തിരുവനന്തപുരം: ശബരിമല ദർശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റൽ ബുക്കിങ് ഉടനൊന്നും നടപ്പാകില്ല. കാനനക്ഷേത്രത്തിൽ ഇത് നടപ്പാക്കാൻ കാലങ്ങൾ വേണ്ടി വരും. തിരുപ്പതി മാതൃകയിലുള്ള ക്രമീകരണങ്ങൾക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നതുമാണ് കാരണം. ഈ സാഹചര്യത്തിൽ ഈ തീർത്ഥാടനകാലത്ത് നിലവിലുള്ള വെർച്വൽ ക്യൂ കൂടുതൽ കാര്യക്ഷമമാക്കും. സ്ത്രീ പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇടപെടൽ. തിരുപ്പതി ക്ഷേത്രംപോലെ നിത്യവും ദർശന സൗകര്യമുള്ള സ്ഥലമല്ല ശബരിമല. തീർത്ഥാടനക്കാലത്ത് പലവഴികളിലൂടെയാണ് ആളുകൾ ഇവിടെത്തുന്നത്. ഇതെല്ലാം ഡിജിറ്റൽ ബുക്കിങിന് വെല്ലുവിളിയാണ്.

ശബരിമലയിൽ തിരക്ക് കുറയ്ക്കാനും തീർത്ഥാടക നിയന്ത്രണത്തിനും ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ശബരിമല ചീഫ് കോ-ഓർഡിനേറ്റർ കൂടിയായ പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സംഘം തിരുപ്പതി മാതൃകയെപ്പറ്റി പഠനം നടത്തി. ഓൺലൈൻ ബുക്കിങ് അനുവദിക്കുന്ന സമയത്ത് ദർശനം നടത്തി മടങ്ങുന്ന തിരുപ്പതിസംവിധാനത്തിന് ശബരിമലയിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും കൂടുതൽ ചർച്ച നടത്തിയും സമയമെടുത്തും മാത്രമേ ഇതു നടപ്പാക്കാനാവൂ എന്നുമാണ് സംഘത്തിന്റെ വിലയിരുത്തൽ.

തിരുപ്പതിയിൽ നൽകുന്നതുപോലെ ശബരിമലയ്ക്കുള്ള കാനനപാതകളിൽ വിശ്രമസൗകര്യമോ ഭക്ഷണം നൽകുന്നതോ പ്രായോഗികമല്ല. അത്യാവശ്യ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും പരിശോധനയ്ക്കും കൂടുതൽ സമയം വേണമെന്നാണ് വിലയിരുത്തൽ. ഇനിമുതൽ പമ്പയിലേക്കുള്ള യാത്രയ്ക്കും ബേസ് ക്യാമ്പായ നിലയ്ക്കലിൽ ബുക്കിങ് കൗണ്ടർ ഉണ്ടാകും. ഇതുവഴി തീർത്ഥാടകരുടെ കൃത്യമായ എണ്ണം കിട്ടും. സന്നിധാനത്തേക്ക് നിയന്ത്രിച്ചുവിടാനുമാകുമെന്നും കരുതുന്നു. ഒരു ദിവസത്തിൽക്കൂടുതൽ ആരും സന്നിധാനത്ത് നിൽക്കരുതെന്ന നിലപാടാണ് പൊലീസിനും സർക്കാരിനുമുള്ളത്. വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമാക്കുന്നതും ഇതിന് വേണ്ടിയാണ്.

തിരുപ്പതി മോഡൽ നടപ്പാക്കി ശബരിമലയിലെ പ്രശ്‌ന പരിഹാരം നിർദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിന്മേൽ നടത്തിയ പരിശോധനയിലാണ് ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞത്. ഇത്തവണ അതീവ സുരക്ഷയിൽ തന്നെയാകും തീർത്ഥാടനം. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതൽ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പൊലീസിനെ നൽകണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസിന്റെ ശബരിമല വെർച്വൽ ക്യൂ സംവിധാനം കെ.എസ്.ആർ.ടി.സി. സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇതിലൂടെ തീർത്ഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയാൻ കഴിയും. ഇതിനായുള്ള പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാവും. സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ അധിക സൗകര്യം ഏർപ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കർശനനടപടി സ്വീകരിക്കും.

തുലാമാസ പൂജകൾക്ക് നടതുറന്നപ്പോൾ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ച് തീർത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തും.