- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലമാരയിൽ സുക്ഷിച്ച സ്വർണ്ണവും പണവും കാണാനില്ല; വീടിനുള്ളിൽ രക്തത്തുള്ളികൾ; കോവളത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
തിരുവനന്തപുരം: കോവളത്ത് വയോധികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.വീടിനുള്ളിൽ രക്ത തുള്ളികൾ കണ്ടെത്തിയതും അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷം രൂപയും എട്ടു പവൻ സ്വർണവും കാണാനില്ലെന്നതുമാണു ദുരൂഹതയുണ്ടാക്കിയത്.65 കാരിയായ വെണ്ണിയൂർ സ്വദേശി ശാന്തയെ ശനിയാഴ്ചയാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾക്കൊപ്പമാണ് ശാന്ത താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ മകളും മകളുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നില്ല. മകൾ ബിന്ദു ആശുപത്രിയിൽ പോയി മടങ്ങിവന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. മൂന്നുമണിയോടെയാണ് മകളെത്തിയത്.അമ്മയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളെയും സമീപവാസികളെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് എൺപതടിയോളം ആഴമുള്ള കിണറിൽ ശാന്ത കിടക്കുന്നത് കണ്ടത്.
സംഭവത്തിൽ വിഴിഞ്ഞം അഗ്നിരക്ഷാസേനാധികൃതരെ വിവരമറിയിച്ചു. വലയുപയോഗിച്ച് വയോധികയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്.തുടർന്ന് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ