- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകാന്തതയിൽ ഒരു തുണ തേടുന്ന മദ്ധ്യവയസ്സ് മുതലിങ്ങോട്ടുള്ളവരെ തെറ്റു പറയാനാകില്ല; അരുൺ ലക്ഷ്യം വെച്ചത് ശാഖയുടെ പണവും കൂട്ടത്തിൽ ലൈംഗിക താത്പര്യവും; ഡോ. അനുജ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം കാരക്കോണം സ്വദേശിയായ 51കാരിയായ ശാഖാകുമാരിയെ 26കാരനായ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക കൂടിയായ ഡോ. അനുജ ജോസഫ്. ജീവിതം രണ്ടു ദിവസം കൊണ്ടു തീരുന്ന യാത്രയല്ലെന്ന് അനുജ ഓർമ്മിപ്പിക്കുന്നു. കയ്‌പ്പേറിയ അനുഭവങ്ങളെ കൂടി തരണം ചെയ്യാൻ കഴിയണം. ബ്ലാക്‌മെയ്ലിങ് പോലുള്ള ചതികളിൽ വീഴാതിരിക്കുക. സ്നേഹം അഭിനയിക്കുന്നവരെ തിരിച്ചറിയാനെങ്കിലുമുള്ള വിവേകം കാണിക്കണമെന്നും തന്റെ കുറിപ്പിൽ അവർ പറയുന്നു.
കുറിപ്പ് ചുവടെ:
'തിരുവനന്തപുരത്തു കാരക്കോണം സ്വദേശി 51വയസ്സുള്ള ശാഖാകുമാരിയെ 28കാരനായ ഭർത്താവ് അരുൺ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ വാർത്തയാണ് ഇന്ന് ഏവരും ചർച്ച ചെയ്യുന്നത്. ധനികയായ ശാഖ വിവാഹമേ വേണ്ടെന്നു വച്ച ആളായിരുന്നുവെന്നും രണ്ടു മാസങ്ങൾക്കു മുൻപാണ് അരുണിനെ പരിചയപ്പെടുന്നതും ആ ബന്ധം വിവാഹത്തിലെത്തുന്നതും തുടർന്നു കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ കഴിയാതെ ശാഖയെ അരുൺ കൊലപ്പെടുത്തുന്നതെന്നുമാണ് വാർത്തകൾ. പ്രായം, ജാതി, സാമ്പത്തികം ഒന്നും വിഷയമില്ല. ജീവിതപങ്കാളിയെ തേടുന്ന പതിവ് മാട്രിമോണിയൽ കാഴ്ച ഇപ്പോൾ ഭീതി നിറയ്ക്കുന്നു.
തങ്ങളുടെ ഏകാന്തതയിൽ ഒരു തുണ തേടുന്ന മദ്ധ്യവയസ്സ് മുതലിങ്ങോടുള്ളവരെ തെറ്റു പറയാനാകില്ല, എന്നാൽ വിവേകമില്ലാതെയുള്ള തീരുമാനങ്ങൾ ജീവൻ പോലും ആപത്തിലാക്കുമെന്നതു മനസ്സിലാക്കുക. ഇവിടെ അരുണിന് ശാഖയുടെ ധനം മാത്രമായിരുന്നു ആവശ്യം. കൂട്ടത്തിൽ ആരായിരുന്നാലും സാരമില്ല ലൈംഗിക താല്പര്യങ്ങളും നടന്നു പോകണം, സമൂഹത്തിന്റ മുന്നിലേക്ക് ഈ ബന്ധം കൊണ്ടു വരാൻ അയാൾ ആഗ്രഹിച്ചില്ല എന്നു വേണം കരുതാൻ.
മറുവശത്തു വിവാഹം മറ്റുള്ളവരെ അറിയിച്ചു ചടങ്ങുകൾ നടത്താനും രജിസ്റ്റർ ചെയ്യാനുമൊക്കെ ശാഖ മുൻകൈയെടുത്തു. ശാഖയുമായുള്ള ബന്ധം ആദ്യം ഒരു തമാശയ്ക്ക് തുടങ്ങിയതാണെന്നും അരുൺ പറയുന്നുണ്ട്. തുടർന്നു ശാഖ യുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ അരുൺ അവരെ വിവാഹം കഴിച്ചതുമായിരിക്കാം. ഇവിടെ ജീവിതം ഒരു fantasy ആയി കണ്ട അരുണിന് യഥാർഥ്യവുമായി പൊരുത്തപ്പെടാനായില്ല. തന്നെക്കാളും ഇരട്ടി പ്രായമുള്ള ഭാര്യ.കൂട്ടുകാർക്കിടയിൽ പരിഹാസകഥാപാത്രമായി മാറിയപ്പോൾ അയാളുടെ ഉള്ളിലെ അപകർഷതാ ബോധം അയാളെ ഒരു കൊലയിലേക്കും നയിച്ചു.
ശാഖ അരുണിനെ അന്ധമായി വിശ്വസിച്ചു കാണണം, കൂട്ടുകാരികൾ അരുണിനെ നീ സൂക്ഷിച്ചോളണം എന്നു പറഞ്ഞപ്പോഴും അവൻ നല്ലവനാ എന്നും പറഞ്ഞായിരുന്നു അവർ പ്രതികരിച്ചത്.പ്രണയത്തിനു കണ്ണില്ലായെന്നു പറഞ്ഞു രണ്ടു പേരുടെയും പ്രായത്തിനു നേരെ കണ്ണടയ്ക്കാമെങ്കിലും, ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് ദമ്പതികൾ തമ്മിലുള്ള മാനസിക പൊരുത്തമാണ് ഏതു വിവാഹ ജീവിതത്തിന്റെയും അടിസ്ഥാനമെന്നതാണ്.
100% perfection ഒന്നിലും പ്രതീക്ഷിക്കാൻ കഴിയില്ല, രണ്ടു പേരുടെയും കുറവുകൾ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുകയെന്നതാണ് ജീവിത വിജയം. ഇതിൽ സമൂഹവും ഒരു പങ്കു വഹിക്കുന്നുണ്ട്. ജീവിക്കുന്ന ചുറ്റുപാടും.ഇവിടെ അരുണിന് സമൂഹത്തിന്റെ മുന്നിൽ ശാഖയെ തന്റെ ഭാര്യയായി അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, അയാളെ ഒരു കൊലപാതകത്തിലേക്കും നയിക്കുകയും ചെയ്തു. ശാഖയെ divorce ചെയ്താൽ പോരായിരുന്നോ, അവരുടെ ജീവൻ എടുക്കേണ്ടിയിരുന്നോ എന്നൊക്കെ ഇനി ചിന്തിക്കുന്നതിൽ അർത്ഥമില്ല.
കേവല പരിചയങ്ങളുടെ പുറത്തു തങ്ങളുടെ ജീവൻ അപായപ്പെടുത്തുന്ന തീരുമാനങ്ങൾ ആരും എടുക്കാതിരിക്കുക. ജീവിതം രണ്ടു ദിവസം കൊണ്ടു തീരുന്ന യാത്രയല്ല. കയ്‌പ്പേറിയ അനുഭവങ്ങളെ കൂടി തരണം ചെയ്യാൻ കഴിയണം. ബ്ലാക്‌മെയ്ലിങ് പോലുള്ള ചതികളിൽ വീഴാതിരിക്കുക. സ്നേഹം അഭിനയിക്കുന്നവരെ തിരിച്ചറിയാനെങ്കിലുമുള്ള വിവേകം കാണിക്കുക.'