തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ മേയർക്ക് ഔദ്യോഗിക വസതി വേണമെന്ന ആവശ്യം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വി ശിവൻകുട്ടി മേയറായിരുന്ന സമയത്ത് ഔദ്യോഗിക വസതി നിർമ്മിക്കുന്ന കാര്യം ആദ്യം പരിഗണിച്ചത്. പുതിയ മേയറായി ആര്യാ രാജേന്ദ്രൻ ചുമതലയേറ്റതിന് പിന്നാലെ മുടവന്മുഗളിലെ വാടക വീട്ടിലെ അസൗകര്യങ്ങൾ ചർച്ചയായിരുന്നു.

മുടവന്മുകൾ കേശവദേവ് റോഡിൽ ഒരു ഇരുചക്രവാഹനം കഷ്ടിച്ച് പോകാവുന്ന ഇടവഴിയിൽ രണ്ട് മുറികളുള്ള ഒറ്റനില വാടകവീട്. തിങ്ങി നിറഞ്ഞ സ്വീകരണ മുറിയിൽ ടിവി, ഒരുവശത്ത് മേശപ്പുറത്ത് പുസ്‌കങ്ങളും പേപ്പറുകളും. ഷെൽഫിൽ ട്രോഫികൾ, ചെറിയ അടുക്കള, അതിന് പുറത്തായി ചായ്‌പ്പും. മേയർ ആര്യാ രാജേന്ദ്രൻ താമസിക്കുന്ന വാടക വീട്ടിലെ സ്ഥിതി ഇതാണ്.

പ്രാരാബ്ധങ്ങളും സാമ്പത്തിക പരാധീനതകളും അറിഞ്ഞ് ഈ വീട്ടിൽ നിന്നുമാണ് 21കാരി ആര്യ തലസ്ഥാനത്തിന്റെ മേയറായി മാറിയത്. മേയറായെങ്കിലും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തുടരുമെന്നും തത്ക്കാലം മറ്റെങ്ങോട്ടും താമസം മാറില്ലെന്നുമാണ് ആര്യാ രാജേന്ദ്രന്റെ അഭിപ്രായം്. എന്നാൽ തലസ്ഥാന നഗരത്തിന്റെ മേയറെ കാണാൻ വീട്ടിൽ എത്തുന്നവർക്ക് വാഹനം കടന്നു ചെല്ലാൻ പറ്റാത്തതടക്കമുള്ള അസൗകര്യങ്ങൾ കൂടി പരിഗണച്ചാണ് ഔദ്യോഗിക വസതി എന്ന കാര്യം ഗൗരവമായി സിപിഎം നേതൃത്വമടക്കം ആലോചിക്കുന്നത്.

മേയർക്ക് ഔദ്യോഗിക വസതി

മേയർക്ക് ഔദ്യോഗിക വസതി വേണമെന്ന പഴയ ആവശ്യം പാർട്ടിയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. വി ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് കുന്നുകുഴി വാർഡിൽ ബാർട്ടൺഹില്ലിൽ എട്ടരകോടി രൂപ ചെലവിൽ മേയർക്ക് ഔദ്യോഗിക വസതി നിർമ്മിക്കാൻ ആലോചന തുടങ്ങിയത്. കഴിഞ്ഞ കൗൺസിലിൽ മേയറായിരുന്ന വി.കെ.പ്രശാന്ത് ഇതിന്റെ തുടർ നടപടികൾ വേഗത്തിലാക്കിയിരുന്നു. തലസ്ഥാനത്ത് എത്തുന്ന മറ്റു മേയർമാർക്കും താമസിക്കാൻ സൗകര്യമുള്ള മന്ദിരമായതിനാൽ നിർമ്മാണച്ചെലവ് തുല്യമായി പങ്കിടാനും കോർപറേഷനുകളുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിച്ചിടത്തെ പ്രദേശവാസികളുടെ എതിർപ്പാണ് തിരിച്ചടിയായത്.

നിർമ്മാണം മുടക്കിയ എതിർപ്പ്

ബാർട്ടൺഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് മൂന്നുനില കെട്ടിടം പണിയാൻ കണ്ടെത്തിയത്. സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് അങ്കണവാടി മാറ്റാനും തീരുമാനിച്ചിരുന്നു. ഏറ്റവും താഴെ മേയറുടെ ഓഫീസും ഓഡിറ്റോറിയവും. രണ്ടാം നിലയിൽ മറ്റു കോർപറേഷനുകളിലെ മേയർമാർ വരുമ്പോൾ താമസിക്കാനുള്ള സൗകര്യം. മൂന്നാം നിലയിലാണ് തലസ്ഥാന മേയറുടെ വസതി. ഈ രീതിയിലാണ് രൂപകൽപ്പന പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണം തുടങ്ങാനിരിക്കെ പ്രദേശവാസികളിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയതോടെ നിർമ്മാണം മുടങ്ങി.

കോഴിക്കോട് മാതൃക

സംസ്ഥാനത്ത് മേയർക്ക് ഔദ്യോഗിക വസതി സ്വന്തമായുള്ളത് കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ്. ഇതേ രീതിയിൽ തന്നെ മേയർ വസതി പണിയാനാണ് തലസ്ഥാന നഗരിയുടെ ഭരണം കൈയാളുന്ന പാർട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് വിവരം. ബാർട്ടൺഹില്ലിലെ നാട്ടുകാരെ വിശ്വാസത്തിലെടുത്ത് ഉടൻ മേയേഴ്സ് ഭവൻ നിർമ്മാണം തുടങ്ങാനാണ് ഇപ്പോൾ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ലൈഫ് പദ്ധതി; ആര്യയുടെ മറുപടി

ആര്യക്ക് സ്വന്തമായി വീടില്ലെന്നറിഞ്ഞപ്പോൾ, എൽഡിഎഫ് സർക്കാർ ലൈഫിൽ വീട് കൊടുത്തില്ലേ എന്ന് നിരവധി പേർ ആര്യയെ പരിഹസിച്ചിരുന്നു. അവരോടെല്ലാം ആര്യ പറഞ്ഞത് ഇങ്ങനെയാണ്: ''രാഷ്ട്രീയത്തിൽ വരുന്ന സമയത്ത് അല്ലെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിൽക്കുന്ന സമയത്ത് ഒക്കെ വീടില്ല എന്നത് ഒരു പോരായ്മയായി കണ്ടിട്ടില്ല അല്ലെങ്കിൽ ഒരു സഹതാപത്തിന് വേണ്ടി ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല .കാരണം നമ്മളെക്കാൾ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ എനിക്കറിയാം. എന്നാൽ ഇത് വലിയ വാർത്തയായി നൽകിയ നവമാധ്യമങ്ങളും പോസ്റ്റുമൊക്കെ ഞാൻ കണ്ടതാണ്. അതിനപ്പുറത്ത് എനിക്ക് പറയാനുള്ളത് ഇത്രയും കാലത്തിൽ അത് ഞാൻ ആരോടും പറഞ്ഞിട്ടില്ല.

പ്രയാസങ്ങൾ ഉണ്ടായിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ് അല്ലെങ്കിൽ കുടുംബത്തിന്റെ കാര്യമാണത്. അങ്ങനെ വീട് കിട്ടിയിരുന്നെങ്കിൽ തെറ്റായ ഒരു പ്രവണതയായി പോകും എന്നെ പറയാനുള്ളു. കാരണം രാഷ്ട്രീയപരമായി ഇടതുപക്ഷത്തിൽ നിൽക്കുന്നവർക്ക് തന്നെ ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ വീട് നൽകാമെന്നൊന്നും സർക്കാർ ആരോടും പറഞ്ഞിട്ടില്ല.

നമ്മളെക്കാൾ സാധാരണക്കാർ ആയിട്ടുള്ള ഒരു പക്ഷേ ഇതിനേക്കാൾ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കാണ് അത് കിട്ടേണ്ടത്. ഞാനും അച്ഛനും അതിൽ തന്നെ ഉറച്ചു നിൽക്കുന്നു''. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയായ ആര്യ രാജേന്ദ്രൻ ഉറച്ച ശബ്ദത്തിൽ പറയുന്നു.