തൃശൂർ: പൂരപ്പറമ്പുകളിൽ ആനപ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ദേവസ്വത്തിലെ മുതിർന്ന ഗജവീരൻ തിരുവമ്പാടി രാമഭദ്രന് വേണ്ടത്ര ചികിത്സ നൽകാൻ ദേവസ്വം അധികൃതർ മടി കാണിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. ദേവസ്വത്തിന് എതിരായി ആനപ്രേമി സംഘമാണ് ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച വാർത്ത മാദ്ധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് മറുപടിയുമായി രംഗത്തുവന്നത്.

ദേവസ്വത്തെ മനപ്പൂർവ്വം കരിവാരിതേക്കാൻ വേണ്ടിയുള്ളതാണ് ഇത്തരം ആരോപണമാണ് ഇതെന്നാണ് ദേവസ്വം അധികൃതർ വ്യക്തമാക്കുന്നത്. കാലിൽ വ്രണം വന്നും തുമ്പിക്കൈ തളർന്നു കഴിയുന്ന ഗജവീരൻ തിരുവമ്പാടി രാമഭദ്രനെ ചികിത്സിക്കുന്നത് ഏറ്റവും മികച്ച ഡോക്ടർമാരുടെ സംഘമാണെന്ന് ദേവസ്വം അധികൃതർ വിശദീകരിക്കുന്നു. രാമഭദ്രൻ അടക്കമുള്ള ഗജവീരന്മാരെ പരിചരിക്കുന്നത് ഡോ. കെ സി പണിക്കരുടെ നേതൃത്വത്തിലാണ്, ഡോ. പി ബി ഗിരിദാസിനൊപ്പം മൃഗപരിപാലന രംഗത്തെ ആയുർവേദ വിദഗ്ധൻ മഹേശൻ നമ്പൂതിരിപ്പാടും രാമഭദ്രനെ പരിചരിക്കുന്നുണ്ടെന്ന് ദേവസ്വം അധികൃതർ വിശദീകരിച്ചു.

തിരുവമ്പാടി രമഭദ്രനെ കുറിച്ച് ദേവസ്വം ബോർഡിനെ അധിക്ഷേപിക്കുന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നതിന് കാരണം വിദേശപണം പറ്റുന്ന ചില എൻജിഒകളാണെന്നും ദേവസ്വം അധികൃതർ ആരോപിച്ചു. തൃശ്ശൂർ പൂരം അടക്കം തടയാൻ വേണ്ടി ഇക്കൂട്ടർ ശ്രമം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി ദേവസ്വത്തിനെതിരെ ചില കേസുകളും ഇവർ നൽകിയിട്ടുണ്ട്. ഇത്തരക്കാരാണ് രാമഭദ്രനെ ദേവസ്വം അധികൃതർ പരിചരിക്കുന്നില്ലെന്ന വിധത്തിൽ പ്രചരണം നത്തുന്നതെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.

തിരുവമ്പാടി രാമഭദ്രന്റെ കാലിലെ വ്രണങ്ങൾ ശ്രദ്ധിക്കപ്പെട്ടത് 2015 മെയിലാണ്. തുടർന്ന് അന്ന് മുതൽ തന്നെ ആനയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കും. മറ്റ് ആനകൾക്ക് പടരാതിരിക്കാൻ വേണ്ടി ആനയെ പ്രത്യേക പരിചരണവും നൽകിയിരുന്നു. ഇതെല്ലാ മറന്നാണ് ദേവസ്വത്തിനെതായ കുപ്രചരണങ്ങളെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു.

ഒരു കാലത്ത് തൃശ്ശൂർ പൂരത്തിന് ഏറ്റവും കുടുതൽ തവണ തിരുവമ്പാടിയുടെ തിടമ്പേറ്റിയ രാമഭദ്രൻ ഇന്ന് നാലു കാലിലും ആഴത്തിലുള്ള വ്രണങ്ങളുമായി തൃശൂർ അമ്പലപുരത്തെ ആനത്താവളത്തിൽ കഴിഞ്ഞ മൂന്നുമാസമായി നരകിച്ചു കഴിയുകയാണെന്നായിരുന്നു വാർത്ത. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആനപ്രേമികളുടെ പ്രിയ കൊമ്പനായിരുന്നു രാമഭദ്രൻ.

തിരുവമ്പാടി ദേവസ്വത്തിന്റെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന തിരുവമ്പാടി രാമഭദ്രൻ കഴിഞ്ഞ വർഷം വരെ പല എഴുന്നള്ളിപ്പുകളിലും സജീവ സാന്നിധ്യമായിരുന്നു. ഒരു ഉത്സവ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ലോറിയിൽ യാത്ര ചെയുമ്പോൾ ഇടുങ്ങിയ സ്ഥലത്ത് ബാലൻസ് ചെയ്ത് നിന്നതുകൊണ്ടാണ് ഭദ്രന്റെ മുട്ടിൽ മുറിവുകൾ ഉണ്ടായതെന്നും അരികുകൾ ലോറിയിൽ ഉരഞ്ഞുണ്ടായ മുറിവുകൾ ചികിത്സ കിട്ടാതെ വ്രണമായി മാറിയതാണ് രാമഭദ്രന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നുമാണ് ആന പ്രേമികൾ ആരോപിക്കുന്നത്. എന്നാൽ ആരോണപങ്ങളാണ് ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞത്.

വാട്ടർ തെറാപ്പി അടക്കം മതിയായ ചികിത്സ നൽകാത്തതാണ് ആനയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന ആരോപമങ്ങളെ ഇപ്പോൾ നടത്തുന്ന ചികിത്സയുടെ വിശാദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടും ദേവസ്വം ബോർഡ് വിശദീകരിച്ചു.