പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ സിപിഐഎം ലോക്കൽ സെക്രട്ടറി മുങ്ങി. ഭർത്താവ് വിദേശത്തുള്ള യുവതി അവിഹിതഗർഭം ധരിച്ച് പ്രസവിച്ചതോടെ, മാനം രക്ഷിക്കാൻ ലോക്കൽ സെക്രട്ടറിക്കെതിരേ പരാതി നൽകി. തീപ്പൊരി നേതാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഭയന്നതോടെ യുവതി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകി.

ഇനിയും പൊലീസുകാരെ വിഷമിപ്പിക്കണ്ട എന്ന് കരുതി ലോക്കൽസെക്രട്ടറി ഒളിവിലും. തിരുവല്ല നോർത്ത് എൽ.സി. സെക്രട്ടറി സജിമോനാണ് കഥാനായകൻ. യുവതി പരാതി നൽകുമ്പോൾ നാട്ടിലൂടെ നെഞ്ചു വിരിച്ച് നടക്കുകയായിരുന്നു ഇദ്ദേഹം. ഞങ്ങളുടെ പൊലീസ് ഞങ്ങളെ ഒന്നും ചെയ്യില്ലെന്ന് കരുതി. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാൽ, മജിസ്ട്രേറ്റിന് യുവതി മൊഴി കൊടുത്തതോടെ സജി മോൻ പെട്ടു. ഒളിവിൽപ്പോവുകയും ചെയ്തു.

കഥയിങ്ങനെ: നാലുവർഷത്തോളമായി വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ കട നടത്തുകയാണ് സജിമോൻ. കെട്ടിടം ഉടമയായ വീട്ടമ്മ ഇതോട് ചേർന്ന് തന്നെയാണ് താമസിക്കുന്നത്. രണ്ടു മക്കളുള്ള, ഭർത്താവ് വിദേശത്തായ യുവതിയും സജിമോനുമായി അടുത്തു. എന്നാൽ, പുറമേ നിന്ന് നോക്കുന്നവർക്ക് ഇവർ വെറും കെട്ടിടം ഉടമയും വാടക്കാരനും മാത്രമായിട്ടാണ് തോന്നിയത്. അതുകൊണ്ട് തന്നെ ആരും സംശയിച്ചില്ല. ഇതിനിടെ സജിമോനിൽ നിന്ന് യുവതി ഗർഭിണിയായി. വിവരം ഭർത്താവും ബന്ധുക്കളും അറിഞ്ഞതോടെ യുവതി സജിമോനെതിരേ പൊലീസിൽ പരാതി നൽകി.

സിപിഐഎം ലോക്കൽ സെക്രട്ടറിയായതിനാൽ പൊലീസ് അനങ്ങിയില്ല. യുവതി പ്രസവത്തിനായി ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ചെയ്തു. ഇതോടെ പൊലീസിനും സജിക്കും കുറച്ച് റിലാക്സേഷനുണ്ടായി. എന്നാൽ, പ്രസവം കഴിഞ്ഞ യുവതി പരാതിയുമായി ഗൗരവമായി മുന്നോട്ട് പോയി. മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യമൊഴിയും കൊടുത്തു. പരാതി ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

376 അടക്കം ചാർജ് ചെയ്തിട്ടുള്ള കേസിൽ മജിസ്ട്രേട്ടിന്റെ മൊഴിപകർപ്പിന് കാലതാമസം എടുത്തു എന്ന ന്യായം നിരത്തി രക്ഷപെടാനാണ് പൊലീസ് ശ്രമം. സംഭവത്തെചൊല്ലി പാർട്ടി ചുമതലകളിൽനിന്നും ഇയാളെ ഒഴിവാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിവരെ പ്രതി ചുമത്രയിലുള്ള വീട്ടിലുണ്ടായിരുന്നതായാണ് സൂചന. കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ പിറ്റേന്ന് വെളുപ്പിനെ ഇയാൾ നാടുവിട്ടതായി പറയപ്പെടുന്നു. പാർട്ടിയിലെ പ്രബലവിഭാഗത്തിന്റെ സംരക്ഷണം ഇയാൾക്കുണ്ടായിരുന്നുവെന്നാണ് സംസാരം.