തിരുവനന്തപുരം: തിരുവനനന്തപുരം കോർപ്പേറഷനിലെ 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പിന് കുടപിടിച്ചു ഭരണകക്ഷിയായ സിപിഎം. കോർപറേഷൻ ഓഫിസുകളിൽ നടന്ന ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് ഒടുവിൽ മേയർ ആര്യ രാജേന്ദ്രൻ സമ്മതിച്ചിരുന്നു.നാട്ടുകാർ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടിൽ വരവു വയ്ക്കാതെയുമായിരുന്നു വൻ വെട്ടിപ്പു നടന്നിരിക്കുന്നത്. ബിജെപി ഈ വിഷയം സജീവമായി ഉയർത്തി കൊണ്ടുവന്നതോടെയാണ് സിപിഎം വിഷയത്തിൽ വെട്ടിലായത്.

വസ്തു (കെട്ടിട) നികുതി, ലൈസൻസ് ഫീസ് ഇനങ്ങളിൽ നഗരവാസികൾ അടച്ച തുക വർഷങ്ങളായി കണക്കിൽ വരവു വയ്ക്കാത്തതും പുറത്തു വന്നു. 3 സോണൽ ഓഫിസുകളിൽ നിന്നായി 33,54,169 രൂപ വരവു വയ്ക്കാത്തത് ഇതിനകം വ്യക്തമായി. റസിഡന്റ്‌സ് അസോസിയേഷൻ മേഖലകളിലും മറ്റും കോർപറേഷൻ ജീവനക്കാർ നേരിട്ടെത്തി നികുതി ശേഖരിക്കാറുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വൻ കുടിശികയാണു കംപ്യൂട്ടറിൽ കാണിക്കുന്നത്. പണം അടച്ചതിന്റെ മുൻ രസീതുകൾ കൃത്യമായി സൂക്ഷിച്ചു വച്ചവർ അതുമായി നേരിട്ടെത്തി കണക്കു ശരിയാക്കേണ്ട സ്ഥിതിയാണ്. രസീതുകൾ ഇല്ലാത്തവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

സോണൽ ഓഫിസുകളിൽ ജനങ്ങളിൽ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുൻപോ വികാസ് ഭവനിലെ എസ്‌ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിർദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർ പണം ബാങ്കിൽ അടയ്ക്കാതെയാണ് 33.54 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്. ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ആദ്യം ക്രമക്കേടു കണ്ടെത്തിയത്. 5 ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇവരെ അറസ്റ്റു ചെയ്യാൻ ഇതുവരെ തയ്യാറാകാത്തത്ത ഒത്തുകളി സൂചിപ്പിക്കുന്നതാണ്.

അതിനിടെ നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള മേയറുടെ ശ്രമവും പാളിയിരുന്നു. ഇനി ചർച്ചയില്ലെന്ന് മേയർ വ്യക്തമാക്കി. അതേസമയം, സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു. നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നഗരസഭാ കൗൺസിൽ ഹാളിൽ സമരം നടത്തുന്നത്. ഈ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം കൗൺസിൽ യോഗത്തിൽ പാസ്സാക്കണം എന്നായിരുന്നു ഇന്നത്തെ ചർച്ചയിൽ ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം പൂർത്തിയാകാതെ, ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകാനാവില്ലെന്ന നിലപാട് മേയർ ആവർത്തിച്ചു. ഇതോടെയാണ് സമരം തുടരാനുള്ള ബിജെപി തീരുമാനം. സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

നടന്നത് വൻ തട്ടിപ്പ്

വൻ തട്ടിപ്പാണ് കോർപ്പറേഷനിൽ അരങ്ങേറിയത്. വീട്ടുകരം അടക്കം കൃത്യമായി അടച്ചവർക്ക് ഭീമമായ കുടിശിക നോട്ടീസുകൾ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോർപ്പറേഷന് കീഴിലുള്ള 11 സോണൽ ഓഫീസുകളിൽ മൂന്നിടങ്ങളിൽ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോൾ തന്നെ 33 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. കൂടുതൽ സോണൽ ഓഫീസുകളിൽ പരിശോധന പൂർത്തിയാകുമ്പോൾ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ.

നേമം സോണൽ ഓഫീസിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂർ സോണൽ ഓഫീസിൽ അഞ്ച് ലക്ഷം രൂപയും ആറ്റിപ്ര സോണൽ ഓഫീസിൽ രണ്ട് ലക്ഷം രൂപയും തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ തിരുവനന്തപുരം കോർപ്പറേഷൻ സസ്പെന്റ് ചെയ്തെങ്കിലും നേമം സോണൽ ഓഫീസിന്റെ ചാർജുള്ള സൂപ്രണ്ട് ശാന്തിയെ സിപിഎം സംരക്ഷിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോർപ്പറേഷൻ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയായ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് ശാന്തി.

അഴിമതി നടത്തിയ ജീവനക്കാർക്കെതിരെ പരാതി നൽകാൻ പോലും കോർപ്പറേഷൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. ബിജെപി നൽകിയ പരാതിയിൽ എഫ്ഐആർ ഇടാതിരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടതായും ഇവർ പറയുന്നു. ഒടുവിൽ ബിജെപി കോർപ്പറേഷൻ ഓഫീസിൽ രാപ്പകൽ സമരം ആരംഭിച്ച ശേഷമാണ് എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായത്.

കോർപ്പറേഷനുമായി ബന്ധമുള്ള ബാങ്കുകളുടെ ശാഖകളിലൂടെ ടാക്സ് കളക്ടർമാരുടെ കൂടി സഹായത്തോടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ടാക്സ് കളക്ടർമാർ രണ്ടരലക്ഷം പിരിച്ചാൽ അതിൽ 25000 മാത്രം അടയ്ക്കുകയും ബാക്കി പണം സോണൽ ഓഫീസിലെ ജീവനക്കാർ പങ്കിട്ടെടുക്കുന്നതുമാണ് പതിവ്. എല്ലാമാസവും കൃത്യമായ പങ്ക് കോർപ്പറേഷനിലെയും ബാങ്കിലെയും ഉന്നതർക്ക് എത്തുന്നതായും സൂചനകളുണ്ട്.

ഈ കോവിഡ്കാലത്ത് അന്നന്നത്തെ ചെലവിന് പോലും വകയില്ലാത്ത പട്ടിണി പാവങ്ങളാണ് കുടിശിക നോട്ടീസ് ലഭിച്ചിട്ടുള്ളതിൽ അധികവും. അതിൽ ബഹുഭൂരിപക്ഷംപേരും ഈ വർഷത്തെ അടക്കം കരം കൃത്യമായി അടച്ചവരാണ്. അതിന്റെ രസീതുകളും അവരുടെ പക്കലുണ്ട്. ചുവരിന് സിമന്റ് പൂശാനോ മേൽക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലെങ്കിലും കരം കൃത്യമായി അടച്ചിരുന്ന ശോഭനകുമാരിയും എല്ലാവർഷവും പാളയം സാഫല്യം കോംപ്ലക്സിലെ ജനസേവന കേന്ദ്രത്തിലെത്തികരം അടച്ചിരുന്ന ജയശങ്കറുമൊക്കെ ഈ ക്രമക്കേടിന്റെ ഇരകളാണ്.