പോകണം എന്നതുപോലും. പക്ഷേ ഗൾഫുകാരൻ വിടുന്നില്ല. അയാൾക്ക് ശനിയാഴ്ച പെണ്ണുകണ്ട്, തിങ്കളാഴ്ച വിവാഹനിശ്ചയം നടത്തി ബുധനാഴ്ച ഗൾഫിലേക്ക് പറക്കണം.അതോടെ ആ വീട്ടിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഒരു നിശ്ചയ പന്തൽ ഒരുങ്ങുകയാണ്.

സംവിധായകനാണ് താരം; ഇത് ഹെഗ്ഡേ ബ്രില്ലൻസ്

ദിലീഷ് പോത്തന്റെ പോത്തേട്ടൻ ബ്രില്ല്യൻസിനെക്കുറിച്ചൊക്കെ ഫേസ്‌ബുക്കിൽ തള്ളിമറിക്കുന്നവർ, കന്നഡയിൽനിന്ന് മാറി മലയാളത്തിൽ ചിത്രമെടുത്ത സെന്ന ഹെഗ്ഡയേുടെ ബ്രില്ലൻസ് കാണാതെ പോകരുത്. ഉള്ളിൽ സിനിമയുള്ളവന് താരങ്ങളും ഭാഷയുമൊന്നും ഒരു പ്രശ്നമല്ലെന്ന് ഈ നിശ്ചയം തെളിയിക്കുന്നു. ആദ്യ സീനിൽ തന്നെ കാണാം സംവിധായകന്റെ ബ്രില്ല്യൻസ്. ഒരു രാത്രിയിലെ കാഞ്ഞങ്ങാട്ടെ ഒരു ബസ്സ്റ്റാപ്പിലങ്ങോട്ട് ക്യാമറ ഫ്രീസ് ചെയ്ത് വെച്ചിരിക്കയാണ്. അരണ്ട വെളിച്ചത്തിലുള്ള മദ്യപാനവും, ഡിസ്‌ക്കോലൈറ്റിട്ടപോലെ പൊലീസ് ജീപ്പ് എത്തുന്നതുമൊക്കെ എത്ര വൃത്തിക്കും ഭംഗിയിലുമാണ് ചിത്രീകരിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിലും, കുമ്പളങ്ങി നെറ്റ്സിലുമൊക്കെ നാം കണ്ടതുപോലെ കഥാപാത്രങ്ങളെ ചിലന്തിവലപോലെ കോർത്തിണക്കിയാണ് തിരക്കഥ പോവുന്നത്. സൂക്ഷ്മാംശങ്ങളിൽ വരെ എന്തൊരു ശ്രദ്ധ. സുജയുടെ നെറ്റിയിലെ മുറിവ്, ഇളയമകന്റെ ചിത്രം വര, ഫോണിൽ വരുന്ന മനീഷയുടെ കോൾ എന്നിവയെല്ലാം ഉദാഹരണം. ഒരേവീട്ടിൽ തന്നെയുള്ള മൂന്ന് കഥാപാത്രങ്ങൾ മൂന്ന് സ്ലാങ്ങിൽ സംസാരിക്കുന്നതും, കണ്ടിന്യുവിറ്റി സീനിൽതന്നെ വലതുഭാഗത്ത്വെച്ചത് ഇടതുഭാഗത്തായി പോകുന്നത് പോലുള്ള കോപ്രായങ്ങൾ കാണുന്ന മലയാള സിനിമയിൽ, ഈ സൂക്ഷ്മ നിർമ്മാണം അതിശയം തന്നെ. ( ഏത് പടം ഇറങ്ങിയാലും അതിലെ അമ്പത് തെറ്റുകൾ ഇന്നൊക്കെ പറഞ്ഞ് പിള്ളേർ വീഡിയോ ഇടുന്നത് കാണുമ്പോൾ അമ്പരന്നുപോകും. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽപ്പോലും എത്രയെത്ര അബദ്ധങ്ങളാണ് കയറിവരാറുള്ളത്)

കാഞ്ഞങ്ങാട്ടെ നിശ്ചയ വീട്ടിൽ നിങ്ങളെ കൊണ്ടിരിത്തിയ അതേ ഫീൽ പ്രേക്ഷകന് കിട്ടാൻ സംവിധായകൻ ഏറെ ശ്രമിക്കുന്നുണ്ട്. ഒരിടത്ത് പന്തലുയരുന്നു, മറുവശത്ത് വീടും പരിസരവും വൃത്തിയാക്കുന്ന അച്ഛൻ, വിറകു കീറുന്ന മരുമകൻ മുറ്റത്ത്. ഒരുവശത്ത് സദ്യവട്ടങ്ങൾക്കുള്ള ഒരുക്കവുമായി കുറച്ചുപേർ. ഇതിനിടയിൽ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന അടുത്ത ബന്ധുക്കൾ. ആകെയൊരു ഉത്സവമേളം. ആദ്യത്തെ സ്വീകരണം കഴിഞ്ഞാൽ പിന്നെ പതിയെ കുശുമ്പും കുന്നായ്മ നിറഞ്ഞ വർത്തമാനങ്ങളും പരിഭവങ്ങളുമൊക്കെ തലപ്പൊക്കി തുടങ്ങുകയായി. അതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറുകയാണ്. കല്യാണപ്പെണ്ണ് സുജ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലാണ്. എന്നിട്ടോ, ആ കഥ പറയുന്നില്ല. ക്ലൈമാക്സ് കണ്ടാൽ ആരും ചിരിച്ച് മണ്ണു കപ്പും. ചിരിയും ചിന്തയും ഒരുപോലെ കൊണ്ടുവരികയാണ് സംവിധായകൻ.

ഇവർ പുതുമുഖങ്ങളോ, അസാധ്യം പ്രകടനം!

പക്ഷേ തിങ്കളാഴ്ച നിശ്ചയം ചരിത്രത്തിൽ അടയാളപ്പെടുത്തുക ഇതുകൊണ്ടൊന്നും ആയിരിക്കില്ല. ഭാവിയിൽ മലയാള സിനിമയുടെ നട്ടെല്ല് ആവാൻ സാധ്യതയുള്ള ഒരുപാട് നടന്മാരെ സമ്മാനിച്ചു എന്നുള്ളതുകൊണ്ടാവും അത്. 'കുവൈറ്റ് വിജയൻ' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജിന്റെ പ്രകടനമാണ് ഇതിൽ എടുത്തു പറയേണ്ടത്. ക്ലൈമാക്സിനോട് അടുപ്പിച്ച് മനോജ് അങ്ങോട്ട് ആടിത്തിമർക്കയാണ്. കഥകളിക്കാർ പറയുന്നപോലെ വേഷപ്പകർച്ച. മുരളിയും, രാജൻ പി ദേവുമൊക്കെ വിടപറഞ്ഞതോടെയുണ്ടായ സ്വഭാവ നടന്മാരുടെ ഗ്യാപ്പിലേക്ക്, ഭാഗ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ കയറിവരാൻ കഴിയുന്ന നടനാണ് മനോജ്.

രാജേഷ് മാധവനെയും ഉണ്ണിരാജയേയും പോലെ മുൻ പരിചയമുള്ള ഒന്നുരണ്ട് മുഖങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം ഫ്രഷേഴ്‌സ് ആണ്. അവരെല്ലാം പയ്യന്നൂർ കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുമുള്ളവർ ആണ് എന്നതും കൗതുകമാണ്. അതിൽ ആരും തന്നെ പാളിയിട്ടില്ല. സ്‌ക്രീനിൽ വന്നുപോവുന്ന ഓരോരുത്തരെയും ആ വീട്ടിലെ വീട്ടുകാരോ വിരുന്നുകാരോ അയൽപ്പക്കക്കാരോ മാത്രമേ പ്രേക്ഷകനും കാണാനാവൂ. ആരും അഭിനയിക്കുകയല്ല, സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വാഭാവികമായി പെരുമാറുന്നു എന്നേ പറയാനാവൂ. വിജയന്റെ ഭാര്യയും മക്കളും അമ്മാവനും അമ്മായിയും അയപ്പക്കത്തെ ചേച്ചിയും മെമ്പറും തുടങ്ങി കല്യാണവീട്ടിലേക്ക് സാധനമിറക്കാൻ വരുന്ന ഗുഡ്സ് ഡ്രൈവർ വരെ സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നു.ഗാനങ്ങളും ക്യാമറയും എഡിറ്റിങ്ങുമൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട് നിൽക്കയാണ് ഈ ചിത്രത്തിൽ.

കുടുംബത്തിലെ ജനാധിപത്യവും രാഷ്ട്രീയവും

സ്വാഭാവികമായ ചിരിക്കും ബ്ലാക്ക് ഹ്യൂമറിനും ഇടയിൽ കൃത്യമായ രാഷ്ട്രീയം ഈ ചിത്രം പറയുന്നത്. കേരളത്തിലെ ഏത് ശരാശരി കുടുംബത്തിലെന്നപോലെ, പുരുഷകേന്ദ്രീകൃതവും, സ്ത്രീക്ക് അത്യാവശ്യം സ്വാതന്ത്ര്യം മാത്രം കൊടുക്കുന്ന വ്യക്തിയുമാണ് കുവൈത്ത് വിജയൻ. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തതു കൊണ്ടാവണം അയാൾ രാജഭരണത്തിന്റെ ആരാധകനും, ജനാധിപത്യത്തിന്റെ വിമർശകനുമാണ്. ഇതുസംബന്ധിച്ച ഡയലോഗുകളിൽ അയാളെ തിരുത്തുന്നത് സുഹൃത്താണ്. മകളുടെ വിവാഹത്തിൽ മകളുടെ സമ്മതംവേണം എന്ന അടിസ്ഥാന ജനാധിപത്യബോധം ഇപ്പോഴും വിജയനിലേക്ക് എത്തിയിട്ടില്ല. ഇത് എന്റെ കുടുംബം, ഇവിടെ ഞാൻ കാര്യങ്ങൾ തീരുമാനിക്കുമെന്ന ആണഹങ്കാരത്തിന്റെ പ്രതിരൂപമായി അയാൾ മാറുന്നു. കുമ്പളങ്ങിയിലെ സൈക്കോ ഷമ്മിയെപ്പോലെ ഡൈനിങ്ങ് ടേബിളിൽ അധ്യക്ഷനായി ഇരുന്ന് കൈപ്പങ്ങ ഉപ്പേരി വെക്കണമോ എന്നത് തൊട്ട്, ആ വീട്ടിലുള്ള സകലകാര്യങ്ങളിലെയും തീരുമാനിക്കുന്ന ഘടകം താനാണെന്ന് അയാൾ പ്രഖ്യാപിക്കുന്നു.

രാജഭരണത്തിന്റെ ആരാധകനായ വിജയനോട് ക്ലൈമാക്സിലും സുഹൃത്ത് പറയുന്നത് ജനാധിപത്യത്തെക്കുറിച്ചാണ്. അപ്പോൾ അവിടെ വിജയൻ ഉണ്ടാക്കുന്ന കൈപൊക്കി ജനാധിപത്യം സത്യത്തിൽ ഒരു രാഷ്ട്രീയ വിവക്ഷയാണ്. മക്കൾക്ക് 18വയസ്സുകഴിഞ്ഞാൽ അവർ ഒരു ഇന്ത്യൂജൽ യൂണിറ്റാണെന്നത് മലയാളി ഇന്നും അംഗീകരിച്ചിട്ടില്ല. കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ വിറ്റുവെന്ന് മാതാപിതാക്കൾക്ക് നേരെ ആരാപണമുയരുന്ന 'പ്രബുദ്ധകേരളത്തിൽ' ശക്തമായ പൊളിറ്റക്കൽ ചോദ്യങ്ങളാണ് ഈ ചിത്രം അടിയൊഴുക്കായി ഉന്നയിക്കുന്നത്.

വാൽക്കഷ്ണം: ചെമ്മീൻ സിനിമ കണ്ട ഒരു വിദേശ വനിതാ മാധ്യമ പ്രവർത്തക, രാമുകാര്യാട്ടിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ശരിക്കും കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും വിവാഹിതർ ആവുന്നതിന് എന്തായിരുന്നു പ്രശ്നമെന്ന്. ഇന്ത്യയിലെ ജാതി-മത വേലികളും, കുടുംബ പുരുഷാധിപത്യ ബന്ധങ്ങളം അവർക്ക് ശരിക്കും മനസ്സിലായിട്ടുണ്ടാവില്ല. ദശകങ്ങൾക്ക്ശേഷം മൊയ്തീൻ-കാഞ്ചനമാലയിലും നാം കണ്ടത് അതുതന്നെ. മതം മാറിയുള്ള വിവാഹം പോയിട്ട് പ്രണയ വിവാഹങ്ങളോടുപോലും ഇത്രമേൽ അലർജികാട്ടുന്ന അടച്ചിട്ട സമൂഹമായി നാം ഇന്നും നിലനിൽക്കുമ്പോൾ, തിങ്കളാഴ്ച നിശ്ചയം പോലുള്ള ചിത്രങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്. മുന്നോട്ടോടുന്ന ബസിൽ പുറം തിരിഞ്ഞ് ഇരിക്കുന്നവൻ ആവുകയാണോ മലയാളി.