തിരുവനന്തപുരം: കേബിൾ ടി.വി ഉടമ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ടെക്‌നീഷ്യന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. തിരുമല കുന്നപ്പുഴ കുഴിവിള പുത്തൻവീട്ടിൽ ജോസിന്റെ (31) മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്ത കേബിൾ നെറ്റ് വർക്ക് ഉടമയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. കീഴ്‌ച്ചുണ്ട്, തല, നെറ്റിയുടെ ഇരുവശങ്ങൾ, വലതുകൈ, ഇടതുകാൽ എന്നിവിടങ്ങളിൽ നിരവധി മുറിവുകളുണ്ട്്. കേസന്വേഷണത്തിൽ പൊലീസ് യാതൊരു താത്പര്യവും കാട്ടുന്നില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിനേയോ സിബിഐയേയോ ഏൽപ്പിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചതാകാം ജോസിന്റെ ശരീരത്തിൽ കാണപ്പെട്ട മുറിവുകളെന്നാണ് വീട്ടുകാരുടെ സംശയം. ആയുധങ്ങളുപയോഗിച്ചോ തല ഭിത്തിക്ക് ഇടിച്ചോ ഏൽപ്പിച്ച ശക്തമായ ആഘാതമാകാം മരണത്തിൽ കലാശിക്കും വിധം തലയ്ക്ക് പരിക്കേൽക്കാൻ കാരണമായത്. കഴിഞ്ഞ നാലുവർഷമായി കേബിൾ നെറ്റ് വർക്കിൽ ജോലി ചെയ്യുന്ന ജോസ് 15,000 രൂപ പ്രതിമാസ ശമ്പളത്തിനാണ് ജോലിക്ക് പോയത്. എന്നാൽ ജോസിന്റെ പേരിലുള്ള ഓട്ടോയുടെ ലോൺ അടയ്ക്കാൻ 5,000 രൂപയാണ് നൽകിയിരുന്നത്. ശമ്പളം ചോദിക്കുമ്പോൾ എന്തെങ്കിലും ആവശ്യം വരുമ്പോൾ ഒരുമിച്ച് തരാമെന്ന് പറഞ്ഞിരുന്നുവത്രേ. ഓണത്തിനും വീടുപണിക്കും ശമ്പള കുടിശിക നൽകാൻ കൂട്ടാക്കാതിരുന്ന സ്ഥാപനം ഉടമ ഇതിനിടെ ജോസിന്റെ ഭാര്യയുടെ താലിമാല പണയപ്പെടുത്തി 20,000 രൂപ കടമായും വാങ്ങി. ഈ പണവും ജോലിക്കൂലിയും തിരികെചോദിച്ചപ്പോൾ വിരോധം തുടങ്ങി. ഇതുകൊണ്ടാണ് കേബിൾ ടിവി ഉടമയെ സംശയിക്കുന്നത്.

വീട്ടിൽ നിന്ന് പോകുമ്പോൾ ജോസിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ, പഴ്‌സ്, പണം, കളക്ഷൻ കണക്കെഴുതുന്ന ബുക്ക് എന്നിവയും തിരിച്ച് കിട്ടിയിട്ടില്ലെന്ന് പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ 15ന് സമീപവാസിയും സഹപ്രവർത്തകനും ബിജുവിന്റെ സുഹൃത്തുമായ ഗിരീഷ് കുമാർ ജോസിന്റെ വീട്ടിലെത്തി. പൂജപ്പുരയിൽ നടക്കുന്ന കേബിൾ ഓപ്പറേറ്റർമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ജോസിനെ ക്ഷണിച്ചു. പോകാൻ വിസമ്മതിച്ച ജോസിനെ ബിജു ഫോൺ ചെയ്ത് മീറ്റിംഗിനെത്താൻ നിർബന്ധിച്ചു.

തുടർന്ന് ജോസ് വൈകുന്നേരം അഞ്ചരയോടെ ഗിരീഷിനൊപ്പം വീട്ടിൽ നിന്നിറങ്ങി. രാത്രി ഏറെ വൈകിയും ജോസ് തിരികെ വരാതിരുന്നപ്പോൾ ഭാര്യ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ജോസിന്റെ സഹോദരൻ ബൈജു ഗിരീഷിന്റെ ഫോണിൽ വിളിച്ചപ്പോൾ ജോസ് അമിതമായി മദ്യപിച്ച് പൂജപ്പുരയിൽ കിടക്കുകയാണെന്ന് പറഞ്ഞു. ഉടൻ ജോസിന്റെ പിതാവ് മോഹൻദാസും ബന്ധുവും കാറിൽ അവിടേക്ക് പോയി. മീറ്റിങ് നടന്ന ഹോട്ടലിലെത്തി സെക്യൂരിറ്റിയോട് കാര്യങ്ങൾ തിരക്കി. അവിടെയെന്തോ പ്രശ്‌നങ്ങൾ നടന്നതായും ആരെയോ എടുത്ത് താഴേക്ക് കൊണ്ടുപോയതായും വെളിപ്പെടുത്തി.

കുറച്ചുപേർ അവിടെ കൂടി നിൽക്കുകയും എന്റെ മകനെ ഒരുകാറിൽ കയറ്റി കൊണ്ടുപോകുകയും ഒരു പൊലീസ് ജീപ്പ് അവിടെ നിന്ന് പോകുന്നതും കണ്ടതായി ജോസിന്റെ പിതാവ് പറഞ്ഞു. തുടർന്ന് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. വീടിന് അടുത്തെത്തിയപ്പോൾ ബിജുവിന്റെ കാർ കണ്ടു. കാറിനരികിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ജോസ് അമിതമായി മദ്യപിച്ചുപോയെന്നും രാവിലെ ശരിയാകുമെന്നും പറഞ്ഞു. ഷർട്ടൊന്നുമില്ലാതെ കാറിൽ നിന്നെടുത്ത് റോഡിൽ കിടത്തിയ ജോസിന്റെ മുഖത്തും ചുണ്ടിലും മുറിവുകളുണ്ടായിരുന്നു. അബോധാവസ്ഥയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ജോസ് നേരം പുലർന്നിട്ടും അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ജോസ്. പരാതിയുമായെത്തുന്ന ബന്ധുക്കളെ ആട്ടിയകറ്റുന്ന സമീപനമാണ് പൂജപ്പുര പൊലീസ് കാട്ടുന്നതെന്ന് പരാതിയിൽ ഡിജിപിക്ക് നൽകിയ ആരോപിക്കുന്നു.