തിരുവനന്തപുരം: ഡിവൈഎസ്‌പി മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയുള്ളവർ പൊലീസ് ജില്ലാ ആസ്ഥാനത്ത് കയറിയിറങ്ങുന്നത് നിർത്തണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നിർദ്ദേശം. പൊലീസുകാർ ജില്ലാ ആസ്ഥാനത്തിലെ സെക്ഷനുകളിൽ ഓരോ ആവശ്യങ്ങൾക്കായി നിരന്തരം കയറി ഇറങ്ങുന്നതിനാൽ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണറുടെ പുതിയ നിർദ്ദേശം. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ ബന്ധപ്പെട്ടാൽ മതി എന്നാണ് കമ്മീഷണർ നൽകിയ ഉത്തരവിലുള്ളത്.

പൊലീസുകാർ സർവീസ് കാര്യങ്ങൾക്കായി അടിക്കടി പൊലീസ് ആസ്ഥാനം കയറി ഇറങ്ങണ്ടെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ നേരിട്ട് തന്നെയോ അഡ്‌മിനിസ്‌ട്രേഷൻ ഡിസിപിയെയോ ബന്ധപ്പെട്ടാൽ മതി എന്നാണ് ഇന്നലെ പുറത്തിറങ്ങിയ നോട്ടിൽ പറയുന്നത്. എന്നാൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരല്ലേ, അവരുടെ ആവശ്യങ്ങൾക്കെല്ലാം കമ്മീഷണറെ വിളിക്കാൻ പറഞ്ഞാൽ അത് സംഭവ്യമല്ലെന്നാണ് പൊലീസുകാർ പറയുന്നത്. സിറ്റി പൊലീസിൽ രണ്ടുതരം നീതിയെന്നാണ് ആക്ഷേപം.

അഡ്‌മിനിസ്‌ട്രേഷൻ ഡിസിപിയുടെ അനുമതി ഇല്ലാതെ ഇനിയൊരാളും സിറ്റി പൊലീസ് ഓഫീസിലേയ്ക്ക് എത്താനും പാടില്ല, അവിടത്തെ ഓഫീസിൽ കയറി ഇറങ്ങാനും പാടില്ല എന്നാണ് ഉത്തരവ്. ഇക്കാര്യം എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തന്റെ കീഴിലുള്ള പൊലീസുകാരെ അറിയിക്കണമെന്നും അതിൽ വീഴ്‌ച്ച വരുത്തിയാൽ അത് ഗൗരവകരമായി കണക്കാക്കുമെന്നും കമ്മീഷണറുടെ ഉത്തരവിലുണ്ട്.

വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമപരവും സർവീസ് അനുബന്ധിയുമായ വിവിധ ആവശ്യങ്ങൾ ഫയലുകളായി ജില്ലാ പൊലീസ് ആസ്ഥാനത്ത് പോയ ശേഷമാണ് വിവിധ ഓഫീസുകളിലേയ്ക്ക് മേൽനടപടികൾക്കായി പോകുന്നത്. ജില്ലയിൽ തന്നെ തീരുമാനമാക്കപ്പെടുന്ന ഫയലുകൾ തീർപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നത് ജില്ലാ പൊലീസ് ആസ്ഥാനത്തെ സെക്ഷനുകളിലാണ്. ആ സമ്പ്രദായത്തിനാണ് ഇപ്പോൾ വിലക്കുണ്ടായിരിക്കുന്നത്. ഇതിനെതിരെ പൊലീസുകാർക്കിടയിൽ തന്നെ അതൃപ്തി പുകയുന്നത്. എല്ലാ കാര്യത്തിനും ഐജി റാങ്കിലുള്ള കമ്മീഷണറെയും അഡ്‌മിനിസ്‌ട്രേഷൻ ഡിസിപിയേയും ബന്ധപ്പെട്ടാൽ മതിയെന്ന് പറഞ്ഞാൽ എത്രപേർ അതിന് തയ്യാറാകുമെന്ന് പൊലീസുകാർ ചോദിക്കുന്നു.

തങ്ങളും സർക്കാർ ജിവനക്കാരല്ലേ, തങ്ങൾക്കും തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തിരക്കാനും അറിയാനുമുള്ള അവകാശങ്ങളില്ലേ? തലസ്ഥാനത്തെ മന്ത്രിമാരുടെയും മറ്റ് വിഐപികളുടെയും സുരക്ഷ ഉറപ്പാക്കി, ക്രമസമാധാനപാലനം ഉറപ്പാക്കി, സമരങ്ങളും മറ്റ് പരിപാടികളും നിരീക്ഷിച്ച്, കേസന്വേഷണങ്ങൾ നടത്തി, മരണവീടുകളിൽ വരെ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി, മാസ്‌ക് ചെക്കിങ്ങും പെറ്റി ടാർജറ്റും തികച്ച്, അതിനിടയിൽ സമയം കണ്ടെത്തിയാണ് തങ്ങളുടെ ആവശ്യങ്ങൾക്കായി ആസ്ഥാനത്തേയ്ക്ക് ഓടിവരുന്നത്. മിക്കപ്പോഴും അപ്പോഴേയ്ക്കും ആസ്ഥാനത്തിലെ ഓഫീസ് പൂട്ടി അവിടത്തെ ജീവനക്കാർ സ്ഥലംവിട്ടിട്ടുണ്ടാകും. അല്ലാതെ ജില്ലാ ആസ്ഥാനത്ത് വെറുതേ കയറി ഇറങ്ങി മിനിസ്റ്റീരിയൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കാൻ ഏത് പൊലീസുകാരനാണ് സമയമെന്ന് അവർ ചോദിക്കുന്നു.

കമ്മീഷണറുടെ നിർദ്ദേശത്തിനെതിരെ വ്യാപക പരാതിയാണ് പൊലീസുകാർക്കിടയിലുള്ളത്. അത് പൊലീസ് അസോസിയേഷനിൽ അവതരിപ്പിക്കാനും അതുവഴി കമ്മീഷണറുടെ ഉത്തരവ് തിരുത്തിക്കാനുമുള്ള ശ്രമത്തിലാണ് അവർ.