കോഴിക്കോട്: രാഷ്ട്രീയക്കാരെ മൂക്കുകയറിട്ട് നിർത്താമെന്ന് വീരവാദം മുഴക്കിയ മെത്രന്മാരുടെ കെണിയിൽ വീഴേണ്ടെന്ന് പറഞ്ഞ ഉറച്ച നിലപാടുമായി മുസ്ലിം ലീഗ്. തിരുവമ്പാടി സീറ്റിന്റെ പേരിൽ താമരശ്ശേരി രൂപത പരസ്യമായി അവകാശവാദം ഉന്നയിച്ചെങ്കിലും വഴങ്ങേണ്ടെന്ന തീരുമാനം സ്വീകരിച്ച ലീഗ് മണ്ഡലത്തിൽ തോറ്റാൽ പോലും അതിൽ മാന്യതയുണ്ടെന്ന നിലപാടിലാണ്. മലയോര വികസന സമിതിക്ക് സ്വീകാര്യനായ സ്ഥാനാർത്ഥി വേണെന്ന നിലപാട് തള്ളിക്കൊണ്ട് ലീഗ് പിന്മാറാൻ തയ്യാറാകാത്തത്.

സ്ഥാനാർത്ഥികളെ മാറ്റിയ ചരിത്രം കേരളത്തിലുണ്ടെന്ന മലയോര വികസന സമിതിയുടെ ഓർമ്മപ്പെടുത്തലിന് മറുപടിയെന്നവണ്ണമാണ് തിരുവമ്പാടിയിലെ തീരുമാനം മാറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി ലീഗ് അറിയിച്ചത്. തിരുവമ്പാടിയിൽ ലീഗ് മത്സരിക്കുമെന്ന തീരുമാനം കൃത്യവും ഉറച്ചതുമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി മായിൻ ഹാജി വ്യക്തമാക്കി. ലീഗിനും കോൺഗ്രസിനും ഇടയിൽ തർക്കമില്ലാത്ത സാഹചര്യത്തിൽ തിരുമ്പാടിയിൽ ലീഗ് മത്സരിക്കുന്നതിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും മായിൻ ഹാജി പറഞ്ഞു. തിരുവമ്പാടിയിൽ സ്ഥാനാർത്ഥിക്ക് എതിരെ മലയോര വികസന സമിതിയുടെ എതിർപ്പ് തുടരുന്നതിനിടെയാണ് മുസ്‌ലീം ലീഗിന്റെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകാമെന്ന് അറിയിച്ച് മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അയച്ച കത്ത് നേരത്തെ മാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു. എന്നാൽ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ തിരുവമ്പാടി ചോദിച്ചിട്ടില്ലെന്നും ലീഗ് മത്സരിക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്. എങ്കിലും കത്ത് പുറത്തുവന്നത് കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

തിരുവമ്പാടി സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് താമരശേരി രൂപതയും സീറ്റ് ആവശ്യപ്പെട്ട് മലയോര വികസന സമിതിയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് യു ഡി എഫിൽ സീറ്റ് സംബന്ധിച്ച് തർക്കം രൂക്ഷമായിരുന്നു. ലീഗ് പിന്മാറുന്നില്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മലയോര വികസനസമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ലീഗ് വഴങ്ങില്ലെന്ന് വ്യക്തമായതോടെ ഇപ്പോൾ സിപിഎമ്മിനെ സമീപിച്ച് തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ് മലയോര സമിതി.

തിരുവമ്പാടി മണ്ഡലത്തിൽ മലയോര കുടിയേറ്റ കർഷക പ്രാതിനിധ്യം വേണമെന്ന ആവശ്യം നാളുകളായി ഉയരുകയാണ്. ഇതിനായി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു മലയോര വികസന സമിതിയുടെ ആവശ്യം. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് അടുത്തതിനാൽ സീറ്റ് നൽകാനാവില്ലെന്നും അടുത്ത തവണ പരിഗണിക്കാമെന്നും അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തെഴുതി. ഈ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്.

2011 ൽ തന്നെ ഈ സീറ്റിനായുള്ള ആവശ്യം യു ഡി എഫിനുമുന്നിൽ ഉന്നയിച്ചിരുന്നുവെന്നാണ് മലയോര വികസനസമിതി നേതൃത്വം അവകാശപ്പെടുന്നത്. അന്ന് സമിതി പരമാവധി വിട്ടുവീഴ്ച ചെയ്തു. തുടർന്ന് അടുത്ത തവണ സീറ്റ് നൽകാമെന്ന് ഉമ്മൻ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയുമായും കരാറുണ്ടാക്കി. ഈ വാഗ്ദാനം ലംഘിച്ചാണ് ഇപ്പോൾ ലീഗ് നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാൽ, കത്ത് പുറത്തായത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. 2011ൽ താമരശേരി രൂപതയുടെ താത്പര്യപ്രകാരമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് ഉടമ്പടി ഉണ്ടാക്കിയത്. താമരശേരി ബിഷപും അന്നത്തെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉടമ്പടിക്ക് സാക്ഷ്യം വഹിച്ചു.

'ഈ പ്രാവശ്യത്തെ സീറ്റ് വിഭജന ചർച്ചയിൽ തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടിരുന്നല്ലോ. ഇപ്പോഴത്തെ ചില സാഹചര്യങ്ങളിൽ ഞങ്ങൾക്ക് അത് വിട്ടുതരാൻ ബുദ്ധിമുട്ടായി. ഇതിനെതിരെ കുടിയേറ്റ കർഷകർക്കിടയിൽ ഉണ്ടായ ശക്തമായ വികാരങ്ങൾ ഞങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഈ സീറ്റ് കോൺഗ്രസിന് വിട്ടുതരാനും അതിനുപകരം കോൺഗ്രസിൽ നിന്നും മറ്റൊരു സീറ്റ് വാങ്ങി മത്സരിക്കുവാനും സന്നദ്ധരാണെന്ന് അറിയിക്കുന്നു' ഇതാണ് കത്തിലെ ഉള്ളടക്കം. ഈ കത്താണ് പുറത്തുവന്നത്.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് വേണമെന്ന ആവശ്യവുമായി താമരശേരി രൂപതയ്ക്ക് കീഴിലെ മലയോര വികസന സമിതി രംഗത്തു വന്നത്. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ മുസ്ലിം ലീഗ് തയാറായില്ല. ഈ വാദങ്ങളൊന്നും ബാധകമല്ലെന്നാണ് ജില്ലാ ലീഗ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സ്ഥാനാർത്ഥി വി എം ഉമ്മർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തിരക്കിലുമാണ്. മലയോര വികസനസമിതി ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് തിരുത്തുമെന്നും വി എം ഉമ്മറിനായി പ്രവർത്തിക്കുമെന്നുമാണ് ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്.