- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലം കസ്റ്റഡി മരണത്തിൽ യുവാവിന് മർദ്ദനമേറ്റെന്ന് സൂചിപ്പിച്ചു പോസ്റ്റുമോർട്ടം റിപ്പോർട്ട്; ശരീരത്തിൽ ഉണ്ടായിരുന്നത് 12 ചതവുകൾ; പൊലീസ് മർദ്ദനം ഹൃദ്രോഗം വർധിപ്പിച്ചിരിക്കാമെന്ന് ഡോക്ടർമാർ; മർദ്ദിച്ചു കൊന്നതെന്ന് ആരോപിച്ചു സഹോദരനും
തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിനെ മർദിച്ചിട്ടില്ലെന്ന വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം ആണെങ്കിലും ഇതിന് കാരണമായത് ശരീരത്തിലെ ചതവുകൾ ആയിരിക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം. സുരേഷിന്റെ ശരീരത്തിൽ 12 ഇടങ്ങളിൽ ചതവുകൾ കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ചരുവിള പുത്തൻവീട്ടിൽ സുരേഷ് മരിച്ചത്. ഇതോടെ സംഭവത്തിൽ പൊലീസ് വീണ്ടും പ്രതിക്കൂട്ടിലായി.
ശരീരത്തിലെ ചതവുകൾ ഹൃദ്രോഗം വർധിപ്പിച്ചിരിക്കാമെന്നാണ് ഡോക്ടർമാരുടെ നിലപാട്. മരണകാരണം ഹൃദയാഘാതം എങ്കിലും ചതവുകളിൽ അന്വേഷണം വേണമെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്. കഴുത്തിന്റെ മുൻപിലും വശങ്ങളിലും, വലത് തുടയുടെ പിന്നിലും, കാൽമുട്ടിന് മുകളിൽ മുന്നിൽ, തോളിന് താഴെ ഇടത് കയ്യിന് പിൻഭാഗത്ത്, ഇടത് തുടയും പിന്നിൽ കാൽമുട്ടിന് പിന്നിൽ, മുതുകിൽ ഇടതും വലതുമായി ആറു ഭാഗങ്ങളിലും ചതവുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പരിക്കുകളുടെ വിശദമായ വിവരങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാർ ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കും എന്നാണ് വിവരം.അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ചതവുകൾ സുരേഷിനെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദത്തെ പൊളിക്കുന്നതാണ്. ശരീരത്തിൽ പരിക്കുകൾ ഇല്ലെന്നായിരുന്നു പൊലീസ് വാദം. ഇത് പൊളിയുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.
കസ്റ്റഡി മർദനം സംബന്ധിച്ച ആരോപണം നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സുരേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ ജീപ്പിൽ നിന്ന് ഇറക്കുമ്പോൾ തന്നെ പൊലീസുകാർ മർദിച്ചിരുന്നതായി ആരോപണങ്ങളുണ്ട്. സുരേഷിന് ക്രൂരമർദ്ദനം ഏറ്റിരുന്നെന്ന് സഹോദരൻ സുഭാഷും ആരോപിക്കുന്നു. ശരീരത്തിൽ ഉടനീളം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പൊലീസ് മർദ്ദിച്ച് കൊന്നതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടമെന്നും സുഭാഷ് പറഞ്ഞു.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉൾപ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്റെ കുടുംബവും ആരോപിച്ചതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
പ്രതികളെ രാത്രിയിൽ കസ്റ്റഡയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്നും വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ വീഴ്‌ച്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എസ്‌ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്‌ഐ സജീവ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ