- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈസലിനെ ജിഷ്ണു പരിചയപ്പെട്ടത് ജയിലിൽ വച്ച്; സന്ദീപ് ലോക്കൽ സെക്രട്ടറിയായി ഉയർന്നതോടെ പഴയ പ്രതികാരം പുതിയ തലത്തിലെത്തി; അമ്മയുടെ 'ജോലി കളയിക്കുമെന്ന' സംശയം ഗുണ്ടാതലവനെ കൊലപാതകിയാക്കി; തിരുവല്ലയിൽ പ്രശ്നം ക്വട്ടേഷൻ സംഘമെന്ന് ബിജെപി; സിപിഎം ആരോപണം തള്ളി ആർ എസ് എസും
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് വിശദീകരിക്കുകയാണ് ബിജെപി.
മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസിനോ സംഘ പരിവാർ സംഘടനകൾക്കോ യാതൊരു ബന്ധവും ഇല്ലെന്ന് ജില്ലാ കാര്യവാഹ് ജി. രജീഷും പറഞ്ഞു. സംഭവം ആർഎസ്എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തെ ജില്ലാ കാര്യസമിതി ശക്തമായി അപലപിക്കുന്നു. ആർഎസ്എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. സംഭവത്തിൽ ശരിയായ അന്വേഷണം നടത്തി കൊലയ്ക്ക് പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം. മാധ്യമങ്ങൾ ശരിയായി അന്വേഷിച്ച് ഉത്തരവാദിത്തത്തോടെ വാർത്ത റിപ്പോർട്ട് ചെയ്യണമെന്നും രജീഷ് കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ അധ്യക്ഷൻ വി.എ. സൂരജും കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം സന്ദീപിന്റേത് രാഷ്ട്രീയക്കൊലപാതകമല്ല, വ്യക്തിവൈരാഗ്യം മൂലമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസും സൂചന നൽകുന്നു. ഇന്ന് പുലർച്ചയോടെയാണ് നാല് പ്രതികൾ അറസ്റ്റിലായത്. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ജയിലിൽ വച്ചാണ് ജിഷ്ണു മുഹമ്മദ് ഫൈസലിനെ പരിചയപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് വരുത്തി തീർക്കാർ സിപിഎം നീക്കം നടത്തിയെങ്കിലും പ്രതികൾ അറസ്റ്റിലായതോടെ വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പുറത്തുവരികയായിരുന്നുവെന്ന് പരിവാറുകാർ വിശദീകരിക്കുന്നു.
വ്യാഴാഴ്ച രാത്രി 8നാണ് സന്ദീപിനെ ബൈക്കിലെത്തിയ സംഘം നടുറോഡിൽ തടഞ്ഞു നിർത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ബിവറേജസ് കോർപ്പറേഷന്റെ കീഴിൽ തിരുവല്ല പുളിക്കീഴ് പ്രവർത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാർ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് റിപ്പോർട്ട്.
അഞ്ചാറുമാസം മുമ്പ് യുവമോർച്ചാ നേതാവായിരുന്നു ജിഷ്ണു. പിന്നീട് ബിജെപിയുമായി അകന്നു. കേസിൽ പെട്ട മൂന്ന് പേർക്കും ഡിവൈഎഫ്ഐക്കാരാണെന്നാണ് ആർഎസ്എസ് പറയുന്നതു. ഇവരുടെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. ജിഷ്ണു ഒരു ആവേശക്കാരനാണെന്നും സന്ദീപുമായി ജിഷ്ണുവിന് വ്യക്തിപരമായ പ്രശ്നമുണ്ടായിരുന്നു. സന്ദീപ് ഇപ്പോഴാണ് ലോക്കൽ കമ്മറ്റി സെക്രട്ടറിയാകുന്നത്. ഇതിനിടെയാണ് കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പു വരെ ജിഷ്ണു ബിജെപിയിൽ സജീവമായിരുന്നു. കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള ബിജെപി സമരങ്ങളിൽ പ്രധാനിയായിരുന്നു ജിഷ്ണു.
പഞ്ചായത്ത് മെമ്പറായിരുന്ന സന്ദീപ് ഈയിടെ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി. ഇതോടെ മേഖലയിലെ പ്രധാന സിപിഎം നേതാവായി സന്ദീപ് മാറി. ഇത് ജിഷ്ണുവിന് ഉൾക്കൊള്ളനായില്ല. ജവാൻ റം നിർമ്മിക്കുന്ന കമ്പനിയിലെ അമ്മയുടെ ജോലി സന്ദീപ് കളയിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നൽ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചു. കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ഫൈസലുമായി പരിചയത്തിലാവുന്നത് ജയിലിൽ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താൻ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉത്പാദിപ്പിക്കുന്ന ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ ജിഷ്ണുവിന്റെ മാതാവിന് താൽകാലിക ജോലിയുണ്ടായിരുന്നു. ഇത് പാർട്ടി സ്വാധീനം ഉപയോഗിച്ച് സന്ദീപ് നഷ്ടപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ജിഷ്ണുവിന് സന്ദീപുമായി ഉണ്ടായിരുന്ന വൈരാഗ്യം. ഇതിന്റെ പേരിൽ ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു.
പ്രതികളിൽ മൂന്നുപേർക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ട്, ജിഷ്ണു യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കും. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പെരിങ്ങര പഞ്ചായത്ത് 13ാം വാർഡ് മുൻ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ