- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രിക്ക് പ്രതിയുമായി മജിസ്ട്രേറ്റിനു മുന്നിലേക്ക് പൊലീസുകാരെ വിട്ടു; രണ്ടു തവണ നോട്ടീസ് നൽകി വിളിപ്പിച്ചിട്ടും ഹാജരായില്ല; കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ തിരുവല്ലാ സിഐയെ മജിസ്‌ട്രേറ്റ് മൂലയ്ക്ക് നിർത്തി സിആർപിസി വായിപ്പിച്ചു
പത്തനംതിട്ട: പ്രണയിച്ച പെണ്ണുമായി ഒളിച്ചോടിയ യുവാവിനെ മോഷണക്കേസിൽ കുടുക്കി ജാമ്യം നിഷേധിച്ച് ജയിലിൽ തള്ളാൻ തിരുവല്ലാ സി.ഐ നടത്തിയ നീക്കം പാളി. പാത്രിരാത്രി പ്രതിയെ വീട്ടിൽ ഹാജരാക്കിയതിനു കാരണം ബോധിപ്പിക്കാൻ മജിസ്‌ട്രേറ്റ് വിളിപ്പിച്ചിട്ടും ചെല്ലാതിരുന്ന തിരുവല്ലാ സിഐ ടി. മനോജിനെ കോടതി പിരിയുവോളം ഹാളിൽ നിർത്തി. ഒടുക്കം മലയാളത്തിലുള്ള സി.ആർ.പി.സി പുസ്തകം നൽകി സെക്ഷൻ 57 വായിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. അതിബുദ്ധി കാണിക്കാൻ പോയതാണ് സി.ഐക്ക് വിനയായത്. കഥയിങ്ങനെ: ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ അടക്കം നിരവധി കേസുകളിൽ പ്രതിയായ ഛോട്ട ഷെമിർ എന്ന് വിളിക്കുന്ന ഷെമിർ തിരുവല്ല ബാറിൽ പ്രാക്ടീസ് ചെയ്യുന്ന കവിയൂർ സ്വദേശിയായ അഭിഭാഷകന്റെ മകളുമായി പ്രണയത്തിലായി. നാലുമാസം മുൻപ് ഷെമിർ പെൺകുട്ടിയെയും കൂട്ടി നാടുവിട്ടു. ഇതിനെതിരേ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും മോഷ്ടിച്ചാണ് മകൾ നാടുവിട്ടത് എന്ന് ഹർജിയിൽ ചൂണ്
പത്തനംതിട്ട: പ്രണയിച്ച പെണ്ണുമായി ഒളിച്ചോടിയ യുവാവിനെ മോഷണക്കേസിൽ കുടുക്കി ജാമ്യം നിഷേധിച്ച് ജയിലിൽ തള്ളാൻ തിരുവല്ലാ സി.ഐ നടത്തിയ നീക്കം പാളി. പാത്രിരാത്രി പ്രതിയെ വീട്ടിൽ ഹാജരാക്കിയതിനു കാരണം ബോധിപ്പിക്കാൻ മജിസ്‌ട്രേറ്റ് വിളിപ്പിച്ചിട്ടും ചെല്ലാതിരുന്ന തിരുവല്ലാ സിഐ ടി. മനോജിനെ കോടതി പിരിയുവോളം ഹാളിൽ നിർത്തി. ഒടുക്കം മലയാളത്തിലുള്ള സി.ആർ.പി.സി പുസ്തകം നൽകി സെക്ഷൻ 57 വായിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. അതിബുദ്ധി കാണിക്കാൻ പോയതാണ് സി.ഐക്ക് വിനയായത്.
കഥയിങ്ങനെ: ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ അടക്കം നിരവധി കേസുകളിൽ പ്രതിയായ ഛോട്ട ഷെമിർ എന്ന് വിളിക്കുന്ന ഷെമിർ തിരുവല്ല ബാറിൽ പ്രാക്ടീസ് ചെയ്യുന്ന കവിയൂർ സ്വദേശിയായ അഭിഭാഷകന്റെ മകളുമായി പ്രണയത്തിലായി. നാലുമാസം മുൻപ് ഷെമിർ പെൺകുട്ടിയെയും കൂട്ടി നാടുവിട്ടു. ഇതിനെതിരേ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും മോഷ്ടിച്ചാണ് മകൾ നാടുവിട്ടത് എന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹർജി പരിശോധിച്ച ഹൈക്കോടതി കമിതാക്കളോട് ഹാജരാകാൻ ഉത്തരവിട്ടു. ഇരുവർക്കും പ്രായപൂർത്തിയായതിനാൽ രണ്ടുപേരും ചങ്ങനാശേരി പൊലീസിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച തെങ്ങണ സബ്‌രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിട്ടു. ഹർജിയിൽ പറയുന്ന മോഷണക്കേസ് ലോക്കൽ പൊലീസ് അന്വേഷിക്കട്ടേയെന്നും കോടതി നിർദേശിച്ചു. അതനുസരിച്ച് യുവതിയുടെ മാതാവ് മകളെ ഒന്നാം പ്രതിയും ഷെമിറിനെ രണ്ടാം പ്രതിയുമാക്കി തിരുവല്ല പൊലീസിൽ പരാതി നൽകി.
ഇനിയാണ് രസം. കഴിഞ്ഞ നാലിന് രാത്രി 10 ന് ഷെമീറിനെ തിരുവല്ല പൊലീസ് പിടികൂടുന്നു. പിറ്റേന്ന് വൈകിട്ട് ആറുമണി വരെ ഷെമിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് സിഐ ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. രാത്രി ഏഴുമണിയായപ്പോൾ കോടതിയിൽ കൊടുക്കുകയാണെന്നു പറഞ്ഞ് ഷെമീറിന്റെ പിതാവിൽനിന്ന് ഒപ്പു വാങ്ങി. എന്നിട്ട് മെഡിക്കൽ പരിശോധന നടത്തേണ്ടത് വൈകിപ്പിക്കുന്നു. ഇതിനിടെ നാലിന് രാത്രി 11 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിച്ചേർത്തു. അറസ്റ്റ് ചെയ്ത പ്രതിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. 24 മണിക്കൂർ തികയാൻ അഞ്ചു മിനിട്ട് അവശേഷിക്കേ, അഞ്ചിന് രാത്രി 11.55 ന് പ്രതിയെ മജിസ്‌ട്രേറ്റ് എൽസ കാതറിൻ മുമ്പാകെ പൊലീസുകാർ മുഖേന ഹാജരാക്കി.
ഈ സമയം, പ്രതിയുടെ വക്കാലത്ത് എടുത്തിരുന്ന അഡ്വ. രവി പ്രസാദ് അവിടെയുണ്ടായിരുന്നു. ഇയാൾ എന്തിന് വന്നുവെന്ന് ചോദിച്ച് പൊലീസ് തട്ടിക്കയറുകയും ചെയ്തു. തിരുവല്ലാ ടൗൺ എൽ.സി. സെക്രട്ടറി കൂടിയായ രവിപ്രസാദ് പൊലീസുകാരെ ഗൗനിച്ചതുമില്ല. അതീവ ഗൗരവമുള്ള കേസുകളിലെ പ്രതികളെ മാത്രമേ രാത്രികാലങ്ങളിൽ തന്റെ വീട്ടിൽ ഹാജരാക്കാവൂ എന്ന് മജിസ്‌ട്രേറ്റ് നേരത്തേ തന്നെ തിരുവല്ലാ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നുവത്രേ. അത് മറികടന്നു കൊണ്ടുവന്ന പ്രതിയെയും പൊലീസുകാരെയും കണ്ട് മജിസ്‌ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ പറഞ്ഞു. ഉടൻ തന്നെ പൊലീസുകാർ സി.ഐയെ വിളിച്ചു. താൻ ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദൂരെയാണെന്ന് സിഐ മറുപടി നൽകി. സിഐ വന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.
പുലർച്ചെ ഒന്നര കഴിഞ്ഞിട്ടും സി.ഐ വരാതിരുന്നതോടെ പ്രതിഭാഗം വക്കീൽ ഇനി കാത്തിരിക്കാൻ പറ്റില്ലെന്നും തന്റെ കക്ഷിക്ക് ജാമ്യം അനുവദിക്കണമെന്നും നിർദേശിച്ചു. ഇതിനിടെ മജിസ്‌ട്രേറ്റ് പ്രതിയോട് അറസ്റ്റ് ചെയ്ത സമയവും അന്വേഷിച്ചു. തലേന്ന് രാത്രി 10 മണിക്കാണെന്നു പ്രതി മൊഴി നൽകി. ഇതോടെ പ്രതിക്ക് ജാമ്യം അനുവദിച്ചു. പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസ് കൊടുത്തത് പൊലീസുകാർക്കാണെങ്കിലും സി.ഐ ആയിരുന്നു ഹാജരാകേണ്ടിയിരുന്നത്.
ബുധനാഴ്ച കോടതി അവധി ആയിരുന്നതിനാൽ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമായിരുന്നു. എസ്.ഐയെ പറഞ്ഞു വിടുകയാണ് സി.ഐ ചെയ്തത്. കോടതി ഇത് അനുവദിച്ചില്ല. സിഐ ഹാജരായേ പറ്റൂവെന്ന് ഉത്തരവിട്ടു. ഇതിൻ പ്രകാരം ഇന്നലെ രാവിലെ 11 ന് ഹാജരായ സി.ഐയെ വൈകിട്ട് 3.30 വരെ കോടതി മുറിക്കുള്ളിൽ നിർത്തി. അതിനു ശേഷം ചേമ്പറിന് അടുത്തേക്ക് വിളിച്ച് ശാസിക്കുകയായിരുന്നു. മലയാളത്തിലുള്ള സി.ആർ.പി.സി പുസ്തകം നൽകുകയും സെക്ഷൻ 57 വായിപ്പിക്കുകയും ചെയ്തു. ഓപ്പൺ കോടതിയിൽ ആയിരുന്നു ഇതെന്നതിനാൽ അഭിഭാഷകരും കക്ഷികളുമടക്കമുള്ളവർ കേൾക്കുകയും ചെയ്തു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ആർ. ഷാജിമോഹനും അഡ്വ. രവിപ്രസാദും ഹാജരായി.
ഇതിനു പിന്നാലെ സി.ഐ മനോജിനെ തിരുവല്ലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവും വന്നു. സംസ്ഥാനമാകെയുള്ള അഴിച്ചുപണിയുടെ ഭാഗമായിട്ടായിരുന്നു ഇത്. കെ.എ. വിദ്യാധരനാണ് പുതിയ സിഐ