തിരുവല്ല: നഗരമധ്യത്തിലെ വിദ്യാലയത്തിൽനിന്നു കാണാതായ മൂന്നു പ്ലസ്‌വൺ വിദ്യാർത്ഥിനികളിൽ രണ്ടുപേർ തിരിച്ചെത്തി. ഇരുപത്തൊന്നുകാരനായ കാമുകനൊപ്പം ഒളിവിൽപോയ പെൺകുട്ടിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

എസ്‌സിഎസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വൺ വദ്യാർത്ഥിനികളെയാണ് 11 മുതൽ കാണാതായത്. ഇതിൽ രണ്ടുപേരാണ് ഇന്നു തിരിച്ചെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ തിരുവല്ല റയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായരിന്നു.

ഷൊർണ്ണൂരിൽനിന്നാണ് തങ്ങൾ വരുന്നതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം വീട്ടുകാർ അറിഞ്ഞതിലുള്ള ഭയത്താലാണ് തങ്ങൾ നാടുവിട്ടതെന്നാണ് കുട്ടികൾ പൊലീസിന് മൊഴിനൽകിയത്. 11ന് രാവിലെ സ്‌കൂളിൽ നടന്ന കണക്ക് പരീക്ഷയിൽ മൂവരും ഹാജരായിരുന്നില്ല. ഈ വിവരം സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. വീട്ടുകാർ വഴക്കുപറയുമെന്ന ഭയത്താലാണ് നാടുവിടുവാൻ തീരമാനിച്ചതെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.

സ്‌കൂളിൽനിന്നും മുങ്ങിയ മൂവരും ആലപ്പുഴയിലേക്കാണ് ആദ്യം കടന്നത്. അവിടെനിന്നും തങ്ങൾ നാടുവിടുവാൻ തീരുമാനിച്ച വിവരം പെൺകുട്ടികളിൽ ഒരാളുടെ കാമുകനെ അറിയിച്ചു. കൊല്ലത്ത് എത്താനുള്ള കാമുകന്റെ നിർദ്ദേശപ്രകാരം ഇവർ ആലപ്പുഴയിൽനിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ചു. ഈ യാത്രക്കിടയിലാണ് തകഴി ഭാഗത്തുവച്ച് സ്‌കൂൾ ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞത്. കൊല്ലത്ത് എത്തിയ ഇവർ കാമുകനൊപ്പം എറണാകുളത്തേക്ക് പോയി. ഇവിടെനിന്ന് കണ്ണൂരിലേക്കും മൈസൂരിലേക്കും തിരിച്ച് ഷൊർണ്ണൂരിലേക്കും യാത്രതിരിച്ചു. പൊലീസ് അന്വേഷണം ശക്തമാക്കിയ വിവരം അറിഞ്ഞതാണ് തിരിച്ചുപോരാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മൂന്നാമത്തെ വിദ്യാർത്ഥിനിയും കാമുകനും തങ്ങളെ ഷൊർണ്ണൂരിൽനിന്നും ട്രെയിനിൽ കയറ്റിവിട്ടെന്നാണ് തിരികെയെത്തിയവർ പറഞ്ഞത്. വിദ്യാർത്ഥിനിയും കാമുകനും ഇടുക്കിയിലേക്ക് പോകാൻ തീരുമാനിച്ചതായാണ് തിരികെ എത്തിയവർ മൊഴി നൽകിയത്. മാതാപിതാക്കൾക്ക് നൽകിയ കത്തിൽ താനും കാമുകനും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും തങ്ങളെ തേടിനടന്ന് ഉപദ്രവിക്കരുതെന്നും പറയുന്നു.

കാമുകന്റെ മൊബൈൽ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇരുവരും എറണാകുളത്ത് ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ആരംഭം മുതൽ ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണമാണ് കേസ്സിന്റെ വഴിത്തിരിവിനും പെൺകുട്ടികളുടെ തിരിച്ചുവരവിനും ഇടയാക്കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിലും ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുമ്പാകെയും ഹാജരാക്കിയ പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചതായി സിഐ വി രാജീവ് അറിയിച്ചു.

മൂന്നു വിദ്യാർത്ഥിനികളും പെൺവാണിഭസംഘത്തിന്റെ പിടിയിൽപ്പെട്ടിരിക്കാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. തിരോധാനത്തിനു പിന്നിൽ പെൺകുട്ടികളിൽ ഒരാളുടെ കാമുകന് പങ്കുള്ളതായും സൂചന ലഭിച്ചിരുന്നു. പെൺകുട്ടികളെ കാണാതായതിനുശേഷം ഇവരുമായി അടുപ്പം പുലർത്തിയിരുന്നവരിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഈ യുവാവിനെയും അടുത്ത ദിവസം തന്നെ സ്‌റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു. തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

പിന്നീട് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വിദ്യാർത്ഥിനികളുടെ ഉറ്റസുഹൃത്തായ മറ്റൊരു പെൺകുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും കൂടുതലായി വിവരം ലഭിച്ചിരുന്നില്ല.

സ്‌കൂളിലേക്കെന്നു പറഞ്ഞാണ് കുട്ടികൾ ബുധനാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയത്. അന്നു വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. അന്നേദിവസം രാവിലെ കുട്ടികൾ മൂവരും സ്‌കൂളിൽ എത്തിയിരുന്നതായും ക്ലാസിൽ കയറിയിരുന്നില്ലെന്നും സഹപാഠികൾ പറയുന്നു. കാണാതായ കുട്ടികളിൽ ഒരാളുടെ പുസ്തകവും ബുക്കും അടങ്ങിയ സ്‌കൂൾ ബാഗ് വ്യാഴാഴ്ച രാത്രി 11 മണിയോടെ തകഴി റെയിൽവേ ക്രോസിനുസമീപമുള്ള വയലിൽനിന്നും കണ്ടെടുത്തിരുന്നു. ബാഗ് പരിശോധിച്ചതിൽനിന്നും കുട്ടികളുടെ തിരോധാനം സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.