മലപ്പുറം: തിരൂരിൽ വീണ്ടും ബസിൽ കയറി അക്രമം. പുറത്തൂർ പടിഞ്ഞാറെക്കരയിൽ സ്വകാര്യ ബസ് തടഞ്ഞ് ആർ.എസ്.എസുകാർ ബസ് കണ്ടക്ടറായ സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച യാത്രക്കാരനെയും വെട്ടേറ്റു. അക്രമം തടയാനെത്തിയ ബസ് യാത്രക്കാരെയും സംഘം ആക്രമിച്ചു. യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടി. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ തിരൂർ താലൂക്കിൽ ബസ് പണിമുടക്ക്. ആറു മാസം മുമ്പും തിരൂർ കെ.ജി പടിയിൽ മുസ്ലിംലീഗ് പ്രവർത്തകനായ കുട്ടാത്ത് നൗഫലിനും ഓടുന്ന ബസ് തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായാണ് ഓടുന്ന ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ വെട്ടിയ രണ്ട് സംഭവങ്ങളും.

തിരൂർ-കൂട്ടായി അഴിമുഖം റൂട്ടിൽ ഓടുന്ന സാരഥി ബസ് കണ്ടക്ടർ പടിഞ്ഞാറെക്കര ജെട്ടിലൈൻ സ്വദേശി പാണ്ടാലിൽ അനിൽകുമാർ (49), ബസ് യാത്രക്കാരൻ പറമ്പൻ മഹേഷ്(28) എന്നിവരെയാണ് സംഘടിച്ചെത്തിയ ആർഎസ്എസ്.എസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അക്രമം. അഴിമുഖത്തു നിന്നും തിരൂരിലേക്കു വരുന്നതിനിടെ ബസ് അമ്പലപ്പടിയിൽ വച്ച് തടഞ്ഞ് നിർത്തുകയും വടിവാൾ, ഇരുമ്പ് ദണ്ഢ് എന്നിവ കൊണ്ട് മാരകമായി വെട്ടുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെ ബസ് യാത്രക്കാരനും സി.പി.എം പ്രവർത്തകനുമായ മഹേഷിനും വേട്ടേറ്റു.

അക്രമത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഇറങ്ങിയോടി. യാത്രക്കാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയയെങ്കിലും അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ഇരു കാലുകൾക്കും ഇടതു കൈക്കും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മഹേഷിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകരായ തെക്കും പാടത്ത് ജിബിൻ, തൃക്കണാശേരി സുരേഷ്, പുളിക്കൽ ബാബു, വിപിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അക്രമം നടത്തിയതെന്ന് അനിൽകുമാർ പൊലീസിൽ മൊഴി നൽകി.

ഇതേസംഘം തന്നെ ഇന്ന് ഉച്ചയ്ക്കു ശേഷം കൂട്ടായി അഴിമുഖത്തെ സി.പി.എം പ്രവർത്തകൻ ഉപ്പുങ്ങൽ സുരേഷിനെ കടയിൽ കയറി മർദ്ദിച്ചു. മർദനത്തിൽ സാരമായി പരുക്കേറ്റ സുരേഷിനെ പൊന്നാനി താലൂക്ക് ആസുപത്രിയിൽ പ്രവേശിപ്പിച്ചു. തീരദേശ മേഖലയായ പടിഞ്ഞാറെക്കര, കൂട്ടായി പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സമീപ പ്രദേശമായ താനൂരിൽ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സന്നാഹത്ത വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മലപ്പുറം ജില്ലയുടെ തീരദേശത്ത് മറ്റൊരു അക്രമം കൂടിയുണ്ടായിരിക്കുന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. ഇന്ന് തിരൂർ താലൂക്കിൽ ബസ് പണിമുടക്കിന് സംയുക്ത ബസ്തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തു.