- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതിന് ഇത് ലൈംഗികാതിക്രമമല്ലല്ലോ'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഗ്നതാ പ്രദർശനത്തെ പറ്റി പരാതിപ്പെട്ടപ്പോൾ പ്രിൻസിപ്പാളിന്റെ നാണംകെട്ട ന്യായം; രണ്ട് തവണ നഗ്നതാ പ്രദർശനം നടത്തിയയാളെ പിടികൂടി പൊലീസിലേൽപ്പിച്ചത് വിദ്യാർത്ഥികൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിൽ തുടർച്ചയായ ദിവസങ്ങളിൽ നഗ്നത പ്രദർശനം നടത്തിയയാളെ വിദ്യാർത്ഥികൾ പിടികൂടി പൊലീസിലേൽപ്പിച്ചു. ചെന്നിലോട് സ്വദേശി ഷിനു (32)വിനെയാണ് വിദ്യാർത്ഥികൾ പിടികൂടിയത്.
ആദ്യ ദിവസം തന്നെ നഗ്നതാ പ്രദർശനത്തെ പറ്റി പ്രിൻസിപ്പാളിന് പരാതി നൽകിയെങ്കിലും അദ്ദേഹം പൊലീസിനെ അറിയിച്ചില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ 'അതിന് ഇത് ലൈംഗികാതിക്രമമല്ലല്ലോ' എന്നായിരുന്നു പ്രിൻസിപ്പാളിന്റെ പ്രതികരണം. രണ്ടാം ദിവസവും അയാൾ നഗ്നതാ പ്രദർശനവുമായി എത്തിയപ്പോൾ മെൻസ് ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികളെത്തി അയാളെ പിടികൂടുകയായിരുന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ വരുന്നത് കണ്ട് അയാൾ ഇറങ്ങി ഓടിയെങ്കിലും അവർ അയാളെ ഓടിച്ചിട്ട് പിടികൂടി.
സെപ്റ്റംബർ 14 രാത്രിയായിരുന്നു മെഡിക്കൽ കോളേജിലെ ന്യൂ പിജി ലേഡീസ് ഹോസ്റ്റലിന് പുറകിലെത്തിയ ഷിനു നഗ്നതാ പ്രദർശനം നടത്തുകയും പരസ്യമായി സ്വയംഭോഗം നടത്തുകയും ചെയ്യുകയായിരുന്നു. ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ഇത് സംബന്ധിച്ച് ഹൗസ് കീപ്പറെ അറിയിച്ചെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച് എസ്എഫ്ഐ യൂണിറ്റ് പൊലീസിനും പരാതി നൽകിയിരുന്നു.
ഇന്നലെയും ഇയാൾ നഗ്നപ്രദർശനവുമായി എത്തിയപ്പോൾ വിദ്യാർത്ഥിനികൾ സെക്യുരിറ്റി ജീവനക്കാരെ അറിയിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. തുടർന്നാണ് മെൻസ് ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികൾ എത്തി ഇയാളെ പിടികൂടുന്നത്. ഇയാളെ തെളിവ് സഹിതം പൊലീസിന് കൈമാറിയ വിദ്യാർത്ഥികൾ തന്നെ മൊഴി നൽകുകയും ചെയ്തു.
ആദ്യദിവസം തന്നെ പെൺകുട്ടികൾ പരാതിപ്പെട്ടിട്ടും പൊലീസിലറിയിക്കാത്ത പ്രിൻസിപ്പാളിനെതിരെ എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലത്തെ സംഭവത്തിലും പൊലീസിൽ പരാതിപ്പെടാണോ കേസെടുപ്പിക്കാനോ പ്രിൻസിപ്പാളോ വാർഡന്മാരോ ശ്രമിച്ചില്ലെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഒരുപാട് ആവശ്യപ്പെട്ടതിന് ശേഷമാണ് സ്റ്റേഷനിലേയ്ക്ക് ഒന്നു വിളിക്കാനങ്കിലും പ്രിൻസിപ്പാൾ തയ്യാറായതെന്ന് അവർ പറയുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് യാതൊരു വിലയും നൽകാത്ത പ്രിൻസിപ്പാളിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എസ്എഫ്ഐ മെഡിക്കൽ കോളേജ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ