- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപിടിയുണ്ടാക്കിയവർക്ക് പിന്നിൽ നിന്നത് വിനയായി; എന്തിനാണ് ഞങ്ങളെ കൊണ്ടു പോകുന്നതെന്ന് ചോദിച്ചപ്പോൾ പൊലീസുകാരുടെ കരണത്തടി; ജീപ്പിലും സ്റ്റേഷനിലും കുനിച്ചു നിർത്തി മുതുകിലും ഇടിച്ചു; ഒടുവിൽ യഥാർത്ഥ പ്രതികളെത്തിയപ്പോൾ വിട്ടയയ്ക്കലും; തൃപ്പുണ്ണിത്തുറയിൽ യുവാക്കൾക്ക് വനിതാ പൊലീസിന്റെ ക്രൂര മർദ്ദനം

തൃപ്പൂണിത്തുറ: ആറ്റിങ്ങളിൽ പിങ്ക് പൊലീസാണ് കേരളാ പൊലീസിന് തലവേദനയായത്. തൃപ്പുണ്ണിത്തുറയിൽ വനിതാ പൊലീസും. വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വനിത എസ്‌ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആക്ഷേപം ചർച്ചകളിൽ. ഉദയംപേരൂർ നടക്കാവ് മേക്കേവെളിയിൽ സദാനന്ദന്റെ മകൻ നിതിൻ(25) ആണ് പൊലീസ് മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരൻ അരുണിനെയുമാണ് പൊലീസ് മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു സംഘം യുവാക്കൾ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പൊലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത്. തെറ്റിധരിച്ചാണ് പിടിച്ചത്.
എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയൻ ധരിച്ച പൊലീസുകാരനും കുനിച്ചു നിർത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം.
പിന്നീട് യഥാർഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പൊലീസ് യുവാക്കളെ പുലർച്ചെ രണ്ടോടെ വിട്ടയയ്ക്കുകയായിരുന്നു. മർദനത്തെ തുടർന്ന് അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. അകാരണമായി മർദിച്ച പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്.


