- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടി എസ്റ്റേറ്റ് സമരം മൂലം അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു; അനുരഞ്ജനപാതയിലേക്ക് വരാതെ തൊഴിലാളികളും മാനേജമെന്റും; സീനിയർ മാനേജർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി തൊഴിലാളി നേതാക്കൾ; തർക്കത്തിനിടെ മുന്നൂറോളം തൊഴിലാളികളുടെ അതിജീവനം പ്രതിസന്ധിയിൽ
കോഴിക്കോട്: മുന്നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന തിരുവമ്പാടി എസ്റ്റേറ്റ് സമരം മൂലം അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാവുമ്പോൾ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും അനുരഞ്ജനത്തിന്റെ പാതയിലേക്കു വരാൻ തായാറാവാത്തത് ജോലി ചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുന്നു. നൂറ്റിമൂന്നു വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന തിരുവമ്പാടി എസ്റ്റേറ്റിൽ ഓഗസ്റ്റ് അഞ്ചിനാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന എസ്റ്റേറ്റിനെ ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ തൊഴിലാളി യൂണിയനുകൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് എസ്റ്റേറ്റ് സീനിയർ മനേജർ സിബിച്ചൻ ചാക്കോ ആരോപിച്ചു.
കേരളത്തിൽതന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈ എസ്റ്റേറ്റ്. തൊഴിലാളികൾക്ക് അർഹമായ മെഡിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും സ്ഥാപനം നൽകുന്നുണ്ട്. എന്നാൽ ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി യൂണിയനുകൾ എസ്റ്റേറ്റിന്റെ പ്രവർത്തനം തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. ട്രേഡ് യൂണിയനുകളുടെ ജില്ലാ താലൂക്ക് നേതൃത്വങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരേ സമരത്തിലേക്കു പോകരുതെന്ന് ഉപദേശിച്ചിട്ടും എസ്റ്റേറ്റിലെ യൂണിറ്റുകൾ തൊഴിലാളികൾക്കു മേൽ സമരം അടിച്ചേൽപ്പിക്കുകയായിരുന്നു.
ഏത് കടുത്ത ബന്ദിലും കുടിവെള്ളം പോലുള്ളവക്ക് ഇളവ് നൽകാറുണ്ട്. പക്ഷേ പുതിയ സമരത്തിൽ അതിനുപോലും പുറത്തുനിന്നുള്ള ഓപറേറ്റർക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. തോട്ടത്തിലേക്കുള്ള പമ്പിങ് പൂർണമായും നിലച്ച മട്ടാണ്. എസ്റ്റേറ്റിനകത്ത് താമസിക്കുന്ന സ്റ്റാഫുകളുടെ 20 കുടുംബങ്ങളും അൻപതോളം തൊഴിലാളികളും ഇതുമൂലം ദുരിതത്തിലാണ്. തൊഴിലാളികളിൽ ചിലർതന്നെ പമ്പിങ് നടത്തുന്നതിനാലാണ് കുടിവെള്ളം ലഭിക്കുന്നത്. 12 വർഷമായി മാനേജറായി പ്രവർത്തിക്കുന്ന തന്നെ ആ സ്ഥാനത്തുനിന്ന് മാറ്റിയാലെ സമരം അവസാനിപ്പിക്കൂവെന്ന നിലപാട് ഖേദകരമാണ്. നാളിതുവരെ പ്രവർത്തിച്ച മാനേജർ എങ്ങനെയാണ് പെട്ടെന്ന് വെറുക്കപ്പെട്ടവനാവുന്നതെന്നും സിബിച്ചൻ ചോദിക്കുന്നു.
എസ്റ്റേറ്റിന്റെ പ്രധാന ഉൽപാദന വസ്തുവായ ലാറ്റക്സിന് ഡിമാന്റ് വർധിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച ജോലിക്കു വരാൻ ആവശ്യപ്പെട്ടത്. കാലങ്ങളായി ഇവിടെ സ്ഥിരം ജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് ഞായറാഴ്ച അവധിയായിരുന്നു. സ്ഥിരം ജോലിക്കാർ ജോലിക്കു വരില്ലെന്നും കരാർ തൊഴിലാളികളെ ഉപയോഗിച്ച് ഞായറാഴ്ച ദിവസം ജോലി ചെയ്യിക്കുന്നതിൽ വിരോധമില്ലെന്നും യൂണിയൻ നേതാക്കൾ മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചെങ്കിലും പിന്നീട് ഇത് നടപ്പാക്കാൻ കൂട്ടാക്കിയില്ല. ജോലിക്കു വന്നവരെ തടയുകയും പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലിസ് സംരക്ഷണത്തിൽ ഫാക്ടറി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ തൊഴിലാളി നേതാക്കളുടെ പിടവാശിയിൽ അത് നടപ്പാക്കാനായില്ല. ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ രണ്ടു ഷിഫ്റ്റിനു പകരം മൂന്നു ഷിഫ്റ്റായി 24 മണിക്കൂർ ഫാക്ടറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ആ പദ്ധതിയോടും തൊഴിലാളി യൂണിയനുകൾ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും സിബിച്ചൻ കുറ്റപ്പെടുത്തി. തൊഴിലാളികലെ സമരത്തിലേക്കു എത്തിച്ചത് മാനേജറുടെ ധിക്കാരം പരിധിവിട്ടതിനാലെന്ന് തൊഴിലാളി നേതാക്കൾ ഡി എൽ ഒയുടെ നേതൃത്വത്തിൽ മാനേജ്മെന്റും തൊഴിലാളി യൂണിയൻ നേതാക്കളും സംയുക്തമായി തീരൂമാനിച്ച കാര്യങ്ങൾ ലംഘിക്കുന്ന നിലപാടാണ് സീനിയർ മാനേജർ സിബിച്ചൻ ചാക്കോയുടേതെന്ന് സി ഐ ടി യു തിരുവമ്പാടി എസ്റ്റേറ്റ് യൂണിയൻ സെക്രട്ടറി കലയത്ത് റഫീക്ക് ആരോപിച്ചു.
തൊഴിലാളികൾ നിർബന്ധമായും ഞായറാഴ്ച ജോലിക്കു ഹാജരാവണമെന്ന് ഏകപക്ഷീയമായി സർക്കുലർ ഇറക്കുന്നു. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുയുമാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നും റഫീഖ് കുറ്റപ്പെടുത്തി. ഒരുനിലക്കും ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കില്ലെന്ന ഘട്ടം വന്നപ്പോഴാണ് മനസ്സ് മടുത്ത് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരത്തിന് നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറക്കുന്ന നിലപാടാണ് മാനേജ്മെന്റിന്റേതെന്ന് ഐ എൻ എൽ സി യൂണിറ്റ് സെക്രട്ടറി മുക്കം മുഹമ്മദ് ആരോപിച്ചു. തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കാനാണ് സീനിയർ മാനേജർ സിബിച്ചൻ ചാക്കോ ശ്രമിക്കുന്നത് ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ മനേജറുടെ ഏകാധിപത്യപരമായ നിലപാടുകളും നടപടികളുമാണ് തൊഴിലാളികളെ സമരത്തിലേക്കു എത്തിച്ചതെന്ന് ബി എം എസ് യൂണിറ്റ് സെക്രട്ടറി കെ പ്രഹ്ളാദൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കുമ്പോൾ തൊഴിലാളികളുമായും നേതാക്കളുമായും ആലോചിച്ചുവേണം. മാനേജ്മെന്റിന്റെ ഏകാധിപത്യ പ്രവണതകളെ എതിർക്കുന്നവർക്ക് ഷോക്കോസ് നോട്ടീസ് നൽകുകയും പുറത്താക്കാൻ ശ്രമിക്കുകയുമാണ് മാനേജ്മെന്റ്. സി ഐ ടി യു സെക്രട്ടറി കലയത്ത് റഫീഖ് ഉൾപ്പെടെയുള്ള മൂ്ന്നുപേർക്കെതിരേ ടെർമിനേഷൻ നോട്ടീസ് മാനേജ്മെന്റ് നൽകിയിരിക്കയാണ്. മാനേജറുടെ നടപടിയിൽ മനംമടുത്ത് മൂന്നു തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് പോയെന്നും പ്രഹ്ളാദൻ വ്യക്തമാക്കി.