ചെന്നൈ: കല്യാണപ്പന്തലിൽ ചേട്ടനെ ഉന്തിത്തള്ളി താഴെയിട്ട് അനുജൻ വധുവിനു താലിചാർത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലാണ് അതിഥികളെ മുഴുവൻ ഞെട്ടിച്ച് സംഭവം അരങ്ങേറിയത്. ചേട്ടൻ പെണ്ണുകാണാൻ പോയപ്പോൾ അനുജനും കൂടെപ്പോയിരുന്നു. പെണ്ണുകാണലിൽ അനുജനെ പെണ്ണിന് ഇഷ്ടപ്പെടുകയായിരുന്നു. ചേട്ടനുമായി വിവാഹം നിശ്ചയിച്ചപ്പോഴും പ്രണയം തുടർന്നു. ഒടുക്കം മറ്റു മാർഗമില്ലാതെ കല്യാണപ്പന്തലിൽവച്ചു ചേട്ടനെ തള്ളിയിച്ച് കല്യാണം കഴിക്കേണ്ടിവരുകയായിരുന്നു.

കാമരാജിന്റെ രണ്ടാമത്തെ മകൻ രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കൾ ദിവസങ്ങൾക്ക് മുമ്പേ തിരുപ്പൂരിൽ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകൾക്ക് ശേഷം താലി വരന്റെ കൈയിൽ കൊടുത്ത ശേഷം വധുവിന്റെ കഴുത്തിൽ ചാർത്താൻ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു അനുജന്റെ രംഗപ്രവേശം.

പെട്ടെന്ന് ജേഷ്ഠന്റെ അടുത്തേക്ക് ഓടിയെത്തിയ അനിയനായ വിനോദ് രാജേഷിനെ തള്ളി താഴെയിട്ടു. ഏവരും ഞെട്ടിത്തരിച്ചുനിൽക്കേ തന്റെ പോക്കറ്റിൽ കരുതിയിരുന്ന താലിയെടുത്ത് വിനോദ് വധുവിന്റെ കഴുത്തിൽ കെട്ടി. കോപാകുലരായ ബന്ധുക്കളെല്ലാം ചേർന്ന് വിനോദിനെ തല്ലാൻ നോക്കിയപ്പോഴും വധുവിന് മാത്രം ഒരു ഭാവ വ്യത്യാസവുമില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിനോദ് ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞു. താനും കാളീശ്വരിയും തമ്മിൽ പ്രണയത്തിലായിരുന്നു. വിനോദിന്റെ വെളിപ്പെടുത്തൽ കേട്ട ജേഷ്ഠന് ബോധക്ഷയം ഉണ്ടാകുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ജേഷ്ഠനൊപ്പം പെണ്ണുകാണാൻ പോയപ്പോഴാണ് അനിയൻ പെൺകുട്ടിയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പ്രണയ ബദ്ധരായി പോയത്രെ. പിന്നെ ഫോൺ വഴി ബന്ധം ദൃഢമായി. വിവാഹത്തിന് തൊട്ട് മുമ്പ് വരെ ആരോടും പറയാതെ ഇവർ രഹസ്യമാക്കി വെച്ചു. കാളീശ്വരിയും വിനോദും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നുവെന്നറിഞ്ഞതോടെ ബന്ധുക്കളും പല തട്ടിലായി. ഏറെ നേരത്തെ സംസാരങ്ങൾക്കൊടുവിൽ എന്തായാലും കെട്ടിയ താലി അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിച്ചു. വിനോദ് വധുവിന്റെ വിട്ടിലേക്ക് പോവുകയും ചെയ്തു. സംഭവം ദേശീയമാധ്യമങ്ങൾ വൻപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.