മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെ തോൽപിക്കാൻ മറ്റ് മുസ്ലിം രാഷ്ട്രീയ പാർട്ടികൾ ഇടതുമുന്നണിയുമായി ധാരണയ്ക്ക്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി. എന്നീ കക്ഷികൾ റബ്ബിനെ തോൽപ്പിക്കാൻ ഇടതുപക്ഷവുമായി കൈകോർക്കുമെന്നാണ് സൂചന. മതപരമായി തീവ്രനിലപാടുകളുള്ള ഇത്തരം കക്ഷികളുടെ പിന്തുണ തേടേണ്ടതില്ലെന്ന നിലപാടിലായിരുന്നു എൽ.ഡി.എഫ്. സംസ്ഥാനനേതൃത്വം. എന്നാൽ, സിപിഐയുടെ സീറ്റായ തിരൂരങ്ങാടിയിൽ ഇടതുസ്വതന്ത്രനെ എങ്ങനെയും ജയിപ്പിക്കാനാണു പുതിയ തീരുമാനം.

ഇടതുസ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് മുൻകോൺഗ്രസുകാരനാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവേശം. കോൺഗ്രസ് മണ്ഡലം ട്രഷററായിരുന്ന നിയാസ് പിന്നീടു ലീഗിനെതിരേ രൂപം കൊണ്ട ജനകീയവികസനമുന്നണിയുടെ അമരക്കാരിലൊരാളായി. സിറ്റിങ് എംഎ‍ൽഎയും മന്ത്രിയുമായ അബ്ദുറബ്ബും പരപ്പനങ്ങാടി സ്വദേശിയാണ്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ അബ്ദു റബ്ബ് പൂർണ്ണ പരാജയമായിരുന്നുവെന്നാണ് വിവിധ മുസ്ലിം സംഘടനകളുടെ നിലപാട്. അതുകൊണ്ടാണ് ഇടതുപക്ഷത്തോടൊപ്പം ചേരുന്നത്.

വെൽഫെയർ പാർട്ടിക്കും എസ്.ഡി.പി.ഐക്കും പി.ഡി.പിക്കും ഇവിടെ സ്ഥാനാർത്ഥികളുണ്ടാകുമെന്ന് അതതു പാർട്ടി നേതൃത്വങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം വെൽഫെയർ പാർട്ടി നേതാക്കൾ ഇടതുസ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തുമായി കൂടിക്കാഴ്ച നടത്തി. നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാലും വോട്ട് എൽ.ഡി.എഫിനു മറിക്കാനാണു ധാരണയെന്നാണ് സൂചന. എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിയാസ് പരപ്പനങ്ങാടി നഗരസഭ ജനകീയവികസനമുന്നണി ചെയർമാനാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ നീക്കുപോക്കുകൾ നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റാനാണ് എൽ.ഡി.എഫ്. നീക്കം.

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി സംസ്ഥാന പ്രതിനിധിസഭാംഗം മിനു മുംതാസ് മത്സരിക്കുമെന്നു സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് കൺവീനറുമായ കെ.എ. ഷെഫീഖ്അറിയിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർത്ഥി വനിതയാകുമെന്നും പ്രഖ്യാപനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി. എന്നാൽ, പ്രവർത്തകരുടെ താൽപര്യം മാനിച്ച് ഇരുകക്ഷികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ലെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. പ്രാദേശികനേതൃത്വം.

തിരൂരങ്ങാടി, തെന്നല, നന്നമ്പ്ര മേഖലകളിലെ ലീഗിന്റെ കരുത്താണു യു.ഡി.എഫിന്റെ ആത്മവിശ്വാസം. ജില്ലയിൽ കോൺഗ്രസും ലീഗുമായി ഭിന്നത നിലനിൽക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെട്ടതാണു തിരൂരങ്ങാടി മണ്ഡലം.കാന്തപുരം സുന്നി വിഭാഗത്തിനു സ്വാധീനമുള്ള നന്നമ്പ്ര, എടരിക്കോട്, തെന്നല മേഖലകളിൽ അവരുടെ നിലപാട് നിർണായകമാകും. അതിനാൽ ഇവേരെയും ഒപ്പം കൂട്ടാൻ ഇടത് സ്വതന്ത്രൻ ശ്രമം തുടങ്ങിയിട്ടുണ്ട്.