തിരുവനന്തപുരം: വോട്ടർമാരെ കൈയിലെടുക്കാനുള്ള എല്ലാ തന്ത്രങ്ങളും ആവിഷ്‌കരിച്ചാണു സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഇറങ്ങുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന എസ് ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായ തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല.

എൻഡിഎ സ്ഥാനാർത്ഥിയായാണു ശ്രീശാന്തിന്റെ രംഗപ്രവേശം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തലസ്ഥാനത്ത് നിന്നുള്ള ഒരേ ഒരു മന്ത്രിയായ വി എസ് ശിവകുമാറിന്റെ സിറ്റിങ്ങ് സീറ്റാണ് തിരുവനന്തപുരം. ഇത്തവണയും ശിവകുമാറിനെ തന്നെയാണ് മണ്ഡലം നിലനിർത്താനായി കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. കേരളാ കോൺഗ്രസിൽ നിന്നും ജനാധിപത്യ കേരളാ കോൺഗ്രസിലെത്തിയ ആന്റണി രാജുവാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

മൂന്നു മുന്നണികൾക്കും വ്യക്തമായ രാഷ്ട്രീയസ്വാധീനമുള്ള ഈ മണ്ഡലത്തിൽ തങ്ങളെ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു വോട്ടർമാർക്കിടയിലേക്കു കുതിച്ചെത്തുകയാണു സ്ഥാനാർത്ഥികൾ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ്, നിയമസഭാ മന്ദിരം, ലോകപ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്നിവയുൾപ്പെടുന്ന മണ്ഡലത്തിലെ മൂന്നു സ്ഥാനാർത്ഥികൾക്കൊപ്പം മറുനാടൻ പ്രതിനിധി സഞ്ചരിച്ചു. അവരുടെ വാർത്തകളിലേക്കും വിശേഷങ്ങളിലേക്കും...

മന്ത്രിയായല്ല, സ്വന്തക്കാരനായി വി എസ് ശിവകുമാർ

ള്ളക്കടവു മേഖലയിലാണു കഴിഞ്ഞ ദിവസം രാവിലെ ശിവകുമാർ പ്രചാരണത്തിനെത്തിയത്. രാവിലെ ഏഴിനു തന്നെ പ്രവർത്തകർക്കൊപ്പം ശിവകുമാർ വോട്ടർമാരെ കാണാനെത്തി. മന്ത്രിയോടൊപ്പം വോട്ടു തേടിയിറങ്ങിയതിന്റെ ആവേശം പ്രവർത്തകരിലും വ്യക്തമായിരുന്നു. സ്വന്തം എംഎൽഎയെ നേരിൽ കണ്ടതോടെ ജനങ്ങളും തങ്ങളുടെ പരാതികളും സങ്കടങ്ങളും അദ്ദേഹത്തെ അറിയിച്ചു. മന്ത്രിയുടെ പരിവേഷമൊന്നും പ്രകടമാക്കാതെ ഏവരുടേയും വിശേഷങ്ങൾ തിരക്കിയും പലരേയും പേരെടുത്ത് വിളിച്ചും ഭവനസന്ദർശനത്തിലായിരുന്നു ശിവകുമാർ.

മന്ത്രി നേരിട്ട് പേരെടുത്ത് വിളിച്ചതിന്റെ സന്തോഷവും പലരുടെയും മുഖത്തു തെളിഞ്ഞു. ഒപ്പം പരാതികളുടെ കെട്ടും മന്ത്രിക്കു മുന്നിൽ വോട്ടർമാർ നിരത്തി. തീരദേശമേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെക്കുറിച്ചായിരുന്നു പലരുടെയും പരാതി. പരാതികൾ ക്ഷമാപൂർവ്വം കേട്ട ശേഷം വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന ഉറപ്പു നൽകുകയു ചെയ്തു. വോട്ടഭ്യർഥിക്കുന്നതിനിടയ്ക്ക് പരിചയമുള്ളവരെ കണ്ടപ്പോൾ കുശലാന്വേഷണവും നടത്തി. ഇടയ്ക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് പ്രവർത്തകരോട് അന്വേഷിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വോട്ടു ചോദിക്കുന്നതിനിടയിൽ യു.ഡിഎഫ് അനുഭാവിയാണെന്നും വിജയം ഉറപ്പാണെന്നും പറഞ്ഞെത്തിയ മത്സ്യ വിൽപ്പനക്കാരിക്ക് താനണിഞ്ഞിരുന്ന ഷാൾ അണിയിച്ചുകൊടുത്താണ് ശിവകുമാർ യാത്രയാക്കിയത്.

 വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചശേഷം തന്റെ പ്രചരണാർഥം പുറത്തിറക്കുന്ന സി.ഡി പ്രകാശനത്തിനായി തിരുവനന്തപുരം മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്കും ശിവകുമാർ പോയി. തീർത്തും ദുർബലരായ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫും ബിജെപിയും രംഗത്തിറക്കിയിരിക്കുന്നതെന്നാണ് ഒപ്പമുള്ള കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിനു കിട്ടുമെന്ന് ശിവകുമാറിനെ കണ്ടശേഷം മടങ്ങിയ സ്ഥലവാസി പറഞ്ഞു. ക്രിക്കറ്റ് താരമായ ശ്രീശാന്ത് ക്രിക്കറ്റ് കളിച്ചാൽ മതി രാഷ്ട്രീയക്കളിക്കു വേണ്ടെന്നും ശിവകുമാറിനു വോട്ടു ചെയ്യുമെന്നുറപ്പിച്ച യുവാവ് പറയുന്നു. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്ന ആന്റണി രാജുവിനു സീറ്റ് നൽകിയതും ശിവകുമാറിനു ഗുണമാകുമെന്നാണ് മറ്റൊരാൾ പറഞ്ഞത്.

തെരഞ്ഞെടുപ്പു ചൂടിനപ്പുറം ശ്രീശാന്തിനെ എതിരേറ്റതു ക്രിക്കറ്റ് ആരാധകരുടെ കൗതുകം; ഒപ്പം ഫ്രീക്കന്മാരും

ശ്രീശാന്ത് ഇന്നു തങ്ങളുടെ മേഖയിലെ വോട്ടർമാരെ നേരിൽ കാണാനെത്തുന്നുവെന്നറിഞ്ഞപ്പോൾ മുതൽ നാട്ടുകാരും പ്രവർത്തകരും ആവേശത്തിലായിരുന്നു. ബിജെപി സ്ഥാനാർത്ഥി ശ്രീശാന്തിന്റെ പ്രചാരണ പരിപാടികളിൽ രാഷ്ട്രീയ ചർച്ചകൾക്കു പുറമെ ക്രിക്കറ്റിന്റെ കൗതുകവും നിറഞ്ഞുനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്തറ രാജീവ് ഗാന്ധി ലെയിനിലായിരുന്നു താരത്തിന്റെ പര്യടനം.

ശ്രീശാന്ത് എത്തുന്ന ഇന്നോവ കാറിന്റെ വാതിൽ തുറക്കുമ്പോഴെ ഏവരുടേയും കണ്ണിൽ ആകാംക്ഷയാണു നിറയുന്നത്. കാറിൽ നിന്ന് ഇറങ്ങുമ്പോഴേ ശ്രീശാന്തിനെ ഉറ്റു നോക്കുകയാണ് ജനങ്ങൾ. വെറും സ്ഥാനാർത്ഥിയല്ല വരുന്നത്. സച്ചിനൊപ്പം ക്രിക്കറ്റ് കളിച്ച മലയാളിയുടെ പ്രിയ ക്രിക്കറ്റർ. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ വാതുവയ്‌പ്പ് വിവാദച്ചുഴിയിൽ എല്ലാം നഷ്ടമാക്കിയ വില്ലൻ. ഒടുവിൽ കോടതിയിൽ കുറ്റ വിമുക്തനായി അഗ്നി ശുദ്ധി വരുത്തിയ ശ്രീശാന്ത്. എല്ലാവർക്കും ഇതെല്ലാം അറിയാം... ഈ താരം വോട്ട് അഭ്യർത്ഥിച്ചെത്തുമെന്ന് ആരും കരുതിയതുമില്ല. എന്നിട്ടും അത് സംഭവിച്ചു. ഇതോടെയാണു ശ്രീശാന്ത് വോട്ട് അഭ്യർത്ഥനയുമായെത്തുമ്പോൾ കൗതുകത്തോടെ ആൾക്കാർ കൂടുന്നത്.

വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് പോലും ലഭിക്കാത്ത സ്വീകരണമാണ് ബിജെപി സ്ഥാനാർത്ഥിയായ ശ്രീശാന്തിനു മുട്ടത്തറയിൽ ലഭിച്ചത്. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള നഗരസഭാ വാർഡ് മേഖലയായിരുന്നിട്ടും ഓരോ വീട്ടിന്റെ മുന്നിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ ശ്രീശാന്തിനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഓരോരുത്തരും. ക്രിക്കറ്റ് താരത്തിന്റെ പരിവേഷവുമായി പ്രചരണത്തിനിറങ്ങിയ ശ്രീശാന്തിനെ ഷാളുകളണിയിച്ചും പൂക്കൾ നൽകിയുമാണ് പലരും സ്വീകരിച്ചത്. ജാഗ്വാർ ഉൾപ്പടെ അനേകം ആഡംബര കാറുകളുള്ള ശ്രീശാന്ത് എന്താ ഇന്നോവയിലെത്തിയത് എന്ന് ചർച്ചചെയ്ത് ചില ഫ്രീക്കന്മാരും ശ്രീശാന്തിനെ കാത്തുനിൽക്കുന്നവർക്കൊപ്പം നിലയുറപ്പിച്ചിരുന്നു. നീല ജീൻസും വെളുത്ത നിറമുള്ള കുർത്തയുമണിഞ്ഞു കെഎൽ 01 എവൈ 655 നമ്പർ ഇന്നോവ കാറിലെത്തിയ ശ്രീശാന്തിനെ വലിയ ആവേശത്തോടെയും ജയ് വിളികളോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വരവറിയിച്ചാണ് ശ്രീശാന്ത് വോട്ടഭ്യർഥിക്കുന്നതിനായി കോളനിയിൽ പ്രവേശിച്ചത്. എല്ലാ വീടുകൾക്ക് മുന്നിലും ശ്രീയെ നേരിൽ കാണാനായി കുടുംബസമേതമാണ് ആളുകൾ കാത്തുനിന്നത്. ശ്രീശാന്തിനൊപ്പം നിന്നു സെൽഫിയെടുക്കാനും പരിചയപ്പെടാനും യുവാക്കൾ മത്സരിച്ചു.

മുതിർന്നവരുടെ അനുഗ്രഹം വാങ്ങിയും യുവാക്കളോട് തമാശ പറഞ്ഞും ജനങ്ങളിലൊരാളായി ശ്രീശാന്ത് മാറി. രാഷ്ട്രീയമായി എതിർചേരിയുടെ അനുഭാവിയാണെന്ന് പറഞ്ഞയാളോട് വോട്ടു ചെയ്തില്ലെങ്കിലും തനിക്കായി പ്രാർത്ഥിക്കണമെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. കളിക്കുന്ന കാലത്ത് ഓരോ വിക്കറ്റും നേടുമ്പോഴുള്ള അതേ ആവേശത്തോടെയാണു ശ്രീയുടെ പ്രചാരണം. അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതിയിലാണ് ശ്രീയുടെ പ്രചാരണമേഖലകൾ. ക്രിക്കറ്റ് താരത്തെ നേരിൽ കണ്ടപ്പോഴുള്ള ആവേശം വോട്ടായി മാറുമെന്നു തന്നെയാണു പ്രതീക്ഷയെന്നു താരത്തിനൊപ്പമുള്ള ബിജെപി പ്രവർത്തകർ പറഞ്ഞു. തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനത്തിനാണ് താൻ വോട്ടു ചോദിക്കുന്നതെന്ന് വോട്ടർമാരോട് പറഞ്ഞാണ് ശ്രീശാന്ത് വോട്ടു തേടുന്നത്. ഇടയ്ക്ക് പരാതിയുമായെത്തിയ സരസ്വതിയമ്മയുടെ കുടിവെള്ളമില്ലെന്നും കറന്റ് കണക്ഷനു അപേക്ഷിച്ചിട്ടു കിട്ടുന്നുമില്ല തുടങ്ങിയ പരാതികൾ ക്ഷമയോടെ കേട്ടുനിന്ന ശേഷം എല്ലാത്തിനും മാറ്റമുണ്ടാകുമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് ശ്രീശാന്ത് ഇവിടെ നിന്ന് അടുത്ത കേന്ദ്രത്തിലേക്കു പോയത്.

പരിചയം പുതുക്കി ആന്റണി രാജു

തിരുവനന്തപുരം മണ്ഡലത്തിന്റെ മുൻ പതിപ്പായ തിരുവനന്തപുരം വെസ്റ്റിൽ എംഎൽഎയായിരുന്ന ആന്റണി രാജു മണ്ഡലത്തിലെത്തിയത് പഴയ പരിചയം പുതുക്കിയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷവും ചാനലുകളിലെ യു.ഡി.എഫ് മുഖമായിരുന്ന ആന്റണി രാജു എൽഡിഎഫ് സ്ഥാനാർത്ഥിയായതെന്തിനെന്നായിരുന്നു ഒരു വോട്ടറുടെ ചോദ്യം. ചാനൽ ചർച്ചയിൽ പ്രകടമാക്കുന്ന അതേ ചുറുചുറുക്കോടെ കൃത്യമായ വിശദീകരണം നൽകിയാണ് ആന്റണി രാജു വോട്ടറെ കൈയിലെടുത്തത്. വഞ്ചിയൂർ മേഖലയിൽ കഴിഞ്ഞ ദിവസം പര്യടനം നടത്തിയ ആന്റണി രാജു എൽഡിഎഫ് പ്രവർത്തകർക്കൊപ്പം വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ്. 20 ഓളം പ്രവർത്തകരുടെ അകമ്പടിയോടെയാണ് ആന്റണി രാജു വോട്ടു തേടി ജനങ്ങൾക്കു മുമ്പിലെത്തിയത്.

യുഡിഎഫിന്റെ അഴിമതി അസഹനീയമായതുകൊണ്ടാണ് താൻ മുന്നണി മാറിയതെന്ന മറുപടിയാണ് ഇതേക്കുറിച്ച് ചോദിക്കുന്ന വോട്ടർമാർക്ക് ആന്റണി രാജു നൽകുന്ന മറുപടി. മകനെ കേന്ദ്രമന്ത്രിയാക്കുന്നതിനായി ബിജെപി പ്രീണനം നടത്തുന്ന കെ എം മാണിയുടെ പാർട്ടിയിൽ തുടരാൻ കഴിയില്ലായെന്ന അവസ്ഥയും മുന്നണി മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം വോട്ടർമാരോട് പറയുന്നു. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. യുഡിഎഫ് ഭരിക്കുമ്പോഴാണ് ആർഎസിഎസിന് വളർച്ചയുണ്ടാകുന്നത്. ഇതിനു തെളിവാണ് തിരുവനന്തപുരം നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലം. 2010ൽ നഗരസഭയിൽ 7 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് 2015ൽ 35 സീറ്റായി മാറി. യുഡിഎഫ് സഹായത്തോടെയാണ് ഇതു സംഭവിച്ചതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വർഗീയതയെ ചെറുക്കണമെന്ന് ആഗ്രഹിക്കുന്ന ജനം ഇതിനു മറുപടി നൽകുമെന്ന് തനിക്കും തന്റെ പ്രവർത്തകർക്കും പൂർണ വിശ്വാസമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. തോളിൽ കൈയിട്ടും ഷേക്ക് ഹാൻഡ് നൽകിയും ഒപ്പം നിന്നു സെൽഫിയെടുത്തും മുന്നോട്ടു പോകുമ്പോൾ വിജയമുറപ്പു തന്നെയാണ് ഒപ്പമുള്ള പ്രവർത്തകരും പറയുന്നത്.