തിരുവല്ല: കോടികൾ കൈയിട്ടു വാരി സ്വന്തം കീശ നിറയ്ക്കുന്ന തമ്പുരാക്കന്മാരുള്ള ദേവസ്വം ബോർഡ് ഒരു മിണ്ടാപ്രാണിയോട് കാണിക്കുന്ന ക്രൂരതയുടെ കഥയാണിത്.

കേവലം ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് മാത്രം ചെയ്യാവുന്ന ഒരു പ്രവൃത്തിക്ക് അനുമതി നൽകാത്തതിന്റെ പേരിൽ ഒരു ആന അനുഭവിക്കുന്ന ദുരിതത്തിന്റെ കഥ. കണ്ടു നിൽക്കുന്നവരുടെയും കേട്ടറിയുന്നവരുടെയും കരളലിയിക്കുന്ന കഥ. വളർന്നിറങ്ങിയ കൊമ്പുകളുായി തീറ്റയെടുക്കാൻ പോലും വിഷമിക്കുന്ന തിരുവല്ല ജയരാജൻ എന്ന പാവം കരിവീരന്റെ ദുരിതകഥ.

നീണ്ടു വളർന്നു വളഞ്ഞ കൂട്ടു കൊമ്പുകൾക്കിടയിലൂടെ തീറ്റയെടുക്കാൻ കഴിയാതെ നിസഹായാവസ്ഥയിലാണ് കുട്ടിക്കൊമ്പൻ ജയരാജൻ. ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ആനയാണ് ജയരാജൻ. കൊമ്പുകൾ ഈ നിലയിലായിട്ട് മാസങ്ങൾ ഏറെയായി. കൊമ്പ് മുറിച്ചു നീക്കുന്നതിനുള്ള അനുമതി തേടി ഒരു കൊല്ലം മുൻപ് ദേവസ്വം സബ്ഗ്രൂപ്പ് അധികൃതർ ഡെപ്യൂട്ടി കമ്മിഷണർക്ക് അപേക്ഷ നൽകിയിരുന്നു.

നടപടി ഒന്നുമില്ലാതെ വന്നപ്പോൾ മൂന്ന് മാസം മുമ്പ് വീണ്ടും അപേക്ഷ നൽകി. ഇപ്പോഴും അനക്കമില്ല. അന്തിമ തീരുമാനം എടുക്കേണ്ട ദേവസ്വം ബോർഡും അനുമതി നൽകേണ്ട വകുപ്പുകളും ഒരേ പോലെ അനാസ്ഥ കാട്ടിയതാണ് ജയരാജന് ദുരിതം സമ്മാനിച്ചത്. മദപ്പാടു കാലം അടുത്തു വരുന്ന ജയരാജനെ വരുന്ന ഒരു മാസത്തിനുള്ളിൽ തളയ്ക്കും.

മദപ്പാട് അവസാനിക്കാൻ നാലു മാസം വേണ്ടി വരും. മദപ്പാട് സമയത്ത് ആരെയും
ആനഅടുത്തേക്ക് അടുപ്പിക്കില്ല. മുറിക്കാൻ കാലതാമസം നേരിട്ടാൽ വളർന്ന കൊമ്പുകളുമായി തീറ്റ എടുക്കാൻ കഴിയാതെ ജയരാജന് മദപ്പാടു കാലം കഴിക്കേണ്ടിവരും. ഇത് ആനയുടെ ആരോഗ്യത്തിനു തന്നെ ഭീഷണിയായേക്കും. കൊമ്പുകൾ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അനുമതി പത്തനംതിട്ട ദേവസ്വം ഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ചതായും മദപ്പാട് ആരംഭിക്കുന്നതിന് മുമ്പേ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തിരുവല്ല സബ്ഗ്രൂപ്പ് ഓഫീസർ പറയാൻ തുടങ്ങിയിട്ടും നാളുകൾ ഏറെയായി.

കൊമ്പ് വളർന്ന് കൂട്ടിമുട്ടാറായ നിലയിൽ കുട്ടിക്കൊമ്പൻ ജയരാജൻ. കൂട്ടുകൊമ്പ് മൂലം ശരിക്ക്
തീറ്റയെടുക്കാനാവാതെ ദുരിതത്തിലാണ് ശ്രീവല്ലഭക്ഷേത്രത്തിലെ ഈ ആന. രണ്ട് വർഷം മുമ്പ് ആനയുടെ കൊമ്പ് മുറിച്ചിരുന്നു. തുമ്പിക്കൈയുടെ മുന്നിലേക്ക് കൊമ്പ് വളഞ്ഞ്് വളർന്നിറങ്ങുന്ന പ്രകൃതമാണ് ജയരാജന്റേത്. കൂട്ടുകൊമ്പ് വളർച്ചയനുസരിച്ച് മുറിച്ചുനീക്കിയില്ലെങ്കിൽ
തുമ്പിക്കൈ ഉയർത്താനാവാതെ ആന ക്ലേശിക്കും. മദപ്പാടുള്ള സമയത്ത് ആന കൊമ്പ് നിലത്തിടിക്കുമ്പോൾ ഒടിയാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി അനിശ്ചിതത്വത്തിൽ തുടരുന്ന നടപടി പ്രാവർത്തികമാക്കാൻ അധികൃതർക്ക് സാധ്യമാകുമോ എന്ന ആശങ്ക ആനപ്രേമികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. കാണുന്നവരുടെ മനസിൽ ജയരാജൻ ഇപ്പോഴൊരു ദുരിതചിത്രമാണ്. തുമ്പിക്കൈ സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയാത്ത ആനയെ കണ്ടാൽ മൃഗസ്‌നേഹികൾ അല്ലാത്തവരുടെ പോലും മനസലിയും. എന്നാൽ ദേവസം ബോർഡിലെ അധികാരികൾ മാത്രം കരുണകാട്ടുന്നില്ല. അതുകൊണ്ട് തന്നെ ഗജരാജകുമാരപട്ടം നേടിയ ആനയുടെ ദുർഗതി തുടരുകയാണ്.

ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും സംയുക്ത അനുമതിയോടെയേ കൊമ്പ് മുറിക്കാനാവൂ. എന്നാൽ ദേവസ്വം ബോർഡിന്റെ അനുമതി കൊമ്പ് മുറിക്കാൻ ലഭിച്ചതായി അധികൃതർ പറയുന്നു. വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ മുറിച്ചുനീക്കാൻ നടപടി സ്വീകരിച്ചുവരുന്നതായാണ് ദേവസം ബോർഡ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിശദീകരണം.