മലയാള കവിതകളുടെ തിരയെഴുത്തും ഓൺലൈൻ കവിതകളുടെ സമാഹാരവുമായ 'തിരക്കവിത'യുടെ വാർഷികപ്പതിപ്പ് തയ്യാറായി. കഴിവുണ്ടായിരുന്നിട്ടും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ധാരാളം കവികളുണ്ട് നമുക്ക് ചുറ്റും. അങ്ങനെയുള്ള പലരുടയും കവിതകളെ കോർത്തിണക്കിക്കൊണ്ടാണ് തിരക്കവിത 2014 വാർഷികപ്പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അരുൺ പ്രസാദ്, സുജീഷ്, വിഷ്ണുപ്രസാദ് തുടങ്ങിയവരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മുപ്പതിലധികം കവികളുടെ കൃതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വിഷ്ണുപ്രസാദിന്റെ 'കുനാൻ പോഷ്‌പോറ അഥവാ കവി മുഹമ്മദ് അലിയുടെ ആത്മകഥയിലെ ഒരു ഭാഗം' എന്ന കവിത ബൂലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. സമകാലിക കാശ്മീരി കവിതയിലെ പുതുതലമുറ എഴുത്തുകാരിൽ ഏറ്റവും പ്രശസ്തനായ മുഹമ്മദ് അലിയുടെ 'അഭിമാനിക്കാൻ ഒന്നുമില്ലന' എന്ന ആത്മകഥയിലെ ഒരുഭാഗത്തിന്റെ സ്വതന്ത്ര ആഖ്യാനമാണിത്. മുഹമ്മദ് അലി 1982 ൽ ജമ്മു കാശ്മീരിലെ കപ്വാര ജില്ലയിലെ കുനാൻ പോഷ്‌പോറ എന്ന ഗ്രാമത്തിൽ ജനിച്ചു. കുനാൻ പോഷ്‌പോറ സംഭവം നടക്കുമ്പോൾ അലിക്ക് പത്തു വയസ്സായിരുന്നു. സംഭവസമയത്ത് അദ്ദേഹത്തിന്റെ പിതാവ് അന്തനാഗ് ജില്ലയിലെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. മാതാവ് റാബിയ പിൽക്കാലത്ത് ഈ സംഭവം മകനോട് വിവരിച്ചിട്ടുള്ളതാണ്. ഈ സംഭവത്തെയാണ് വിഷ്ണുപ്രസാദ് കവിതയാക്കിയിരിക്കുന്നത്. ഇതിൽ പറയുന്ന കവി മുഹമ്മദ് അലിയും ഈ സംഭവവുമെല്ലാം സാങ്കൽപികം മാത്രമാണെന്നതാണ് മറ്റൊരു സത്യം.

വിഷ്ണുപ്രസാദിനെക്കൂടാതെ കൂഴൂർവിത്സൺ, അഖിലാ ഹെൻട്രി, നസീർ കടിക്കാട്, നിരഞ്ജൻ ടി.ജി തുടങ്ങിയ പല ഓൺലൈൻ കവികളുടെ കവിതകളും തിരക്കവിതയുടെ വാർഷികപ്പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.