ശ്രീനഗർ:  ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 58 % പോളിങ്. മൂന്നാം ഘട്ട പോളിങ്ങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ മുൻവർഷത്തെക്കാൾ മെച്ചപ്പെട്ട പോളിങ്ങാണ് ഇത്. ദിവസങ്ങൾക്കു മുൻപു നടന്ന ഭീകരാക്രമണത്തിനും ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കും പോളിങ് ശതമാനം കാര്യമായി കുറയ്ക്കാനായില്ല.

ജമ്മുകാശ്മീരിൽ ത്വരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണങ്ങൾക്ക് ഉറി നിവാസികൾ കനത്ത പോളിംഗിലൂടെ മറുപടി നൽകി. ഒരു ഓഫീസറടക്കം 13 ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറും മുൻപാണ് ഉറി നിവാസികൾ വോട്ടെടുപ്പിനെത്തിയത്. ഇവിടെ 79 ശതമാനമായിരുന്നു പോളിങ്ങ്. മൂന്നാം ഘട്ടത്തിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത് ചരാർഇഷരാഫിലാണ് 82%.

16 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടത്തിൽ ത്വരഞ്ഞെടുപ്പു നടന്നത്. കശ്മീരിൽ ഇനി രണ്ടു ഘട്ടം തിരഞ്ഞെടുപ്പു കൂടിയുണ്ട്. ആദ്യ രണ്ടു ഘട്ടങ്ങളിൽ 72% പോളിങ് നടന്നിരുന്നു. നാലാം ഘട്ടം 14നും അഞ്ചാം ഘട്ടം 20നും നടക്കും. 23നാണു വോട്ടെണ്ണൽ. ഗുൽമാർഗിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായതൊഴിച്ചാൽ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

ഝാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 60.89 % പോളിങ് രേഖപ്പെടുത്തി. 17 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്. അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ഇവിടെയും രണ്ടു ഘട്ടം തിരഞ്ഞെടുപ്പു കൂടി ബാക്കിയുണ്ട്.