പത്തനംതിട്ട: കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന ചാനൽ പ്രവർത്തകർക്ക് തിരിച്ചടി നേരിട്ട സംഭവം ഇതാ തിരുവല്ലയിൽ നിന്ന്.

മൂന്നു കുട്ടികളുടെ അമ്മയും 44കാരിയുമായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ അയൽപക്കത്തെ 36 കാരനെതിരേ പരാതി നൽകിയിട്ടും നടപടിയില്ല എന്ന വാർത്ത ആഘോഷമാക്കിയ ചാനലുകാരാണ് വെട്ടിലായത്. വടക്കാഞ്ചേരി പീഡനം വിവാദമായ അന്നു തന്നെ സമാന സംഭവം അന്വേഷിച്ചിറങ്ങിയ ചാനലുകാർ ഈ വാർത്ത തകർത്തു. ഇന്നലെ നാട്ടുകാരുടെ പരാതി യുവതിക്ക് എതിരേ വന്നതോടെ കഥയ്ക്ക് ആന്റി ക്ലൈമാക്‌സുമായി.

സമീപത്തെ വീട്ടിലെ യുവാവുമായുള്ള പ്രണയബന്ധവും ഫോൺ സല്ലാപവും ഭർത്താവ് കണ്ടുപിടിച്ചപ്പോൾ യുവാവിനെതിരേ യുവതി പീഡനത്തിന് പരാതി നൽകുകയായിരുന്നു. കഥ മുഴുവൻ അറിയാവുന്ന നാട്ടുകാർ യുവതിക്ക് എതിരേ ഒന്നടങ്കം രംഗത്ത്. തിരുവല്ല കോട്ടത്തോട് പാറയിൽ കോളനിയിൽ താമസിക്കുന്ന 44 വയസുകാരി വീട്ടമ്മയാണ് 36 വയസുള്ള യുവാവിനെതിരേ പീഡനത്തിന് പരാതി നൽകിയത്. മൂന്നു കുട്ടികളുടെ മാതാവായ വീട്ടമ്മ എസ്.ടി പ്രമോട്ടർ കൂടിയാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ട തന്നെ പട്ടികജാതിക്കാരനായ യുവാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസെടുക്കാൻ വൈകിയതിന്റെ പേരിൽ പൊലീസിനെയും ഇവർ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു.

ഒടുവിൽ യുവാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് കോളനി നിവാസികളായ 21 കുടുംബങ്ങൾ ഒപ്പിട്ട പരാതി യുവതിക്കെതിരേ ഡിവൈ.എസ്‌പിക്ക് ലഭിച്ചത്. ഇത് പീഡനമല്ലെന്നും കഴിഞ്ഞ നാലുവർഷത്തോളമായി ഇവർ പ്രണയബദ്ധരാണെന്നും പരാതിയിൽ പറയുന്നു. യുവാവിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് ഇവരുടെ ഭർത്താവ് മനസിലാക്കുകയും ഇതിന്റെ പേരിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനു ശേഷമാണ് പീഡനമാണെന്ന് പറഞ്ഞ് യുവതി പരാതി നൽകിയത്.

പീഡിപ്പിച്ചതായി ആരോപിക്കുന്ന യുവാവിന്റെ ഫോണിലേക്ക് യുവതി നിരവധി തവണ വിളിച്ചിരുന്നു. പിന്നീട് യുവാവ് ഫോണെടുക്കാതെ വന്നു. തുടർന്ന് കുറ്റൂരിലുള്ള ഒരു പെൺകുട്ടിയുടെ ഫോണിൽ നിന്നും വീട്ടമ്മ യുവാവിനെ വിളിച്ച് സംസാരിച്ചു. ഫോൺ സംഭാഷണം ഈ പെൺകുട്ടി റെക്കോഡ് ചെയ്തിരുന്നു. ഇത് വീട്ടമ്മയുടെ ഭർത്താവിനെ അറിയിച്ച ശേഷം മൂത്ത മകന്റെ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണ് പീഡനത്തിന് പരാതി വന്നതെന്നും നാട്ടുകാർ പറയുന്നു. യുവതിയുടെ പരാതി വ്യക്തമായി അന്വേഷിച്ചു മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂ എന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഇരുവരുടെയും കോൾലിസ്റ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നാട്ടുകാരുടെ മൊഴി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറാകണമെന്നും നാട്ടുകാർ പറയുന്നു. കോളനി നിവാസികളുടെ പരാതി ലഭിച്ചതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്‌പി ചന്ദ്രശേഖര പിള്ള പറഞ്ഞു.