- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയരക്കാരെ പിടിക്കാനുള്ള ഓപ്പറേഷൻ അഗ്നിസുരക്ഷയിൽ കുടുങ്ങിയ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയെ പൂട്ടാൻ നഗരസഭയും; അനധികൃത നിർമ്മാണം സ്വയം പൊളിച്ചുമാറ്റിയില്ലെങ്കിൽ കർശനനടപടിയെന്ന് മേയർ വി.കെ.പ്രശാന്ത്; കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി എങ്ങനെ ആശുപത്രിയുടെ ഉയരം കൂട്ടിയെന്ന് കണ്ടുപിടിക്കാൻ അടിയന്തരാന്വേഷണം; നഗരസഭയുടെ നടപടി മറുനാടൻ വാർത്തയെ തുടർന്ന്
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിന്റെ കെട്ടിടത്തിന് എതിരെ ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെ മുന്നറിയിപ്പുമായി തലസ്ഥാനത്തിന്റെ യുവ മേയർ രംഗത്ത്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന അനധികൃത നിർമ്മാണം എത്രയും വേഗം സ്വയം പൊളിച്ച് മാറ്റിയില്ലെങ്കിൽ നഗരസഭ വിഷയത്തിൽ ഇടപെടുമെന്ന് മേയർ അഡ്വക്കേറ്റ് വികെ പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയം നഗരസഭയുടെ ശ്രദ്ധയിൽപെട്ടിടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും മേയർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതി കഠിനമായ വരൾച്ചയാണ് വരുന്നത്, തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അത് അണയ്ക്കുവാൻ വേണ്ട സൗകര്യങ്ങളും വേണം, ഇത്തരത്തിൽ ഒരു സാഹചര്യം വന്നതോടെയാണ് നഗരത്തിലെ പല സ്വകാര്യ ആശുപത്രികളും, വൻകിട കെട്ടിടങ്ങളും പരിശോധന നടത്തിയ റിപ്പോർട്ട് ഫയർ ആൻഡ് റസ്‌ക്യു വിഭാഗം സമർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ അപകട സാധ്യതയുള്ള എല
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിന്റെ കെട്ടിടത്തിന് എതിരെ ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെ മുന്നറിയിപ്പുമായി തലസ്ഥാനത്തിന്റെ യുവ മേയർ രംഗത്ത്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന അനധികൃത നിർമ്മാണം എത്രയും വേഗം സ്വയം പൊളിച്ച് മാറ്റിയില്ലെങ്കിൽ നഗരസഭ വിഷയത്തിൽ ഇടപെടുമെന്ന് മേയർ അഡ്വക്കേറ്റ് വികെ പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയം നഗരസഭയുടെ ശ്രദ്ധയിൽപെട്ടിടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും മേയർ മറുനാടൻ മലയാളിയോട് പറഞ്ഞു.
അതി കഠിനമായ വരൾച്ചയാണ് വരുന്നത്, തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അത് അണയ്ക്കുവാൻ വേണ്ട സൗകര്യങ്ങളും വേണം, ഇത്തരത്തിൽ ഒരു സാഹചര്യം വന്നതോടെയാണ് നഗരത്തിലെ പല സ്വകാര്യ ആശുപത്രികളും, വൻകിട കെട്ടിടങ്ങളും പരിശോധന നടത്തിയ റിപ്പോർട്ട് ഫയർ ആൻഡ് റസ്‌ക്യു വിഭാഗം സമർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ അപകട സാധ്യതയുള്ള എല്ലാ കെട്ടിടങ്ങളെക്കുറിച്ചും വിശദമായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും മേയർ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ കിംസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ റിപ്പോർട്ട്. കിംസ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ മതിയായ രക്ഷാ സംവിധാനമില്ലെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിൽ അധികം ഉയരം തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കുണ്ടെന്നാണ് കണ്ടെത്തൽ. അടിയന്തര നടപടികൾ ഈ ആശുപത്രിക്കെതിരെ എടുക്കണമെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഡിജിപിയായ ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഇക്കാര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ അടിയന്തര നടപടിയെടുത്താൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തേണ്ടി വരും.
ആരും തൊടാൻ മടിക്കുന്ന ഗ്രൂപ്പാണ് കിംസ് ആശുപത്രി. റോഡിന് കുറുകെ രണ്ട് ബിൽഡിംഗുകളെ ബന്ധിക്കാൻ പാലം കെട്ടിയത് ഉൾപ്പെടെ പല ആരോപണങ്ങൾ ഉയർന്നു. ദക്ഷിണ വ്യാമ കമാണ്ടിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഈ പാലമെന്നും വാദമുയർന്നു. ഇതിനൊപ്പം പല ആരോപണങ്ങളും ആശുപത്രിക്കെതിരെ ഉയർന്നു. ഇതെല്ലാം വെറും പരാതികളിൽ ഒതുങ്ങി. അത്തരമൊരു ആശുപത്രിക്കെതിരെയാണ് ടോമിൻ തച്ചങ്കരി നടപടിക്കൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കെട്ടിട നിയമത്തിന് വിരുദ്ധമായി നിർമ്മിച്ചതു കൊണ്ടാണിത്. അതിനിടെ കിംസിനെ രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഉന്നതർ ചരടുവലികൾ തുടങ്ങിയതായും സൂചനയുണ്ട്.
കിംസ് ആശുപത്രിയുടെ മെയിൻ ബ്ലോക്കിന്റെ ഉയരം 35.5 മീറ്റർ ആണെന്നും സൗത്ത് ബ്ലാക്കിന്റെ ഉയരം 30.8 മീറ്റർ ആണെന്നും കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് അനുവദനീയമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. കെട്ടിടത്തിന്റെ ഒക്കുപ്പൻസി ക്യാൻസൽ ചെയ്ത് നിയമപ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫയർഫോഴ്‌സ് ഡിവിഷണൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ടോമിൻ തച്ചങ്കരി ശുപാർശ നൽകിയത്.
കാലാനുസൃതമായ മാറ്റങ്ങൾ അനുസരിച്ച് ആശുപത്രി തുടങ്ങിയ ഇൻസ്റ്റിറ്റിയൂഷണൽ, അസംബ്ലി വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിച്ച് ഉത്തരവാകേണ്ടതിന്റെ ആവശ്യകതയാണ് ഇതിനൊപ്പം തച്ചങ്കരി ചൂണ്ടിക്കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ കെട്ടിടങ്ങളുടെ ഉയരം കൂട്ടിയിട്ടുണ്ട്. കെഎംബിആർ പരിഷ്‌കരിക്കുമ്പോൾ ഇതും പരിഗണിക്കണമെന്നും നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ ചട്ടത്തിൽ മാറ്റം വരുത്തി കിംസിന് വേണ്ടി മുൻകാല പ്രാബല്യം നൽകാനും നീക്കമുണ്ട്. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്
നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവസായ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന പരിസ്ഥിതി ആഘാത പഠനം നടത്തുന്ന അഥോറിറ്റിയായ എസ് ഇ ഐ എഎയും ഇത് പരിഗണിക്കുന്നില്ല. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഥോറിറ്റിയോടും ഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ക്രമക്കേട് നടക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ടോമിൻ തച്ചങ്കരിയുടെ നോട്ടീസിൽ തിരുവനന്തപുരം കോർപ്പറേഷനാണ് നടപടി എടുക്കേണ്ടത്.