തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. രണ്ട് എസ് ഐമാർക്കും ഒരു ഗ്രേഡ് എസ് ഐക്കുമെതിരെയാണ് നടപടി. സി ഐക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നടപടി.

കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതം മൂലമെന്ന് കണ്ടെത്തിയിരുന്നു.

ജഡ്ജികുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത്. ശരീരത്തിൽ പരുക്കുകളോ മർദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ല. മരണ കാരണം മർദനമല്ലെങ്കിലും കസ്റ്റഡിയിൽ വെച്ച് പൊലീസ് പ്രതിയെ മർദിച്ചോ എന്നതിൽ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചിരുന്നു.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മർദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു.